അവന്‍ വരും . . .ബി.ജെ.പി കാത്തിരിക്കുന്നത് ലാലിനായി !

കണ്ണൂര്‍ : ബി.ജെ.പി അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പ്രതികരണം കൂടി വന്നതോടെ രാഷ്ട്രിയ കേന്ദ്രങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ച തുടങ്ങി കഴിഞ്ഞു.’ അവന്‍ വരും, അവന്‍ ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നു’ എന്ന ശ്രീധരന്‍ പിള്ളയുടെ പ്രതികരണം മോഹന്‍ലാലിനെ ലക്ഷ്യമിട്ടാണെന്നാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്നും ചുമതലയുള്ള പല രാഷ്ട്രീയ പ്രവര്‍ത്തകരും ബി.ജെ.പിയിലേക്ക് വരുമെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള തുടര്‍ന്നാണ് ശ്രദ്ധേയമായ പ്രതികരണം നടത്തിയത്.

ശക്തനായ അവന്‍ മോഹന്‍ലാല്‍ അല്ലാതെ മറ്റാരും അല്ലന്നും, രാഷ്ട്രീയ പാര്‍ട്ടികളില്‍ അങ്ങനെ ഒറ്റയാനായ കരുത്തന്‍ വി.എസ് അല്ലാതെ മറ്റാരും ഇല്ലാത്തതിനാല്‍ പിള്ള ഉദ്യേശിച്ചത് ലാലിനെ തന്നെയാണെന്നുമാണ് വിലയിരുത്തല്‍. നേരത്തെ ലാല്‍ വന്നാല്‍ സന്തോഷമെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. മോഹന്‍ലാല്‍ നിലപാട് പ്രഖ്യാപിക്കുന്നതിനു മുന്‍പ് കാര്യങ്ങള്‍ പരസ്യമാക്കാതിരിക്കാനാണ് രാഷ്ട്രിയ നേതാക്കളെ മുന്‍ നിര്‍ത്തി ഇത്തരമൊരു പ്രതികരണം ബി.ജെ.പി അദ്ധ്യക്ഷന്‍ നടത്തിയതത്രെ.

അതേ സമയം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് താന്‍ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാതെ മോഹന്‍ ലാല്‍ ഒഴിഞ്ഞുമാറി. താന്‍ രാഷ്ട്രീയത്തിലേക്കില്ലന്ന് തുറന്നു പറയാന്‍ അവസരമുണ്ടായിട്ടും ലാല്‍ പ്രതികരിച്ചില്ല. കന്യാസ്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി ഖേദം പ്രകടിപ്പിച്ച ലാല്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ പ്രവേശന വാര്‍ത്തകളില്‍ പ്രതികരിക്കാതിരിക്കുന്നതില്‍ നിന്നും തന്നെ കാര്യങ്ങള്‍ ഇപ്പോള്‍ ഏകദേശം ‘വ്യക്തമായി’രിക്കുകയാണ്.

ഇന്ധന വിലവര്‍ധനക്കെതിരെ ബിജെപി സമരം ചെയ്യാത്തതിനെക്കുറിച്ച് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം പേരിനുള്ള സമരങ്ങളോടു ബിജെപിക്കു താല്‍പര്യമില്ലെന്നായിരുന്നു. വിലനിര്‍ണയാധികാരം എണ്ണക്കമ്പനികളെ ഏല്‍പിച്ചതു യുപിഎ സര്‍ക്കാരാണെന്നും നികുതി കുറയ്ക്കേണ്ടതു സംസ്ഥാന സര്‍ക്കാരുകളാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

എന്നാല്‍ എണ്ണവില കുറയ്ക്കാനുള്ള നടപടി വൈകാതെയുണ്ടാകുമെന്നു ദേശീയ പ്രസിഡന്റ് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

എണ്ണക്കമ്പനികളല്ല, ജനങ്ങളെ കൊള്ളയടിക്കുന്നതു കേരള സര്‍ക്കാര്‍ മാത്രമാണ്. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളം നികുതി കുറയ്ക്കാന്‍ തയാറാകണമെന്നും പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.

കേന്ദ്രം വിചാരിച്ചാല്‍ എണ്ണ വില പകുതിയാക്കാമെന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവനയില്‍ കഴമ്പില്ല. ഇപിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. രണ്ടും ചോര്‍ന്നുപോകും. മുഖ്യമന്ത്രി ചികില്‍സയ്ക്കു പോയതിനെത്തുടര്‍ന്നു കേരളത്തിലെ ഭരണം പ്രതിസന്ധിയിലാണ്. മൂന്നാഴ്ചയായി മന്ത്രിസഭായോഗം പോലും ചേരാതെ കേരളം ഉദ്യോഗസ്ഥഭരണത്തിലാണ്. മന്ത്രിസഭയില്‍ അധ്യക്ഷം വഹിക്കാനുള്ള അനുമതി മാത്രമാണ് മന്ത്രി ഇ.പി.ജയരാജന് നല്‍കിയത്. അതില്‍കൂടുതല്‍ നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് കൈവിറച്ചു. സഖാക്കളെ വിശ്വാസമില്ലാത്ത മുഖ്യമന്ത്രി ഭരണം ചീഫ് സെക്രട്ടറിയുടെ കീഴിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. ബിഷപ് ഫ്രാങ്കോ മൂളയ്ക്കലിനെ അറസ്റ്റു ചെയ്യാതിരിക്കാനുള്ള വാദഗതി നിരത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പുകയാണു വേണ്ടതെന്നും ശ്രീധരന്‍പിള്ള തുറന്നടിച്ചു.

Show More

Related Articles

Close
Close