ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ക്ഷമയുള്ള കേള്‍വിക്കാരനാണ് അദ്ദേഹം: നരേന്ദ്ര മോദിയെ പുകഴ്ത്തി മോഹന്‍ലാലിന്റെ ബ്ലോഗ്‌!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ വിവരിച്ച് നടന്‍ മോഹന്‍ലാല്‍. ദ് കംപ്ലീറ്റ്്ആക്ടര്‍ എന്ന തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ കൂടിക്കാഴ്ച്ചയെക്കുറിച്ചും നരേന്ദ്ര മോദിയെക്കുറിച്ചും വിശദമായി എഴുതിയിരിക്കുന്നത്. തങ്ങളുടെ കൂടിക്കാഴ്ച്ചയില്‍ ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിച്ചില്ലെന്നും വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രളയാനന്തര കേരളത്തെക്കുറിച്ചുമൊക്കെയാണ് സംസാരിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നാല് കാര്യങ്ങളാണ് നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിശ്വശാന്തി ട്രസ്റ്റ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ട്രസ്റ്റിന്റെ പേരില്‍ തുടങ്ങാന്‍ താല്‍പര്യപ്പെടുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിനെക്കുറിച്ച്, കേരള പുനര്‍നിര്‍മ്മാണം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പദ്ധതിയിടുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, ഭാവി പദ്ധതിയായ യോഗ റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയാണ് ചര്‍ച്ച ചെയ്തത്. പ്രളയാനന്തര കേരളത്തില്‍ ട്രസ്റ്റിന്റെ പേരില്‍ ചെയ്ത ദുരിദാശ്വാസ പ്രവര്‍ത്തനങ്ങളും മോദിയോട് വിശദീകരിച്ചതായി മോഹന്‍ലാല്‍ പറഞ്ഞു.

മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം പ്രചരിച്ച രാഷ്ട്രീയ പ്രവേശന ഊഹാപോഹങ്ങളോട് താന്‍ മനപ്പൂര്‍വം പ്രതികരിക്കാതെ ഇരുന്നതാണെന്നും താന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ള ഏറ്റവും ക്ഷമയുള്ള കേള്‍വിക്കാരനാണ് മോദിയെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു. എപ്പോള്‍ വേണമെങ്കിലും മോദിയെ വന്ന് കാണാമെന്നും എന്ത് സഹായത്തിനും താനുണ്ടാകുമെന്നും മോദി വാഗ്ദാനം ചെയ്തതായും മോഹന്‍ലാല്‍ പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്റെ പദ്ധതി പ്രഖ്യാപന ചടങ്ങില്‍ നാട്ടിലുണ്ടെങ്കില്‍ വന്ന് പങ്കെടുക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായി മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കാര്യത്തിലും അവകാശവാദം ഉന്നയിക്കാതെ കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു പൗരന്റെ ഭാവമായിരുന്നു മോദിക്കെന്നും കേരളത്തെക്കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും ്‌ദ്ദേഹം മനസ്സിലാക്കി വെച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ നിരീക്ഷിച്ചു.

മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങളും ചിത്രവും മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായത്. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചേക്കും എന്നായിരുന്നു വാര്‍ത്തകള്‍.
ബിജെപി സ്ഥാനാര്‍ത്ഥികളാക്കാന്‍ പരിഗണിക്കുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ തിരുവനന്തപുരത്ത് നിന്ന് മോഹന്‍ലാലുമുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു ദേശീയ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘മുമ്പും പല വാര്‍ത്തകളും വന്നിട്ടുണ്ടെന്നും താനിപ്പോള്‍ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്’ എന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് മോഹന്‍ലാല്‍ പ്രതികരിച്ചത്.

Show More

Related Articles

Close
Close