കുട്ടികളില്‍ ആത്മഹത്യ പ്രവണതയുണ്ടാക്കുന്ന വീണ്ടുമൊരു ഗെയിം; ലോകമെമ്പാടും വ്യാപകമാകുന്ന’മോമോ’ പ്രചരിക്കുന്നത് വാട്ട്‌സ്ആപ്പിലൂടെ

ലോകത്താകെ ഭീതിപടര്‍ത്തി വീണ്ടുമൊരു ആളെക്കൊല്ലി ഗെയിം. ‘മോമോ ചലഞ്ച്’ എന്ന ഗെയിമാണ് പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ആളെക്കൊല്ലി ഗെയിം ടാര്‍ഗറ്റ് ചെയ്യുന്നത് കുട്ടികളെയും കൗമാരക്കാരെയുമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ ഓണ്‍ലൈന്‍ ഗെയിം സൈബര്‍ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും കറുത്ത തലമുടിയും വിളറിയ നിറവുമുള്ള പേടിപ്പെടുത്തുന്ന രൂപമാണ് മോമോയുടേത്. ജപ്പാനീസ് ആര്‍ട്ടിസ്റ്റായ മിഡോരി ഹയാശിയുടെ പ്രശസ്തമായ ചിത്രത്തിന്റെ മുഖമാണ് മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്.

മോമോ ചലഞ്ച് പ്രത്യക്ഷപ്പെടുന്നത് വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, യുട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ്. മോമോ ചലഞ്ച് കുട്ടികളില്‍ ആത്മഹത്യ പ്രേരണ ഉണ്ടാക്കുന്നു. അടുത്തിടെ ബ്രസീലില്‍ 12 വയസ്സുള്ള പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനു പിന്നില്‍ മോമോ ചലഞ്ചാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൗമാരക്കാരിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴും ഇത് ഏതാണ്ട് ഉറപ്പാക്കുന്ന തെളിവുകള്‍ കിട്ടിയിരുന്നു. പൊലീസ് സത്യാവസ്ഥ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

വാട്ട്‌സ്ആപ്പ് വഴിയാണ് ഗെയിം കൂടുതലായും പ്രചരിക്കുന്നത്. സ്ലെന്‍ഡര്‍മാന്‍, ബ്ലൂവെയില്‍ തുടങ്ങിയ മരണക്കളി ഗെയിമുമായി മോമോ ചലഞ്ചിന് സാമ്യമുണ്ട്. ഇത് കുട്ടികളില്‍ ആത്മഹത്യ, കൊലപാതക പ്രവണതകള്‍ ജനിപ്പിക്കുന്നു. വാട്‌സ്ആപ്പിലൂടെ അജ്ഞാതനെ പരിചയപ്പെടുക എന്നതാണ് ഗെയിമിന്റെ ആദ്യപടി. വാട്ട്‌സ്ആപ്പില്‍ പിന്നീട് ഒരു അജ്ഞാത നമ്പര്‍ പ്രത്യക്ഷപ്പെടും. അജ്ഞാതനെ പരിചയപ്പെടാന്‍ ആവശ്യപ്പെടുന്ന മെസേജില്‍ നിന്നാണ് തുടക്കം. മോമോ എന്ന പേരായിരിക്കും വാട്ട്‌സ്ആപ്പ് സ്‌ക്രീനില്‍ ഉണ്ടാകുക. തുടര്‍ന്ന് ഈ കോണ്ടാക്ടില്‍ നിന്നും പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. ഇങ്ങനെ ബന്ധപ്പെടുന്നതിലൂടെ ഗെയിം സ്റ്റാര്‍ട്ട് ചെയ്യുന്നു.

ഗെയിം സ്റ്റാര്‍ട്ട് ചെയ്താല്‍ പേടിപ്പെടുത്തുന്ന ചിത്രങ്ങളും മെസ്സേജുകളും മോമോ തിരിച്ചയക്കും. മോമോ പറയുന്ന എല്ലാ ചലഞ്ചുകളും ഉപയോക്താക്കള്‍ വിജയകരമായി പൂര്‍ത്തീകരിക്കണം. മോമോ ആവശ്യപ്പെടുന്ന പ്രകാരം വീഡിയോകളും ചിത്രങ്ങളും മത്സരാര്‍ത്ഥികളും തിരിച്ചയക്കണം. പേടിപ്പെടുത്തുന്ന ചലഞ്ചുകള്‍ നല്‍കി കുട്ടികളില്‍ എന്തും ചെയ്യാനുള്ള മാനസിക സ്ഥിതി ഉണ്ടാക്കും. ഗെയിമിന്റെ വലയില്‍ വീണു കഴിഞ്ഞാല്‍ മരണം ഉറപ്പാണ്. സ്‌പെയിന്‍ അര്‍ജന്റീന മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ മോമോയ്‌ക്കെതിരേ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

Show More

Related Articles

Close
Close