മോദി മാജിക്കില്‍ ത്രിപുര വീണു; അടുത്ത ലക്ഷ്യം കേരളം

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ത്രിപുരയില്‍ വന്‍ മുന്നേറ്റം നടത്തി ബിജെപി. ആകെയുള്ള 59 സീറ്റുകളില്‍ 43 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടത്. കാല്‍ നൂറ്റാണ്ട് നീണ്ടു നിന്ന ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു ത്രിപുരയിലേത്. ഇവിടെ സിപിഎമ്മിനെ തകര്‍ത്തടിച്ചാണ് ബിജെപി അധികാരത്തിലേറാന്‍ പോകുന്നത്. 2013 തെരഞ്ഞടുപ്പില്‍ വെറും ഒന്നര ശതമാനം വോട്ടു വിഹിതത്തില്‍ നിന്നാണ് ഈ ചരിത്ര നേട്ടം ബിജെപി സ്വന്തമാക്കിയത്. ത്രിപുരയില്‍ ആദ്യമായാണ് ബിജെപി അക്കൗണ്ട് തുറക്കുന്നത്.

ആദ്യ ഘട്ട ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ തന്നെ ബിജെപി വ്യക്തമായ ലീഡ് നേടിയെടുത്തു. ത്രിപുരയില്‍ അധികാരം ബിജെപി പിടിച്ചെടുക്കും എന്നാണ് ഭൂരിഭാഗം എക്‌സിറ്റ്‌പോളുകളും പ്രവചിച്ചത്.

നിലവില്‍ രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 19ഉം ബിജെപിയോ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയോയാണ് ഭരിക്കുന്നത്. ഇതില്‍ 15 സംസ്ഥാനങ്ങളില്‍ ബിജെപി ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് ഭരണത്തിലിരിക്കുന്നത്. അരുണാചല്‍ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമുള്ളത്. നാല് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യഭരണമാണുള്ളത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മുകശ്മീര്‍, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം നിലനില്‍ക്കുന്നത്.

മോദി അധികാരത്തിലെത്തുമ്പോള്‍ ഗുജറാത്തും ജാര്‍ഖണ്ഡും മധ്യപ്രദേശും രാജസ്ഥാനും ഉത്തരാഖണ്ഡും ചത്തീസ് ഗഡും ഗോവയും മാത്രമാണ് ബിജെപി പക്ഷത്തുണ്ടായിരുന്നത്. അതിന് ശേഷമാണ് അരുണാചലിലും അസമിലും യുപിയിലും ഹിമാചലിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം പിടിച്ചത്. ഇത് മോദി പ്രഭാവത്തിന്റെ സൂചനയായിരുന്നു. ഇതില്‍ മഹാരാഷ്ട്രയില്‍ ശിവസേനയില്‍ നിന്ന് അകന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നിട്ടും മഹാരാഷ്ട്ര ജയിക്കാനായി. യുപി പിടിച്ചതും അവിസ്മരണീയമായിരുന്നു. മൂന്നൂറിലധികം സീറ്റുകളിലാണ് ബിജെപി അവിടെ വിജയിച്ചത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ക്ക് അപ്പുറത്തേക്ക് പോയ വിജയം.

വര്‍ഷങ്ങളായി ചത്തീസ്ഗഡിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലുണ്ടായിരുന്നെങ്കിലും ഗോവയിലും രാജസ്ഥാനിലും അധികാരം പിടിച്ചെടുത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തരംഗത്തിന് തുടക്കമിട്ടത്.

Show More

Related Articles

Close
Close