രാഹുല്‍ ഗാന്ധിയെ ശിവഭക്തനാക്കി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബാനറുകള്‍; വോട്ട് പിടിക്കാനുള്ള നാടകമെന്ന് ബിജെപി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ശിവ ഭക്തന്‍ എന്ന് വിശേഷിപ്പിച്ച് പാര്‍ട്ടിയുടെ പോസ്റ്ററുകള്‍. മധ്യപ്രദേശിലെ പാര്‍ട്ടി ബാനറുകളിലാണ് രാഹുല്‍ ഗാന്ധിയെ ശിവഭക്തനാക്കി ചിത്രീകരിച്ചത്. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനു സമീപം ത്രിശൂലത്തിനൊപ്പമാണ് ‘ശിവ് ഭക്ത്’ എന്ന് എഴുതിയിരിക്കുന്നത്. രാഹുലിന്റെ ഭോപ്പാല്‍ സന്ദര്‍ശനത്തിനു മുന്നോടിയായാണു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ അക്കമിട്ട് നിരത്തി കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണു രാഹുല്‍ മധ്യപ്രദേശില്‍ എത്തുന്നത്.

കോണ്‍ഗ്രസ് പൊതുതിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടവയാണ് തൊഴില്‍ അവസരങ്ങള്‍, സ്ത്രീ സുരക്ഷ, കുറഞ്ഞ ചെലവില്‍ വൈദ്യുതി, തീര്‍ത്ഥാടന ടൂറിസം തുടങ്ങിയവ. ബിജെപിയുടെ ശിവരാജ് സിങ് ഭരിക്കുന്ന മധ്യപ്രദേശില്‍ പുതിയ രാഷ്ട്രീയ കരുനീക്കത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാഹുലിന്റെ സന്ദര്‍ശനം പാര്‍ട്ടിയുടെ ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കങ്ങളും കൂടിയാണ് പാര്‍ട്ടിയില്‍ നടക്കുന്നത്.

അതേസമയം, രാഹുലിന്റെ ശിവഭക്തി പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ജനങ്ങളെ ഭക്തി കാട്ടി സ്വാധീനിക്കാനാണ് പാര്‍ട്ടിയുടെ നീക്കം എന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത രംഗത്തെത്തി.

ഹിന്ദുമതത്തിന്റെ കുത്തക ബിജെപിക്കല്ലെന്ന് ഗുപ്ത പറഞ്ഞു. ആര്‍ക്കു വേണമെങ്കിലും ശിവനെ ആരാധിക്കാം. ശിവനെ ആരു ഭജിക്കണമെന്നു തീരുമാനിക്കാന്‍ ബിജെപിക്ക് എന്താണു അവകാശം. ശ്രീരാമനേയും ശിവനേയും ബ്രഹ്മാവിനെയും കണ്ടുപിടിച്ചതു തങ്ങളാണെന്ന തെറ്റിദ്ധാരണ ബിജെപിക്കുണ്ടെങ്കില്‍, ആര്‍എസ്എസും ബിജെപിയുമൊക്കെ രൂപപ്പെടുന്നതിനും എത്രയോ മുമ്പു തന്നെ ഇവരെയാക്കെ ജനങ്ങള്‍ ആരാധിക്കുന്നുണ്ടെന്ന സത്യം അവര്‍ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ഉച്ചയോടെ ഭോപ്പാലില്‍ എത്തിയ രാഹുല്‍ മൂന്നു മണിക്കൂര്‍ റോഡ് ഷോ നടത്തി. നഗരത്തിലെ പത്തിടങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജനങ്ങലെ അഭിസംബോധന ചെയ്തു.

Show More

Related Articles

Close
Close