ഇന്ത്യന്‍ ഫുട്‌ബോള്‍ നായകനു ലാലേട്ടന്റെ പിറന്നാളാശംസ, കിടിലന്‍ മറുപടിയുമായി ഛേത്രി

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാന താരമാണ് സുനില്‍ ഛേത്രി. മെസിയേയും റൊണാള്‍ഡോയേയും ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ക്കും അതിലുപരി മലയാളികള്‍ക്കും ഇന്ത്യയില്‍ നിന്ന് ലഭിച്ച ഒരു ഹീറോയാണ് ഛേത്രി. ഫുട്‌ബോളില്‍ ഇന്ത്യയുടെ ഇപ്പോഴത്തെ കുതിപ്പിനു പ്രധാന കാരണം നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഛേത്രിയുടെ സംഭാവനകള്‍ തന്നെയാണ്. ഇന്നു മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിനു ആശംസകള്‍ നേരുന്ന ഇന്ത്യയിലെ കായിക പ്രേമികള്‍ക്കൊപ്പം പിറന്നാള്‍ ആശംസ നേര്‍ന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും രംഗത്തെത്തി.

ട്വിറ്ററിലാണ് മോഹന്‍ലാല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാന സ്തംഭമായ സുനില്‍ ഛേത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘ഹാപ്പി ബര്‍ത്ത്‌ഡേ സുനില്‍ ഛേത്രി’ എന്നാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മോഹന്‍ലാല്‍ ഇന്നു രാവിലെ ട്വീറ്റ് ചെയ്തത്. എന്നാല്‍ മോഹന്‍ലാലിന്റെ ട്വീറ്റിനെക്കാള്‍ ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് അതിനു ഛേത്രി നല്‍കിയ മറുപടിയാണ്. ‘താങ്ക് യു ലാലേട്ടാ’ എന്നായിരുന്നു മോഹന്‍ലാലിനു ഛേത്രിയുടെ മറുപടി.

മലയാള സിനിമയിലെ അതികായനായ മോഹന്‍ലാലിനെ ഏഷ്യ മുഴുവന്‍ അറിയപ്പെടുന്ന താരമായ സുനില്‍ ഛേത്രി ലാലേട്ടാ എന്നു വിളിച്ചത് മോഹന്‍ലാല്‍ ആരാധകര്‍ക്കും കേരളത്തിനും രസകരമായ സംഭവമായി. എന്തായാലും മോഹന്‍ലാലിന്റെ ട്വീറ്റും ഛേത്രിയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Show More

Related Articles

Close
Close