മോദിയും മാണിയും

modi & Mani

ചിലര്‍ വരുമ്പോള്‍ ചരിത്രം തന്നെ മാറ്റിക്കുറിക്കപ്പെടും”  ശ്രീ. കെ കുഞ്ഞിക്കണ്ണന്‍ ആഗസ്റ്റ്‌ ഒന്‍പതിന്റെ ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തിന്റെ അവസാന വരികളാണിത് !

സങ്കല്പം
ശ്രീ. ജോസ് കെ മാണി മോദി സര്‍ക്കാരില്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിയാകുന്നു ! വരുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി പിന്തുണയോടെ കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യന്‍ ശ്രീ കെ എം മാണി കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നു. സംശയം വേണ്ട ചരിത്രം മാറ്റിക്കുറിക്കുകതന്നെ ചെയ്യും. ചില സ്വപ്‌നങ്ങള്‍ ഒരിക്കലും യാഥാര്‍ഥ്യമാകില്ല എന്ന് തോന്നും, അത് യാഥാര്‍ഥ്യമാകുന്നതുവരെ!

മോദി എന്ന പ്രധാനമന്ത്രി !
കുറച്ചുമാസങ്ങള്‍ മുന്‍പുവരെ ഇതൊരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന് പലരും വിശ്വസിച്ചിരുന്ന സ്വപ്നമായിരുന്നില്ലേ? ഒടുവില്‍ ഭാരതത്തിന്റെ ഭാഗധേയം തന്നെ മോദിയുടെ നിശ്ചയദാര്‍ഡ്യത്തിനു മുന്‍പില്‍ നിര്‍ണ്ണയിക്കപ്പെടുന്നത് നാം കാണുന്നു. ശ്രീ മോഡിക്കും നമ്മുടെ മാണിസാറിനും സാമ്യങ്ങള്‍ ഒരുപാടുണ്ട്. രണ്ടുപേരും മിത ഭാഷികളാണ് എന്നതാണ് അതില്‍ ആദ്യം. എന്നാല്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഇവര്‍ക്ക് ഉഗ്രരൂപികളായി മാറുന്ന, ഏവരെയും അദ്ഭുതപ്പെടുത്തുന്ന  പരകായ പ്രവേശം. ജനങ്ങളോട് നേരിട്ട് സംവേദിക്കുന്ന പ്രസംഗകല ഇവര്‍ക്ക് സ്വന്തം. പ്രസംഗത്തിനിടയില്‍ ഉപയോഗിക്കുന്ന ചില ചെറിയ പ്രയോഗങ്ങള്‍ ശ്രോതാക്കളുടെ മനസ്സില്‍ ആഴത്തില്‍ പതിയുന്ന ചിന്തകളായി മാറുന്ന അതിശയം. കഠിനാധ്വാനം അടിസ്ഥാന മന്ത്രമാണ് ഇവര്‍ക്ക്. മോദി ഗുജറാത്തിനു മാത്രമായിരുന്നു ഇക്കാലമത്രയുമെങ്കില്‍ കേരളത്തിന് സ്വന്തം എന്ന് പറയാവുന്നവരില്‍ മുമ്പനല്ലേ ഈ പാലാക്കാരന്‍. അധ്വാന വര്‍ഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയാണ് മോഡിയെ ഭാരതത്തിന്റെ പ്രധാനമന്ത്രിയാക്കിയതെങ്കില്‍ “അധ്വാന വര്‍ഗ സിദ്ധാന്തം” ലോകത്തിനു മുന്‍പില്‍തന്നെ അവതരിപ്പിച്ചയാളല്ലേ ശ്രീ. കെ എം മാണി.

വരുന്ന 5 വര്‍ഷം
കേരളത്തിനൊരു കേന്ദ്രമന്ത്രി വേണ്ടന്നാണോ ? കേരളത്തിന്റെ ശബ്ദം ഇടയ്ക്കിടെ നടത്തുന്ന ദില്ലി യാത്രകളിലൂടെ നമ്മുടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കേന്ദ്രത്തിനെ ധരിപ്പിച്ച് മടങ്ങിപ്പോന്നാല്‍ മതിയോ? മറിച്ച്, മോദി സര്‍ക്കാരില്‍ നമ്മുടെ പ്രതിനിധിയായി കേരളത്തിന്റെ യുവ നേതാവും പരിചയസമ്പന്നനുമായ ശ്രീ.ജോസ് കെ മാണി മന്ത്രിയാണെങ്കിലോ? കേരളം തല്‍കാലം UDF ഭരിക്കട്ടെ. സംസ്ഥാനത്തിന്റെ വിശാല താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി നമുക്കൊരു കേന്ദ്രമന്ത്രിയുണ്ടെങ്കില്‍ അതിലെന്താ തെറ്റ്? NCP ഇവിടെ ഇടതും അവിടെ വലതുമല്ലേ? അതില്‍ ആരും തെറ്റ് കാണുന്നില്ലല്ലോ?

ബി.ജെ.പി മതേതരമല്ലല്ലോ?
കേരളത്തിലെ രണ്ടു മുന്നണിയും മതേതരമാണോ എന്ന് പരിശോധിക്കണമെന്ന് കേരളത്തിലെ ബി.ജെ.പി ക്കാര്‍ കാലാകാലങ്ങളായി പരിഭവപ്പെടുന്നു. മുസ്ലീം ലീഗിനെ ഉള്‍പ്പെടുത്തി UDF നിലകൊള്ളുന്നതും ഇന്ത്യന്‍ നാഷണല്‍ ലീഗുമായുള്ള സഖ്യചരിത്രം LDFനും ഉള്ളതാണ് ഇതിനടിസ്ഥാനമായുള്ളത്. ശ്രീ.കെ എം മാണിക്കുള്ള മതേതര പ്രതിഛായ ലീഗ് കൂടെയുള്ളതുകൊണ്ട് നഷ്ടമാകുന്നില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തില്‍ ബി.ജെ പി യുമായി സംസ്ഥാന താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ സഖ്യമുണ്ടായാല്‍ കളങ്കപ്പെടുന്നതല്ല ശ്രീ. മാണിയുടെ മതേതര കാഴ്ചപ്പാടുകള്‍. കാലങ്ങളായി മഞ്ചേശ്വരത്തും , ഈ അടുത്ത കാലത്ത് നെയ്യാറ്റിന്‍കരയിലും തിരുവനന്തപുരത്തും ബി.ജെ.പി യെ പരാജയപ്പെടുത്തുക എന്ന അജണ്ടയുമായി ഇടതു വലതു മുന്നണികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബി.ജെ.പി വിരുദ്ധത മാത്രമാവുകയാണോ കേരളത്തിലെ ഇരു മുന്നണികളുടെയും നിലനില്‍പ്പിനുള്ള ഏക മാര്‍ഗം? ഇതിനുപരിയായി നയങ്ങളുടെയും പദ്ധതികളുടെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒരിക്കലും വേണ്ടന്നാണോ? അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ജയിക്കാത്ത പക്ഷം ശ്രീ പിണറായി വിജയന്‍ സംസ്ഥാന മുഖ്യമന്ത്രിയാവട്ടെ എന്നാണോ ശ്രീ. മാണിയും താത്പര്യപ്പെടുന്നത്. ആ മന്ത്രിസഭയില്‍ പതിവ് ധനമന്ത്രി സ്ഥാനം കിട്ടിയാല്‍ തൃപ്തിയായി എന്നാണോ?

വികസനമന്ത്രം, കര്‍ഷകരക്ഷ…
ശ്രീ. മോദിയും ശ്രീ.കെ എം മാണിയും ഒന്നിച്ചിരുന്ന് ചിന്തിച്ചാല്‍ കേരള വികസനത്തിന് ഉപകരിക്കുന്ന സമഗ്രമായ നയവും പദ്ധതികളും അവതരിപ്പിക്കാന്‍ കഴിയില്ലേ? കര്‍ഷകര്‍ക്ക് വേണ്ടിയും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വേണ്ടിയും ഇത്രയേറെ ശബ്ദമുയര്‍ത്തിയ മറ്റൊരാള്‍ മലയാള മണ്ണിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തെക്കുറിച്ചുള്ള തന്റെ വികസന സങ്കല്പങ്ങള്‍ ശ്രീ മോദിയുടെ ചിന്താധാരക്ക് സമാനമെങ്കില്‍ സങ്കുചിത ചിന്തകള്‍ വിശാല വികസന താല്പര്യങ്ങള്‍ക്ക് വഴിമാറുകയല്ലേ  വേണ്ടത്? ശ്രീ മാണിയുടെ പരിചയ സമ്പന്നതയല്ലേ കേരളത്തില്‍ UDF ന് എന്നും കൈമുതലായിട്ടുള്ളത്. ഇത് കുറച്ചുകൂടി വിശാലമായി രാഷ്ട്രത്തിനു തന്നെ ഉപകരിക്കപ്പെടെണ്ടതല്ലേ? തന്നെക്കാളും ഭരണ കാര്യങ്ങളില്‍ വളരെ ചെറുപ്പമായ മോഡിക്ക് വിലപ്പെട്ട ഉപദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നതുവഴി അത് രാഷ്ട്രത്തിന് കൂടുതല്‍ പ്രയോജനങ്ങളല്ലേ പ്രദാനം ചെയ്യുക. UPA II മന്ത്രിസഭയില്‍ കേരളത്തെ പ്രതിനിധീകരിച്ച് 8പേര്‍ ഉണ്ടായിരുന്നപ്പോഴും എന്തുകൊണ്ട് ശ്രീ.ജോസ് കെ മാണിക്ക് അവസരമുണ്ടായില്ല എന്നതും ചിന്തിക്കേണ്ടതല്ലേ?

ട്രാക്ക് റിക്കാര്‍ഡ്
1967മുതല്‍ ഇന്നേവരെ ഒരേ മണ്ഡലത്തിന്റെ അനിഷേധ്യമായ പ്രാധിനിധ്യം, ബജറ്റ് അവതരണത്തിലെ റിക്കാര്‍ഡ്, തുടങ്ങി എത്രയോ കാര്യങ്ങള്‍. ഇതിനെല്ലാമുപരി കറപുരളാത്ത , കളങ്കമില്ലാത്ത വ്യക്തിത്വം. തന്റെ നിയമസഭാ സാമാജികത്വത്തിന്റെ സുവര്‍ണ്ണ ജൂബിലിയില്‍ മാണിസാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെങ്കിലോ? ശ്രീ മാണിയെ മുഖ്യമന്ത്രിയാക്കുവാന്‍ കോണ്‍ഗ്രസ് നേത്രത്വം നല്‍കുന്ന UDF ഒരുകാലത്തും തയ്യാറാവില്ല എന്നുറപ്പാണ്. LDF ല്‍ ചേക്കേറിയാലും ഭിന്നമല്ല കാര്യം. ഇടത് അല്ലെങ്കില്‍ വലത് എന്നത് മാത്രമാണോ കേരളത്തിനു മുന്നിലുള്ള വഴി?

ചരിത്രം മാറ്റിമറിക്കുന്നവര്‍ വ്യത്യസ്തമായ വഴികളിലൂടെ നടന്നവരല്ലേ ? ഇന്നലെ ചെയ്തതു തന്നെ ഇന്നും തുടരുന്ന പക്ഷം നമ്മുടെ നാളെയും എങ്ങനെ ഇന്നലെകളില്‍ നിന്ന് വ്യത്യസ്തമാകും ? കേരളത്തിന് എന്നും ഇങ്ങനെയൊക്കെ മതിയോ എന്ന് ചോദിക്കേണ്ട സമയമായില്ലേ? ഒരു രാജ്യം തന്നെ വഴിമാറി ചിന്തിച്ചപ്പോള്‍ കേരളവും അങ്ങനെ വേണ്ടേ ? പഴിപറച്ചിലുകള്‍ മാറ്റിവെച്ച് പ്രസന്നമായ ഒരു ഭാവി ഈ ജനത്തിനും വേണ്ടേ? ഇറാനും ലിബിയയും ദുരന്തഭൂമിയാകുമ്പോള്‍, ഗള്‍ഫ് രാജ്യങ്ങള്‍ സുരക്ഷിതമാല്ലാതാകുമ്പോള്‍, ITയുടെ ആഗോളപ്രഭ മങ്ങുമ്പോള്‍, മലയാളി ഇനി അവസരങ്ങളുടെ അഭയാര്‍ഥിയായി എങ്ങോട്ട് പോകുമെന്ന് ചിന്തിക്കാന്‍ കാലമായില്ലേ? കേരളത്തിനു തൊഴിലവസരങ്ങള്‍ വേണ്ടേ? നമ്മുടെ കാര്‍ഷിക വിളകള്‍ക്കും നാണ്യവിളകള്‍ക്കും വിളവും വിലയും വേണ്ടേ? നമ്മുടെ തുറമുഖങ്ങള്‍ വികസനത്തിന്റെ വാതായനങ്ങളായി വീണ്ടും മാറുന്ന സ്വപ്നങ്ങളില്ലെ? ഇതെല്ലാം അവതരിപ്പിച്ചു നേടിയെടുക്കാന്‍ കേരളത്തിനൊരു കേന്ദ്രമന്ത്രിയുണ്ടാവണ്ടേ? ഇവയൊക്കെ നടപ്പില്‍ വരുത്തുന്നതിന് നേതൃത്വം നല്‍കാന്‍ കഴിയുന്ന അര്‍പ്പണബോധവും കഠിനാധ്വാനവും കൈമുതലുള്ള ഒരു മുഖ്യമന്ത്രിയുണ്ടാവണ്ടേ? അതോ ഇന്നലകളിലെപ്പോലെ മുന്നണികളെന്ന ബന്ധനത്തില്‍ സ്വയം ശപിച്ചും, പരസ്പരം പഴിച്ചും കാലം കഴിക്കാനാണോ മലയാളിയുടെ വിധി?

വി.രമേശ്‌ കുമാര്‍
(പ്രശസ്ത ധനകാര്യ-മാനേജ്മെന്റ് വിദഗ്ദനും എഴുത്തുകാരനുമാണ് ലേഖകന്‍)
ഈ പംക്തിയേയും ലേഖനത്തേയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലേഖകനുമായി പങ്കുവെക്കാം

rameshkv74@gmail.com

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close