പൊലീസിന്റെ കണ്ണില്‍ പൊടിയിടാന്‍ നോക്കിയാല്‍ പിടി വീഴും; നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാട്ടിയ ഇരുപത്തഞ്ചോളം വാഹനങ്ങള്‍ പിടിച്ചെടുത്തു

നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാട്ടിയ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ശരിയായി ഉറപ്പിക്കാതെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ഓടിയ ഇരുപത്തഞ്ചോളം വാഹനങ്ങളാണ് സ്ക്വാഡ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. ഇവരില്‍ നിന്നു പിഴ ഈടാക്കുമെന്നും നമ്പര്‍ പ്ലേറ്റ് ഉറപ്പോടെ ഘടിപ്പിച്ചു ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു
.കഴിഞ്ഞ ദിവസങ്ങളിലെ അതിശക്തമായ മഴയില്‍ റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ സഞ്ചരിച്ച പല വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റുകള്‍ അടര്‍ന്നു വീണിരുന്നു. ബലമില്ലാതെ തൊട്ടാല്‍ താഴെ വീഴുന്ന വിധത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നതാണ് ഇതു അടര്‍ന്നു പോകാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്.
വലിയ അപകടങ്ങള്‍ ഉണ്ടായാല്‍ പോലും വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍ യഥാസ്ഥാനത്ത് ഉണ്ടാകും വിധം ഉറപ്പോടെ ഘടിപ്പിക്കണമെന്നാണു ചട്ടം. എന്നാല്‍ നിയമങ്ങളൊന്നും പാലിക്കാതെ പൊലീസുകാരുടെ കണ്ണ്വെട്ടിക്കാന് താല്‍ക്കാലിക രീതിയില്‍ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന ഒട്ടേറെ വാഹനങ്ങളുണ്ട്. ഈ വാഹനങ്ങളിലൊക്കെ നമ്പര്‍ പ്ലേറ്റുകള്‍ പ്രത്യേക തരം സ്റ്റിക്കര്‍ ഉപയോഗിച്ചും റബര്‍ വാഷര്‍ ഉപയോഗിച്ചുമൊക്കെയാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇത്തരം വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകളാണു വെള്ളം വീഴുമ്പോഴും വാഹനം ഗട്ടറില്‍ വീഴുമ്പോഴുമൊക്കെ വീണു പോകുന്നത്.
അടര്‍ന്നു വീഴാവുന്ന വിധത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ കുറ്റവാളികള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഇതുകൂടി മുന്‍നിര്‍ത്തിയാണു പരിശോധനയെന്നും അധികൃതര്‍ പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ ഹെവി വാഹനങ്ങളില്‍ വരെ ഉറപ്പില്ലാത്ത നമ്പര്‍ പ്ലേറ്റുകളുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, നമ്പര്‍ പ്ലേറ്റില്‍ കലാവിരുത് കാണിക്കുന്നവരെ പിടിക്കാനും തീരുമാനമുണ്ട്. നിയമത്തില്‍ അനുശാസിച്ചിട്ടുള്ളതില് നിന്ന് വ്യത്യസ്ഥമായി നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങള്‍ ഒടിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും വലിപ്പവ്യത്യാസം വരുത്തിയും ഉപയോഗിക്കുന്നവര്‍ക്കും പിടി വീഴും.