മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി

mullaperiyar1

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്ന പരിധിയായ 142 അടിയിലെത്തി. വെള്ളം കൊണ്ടുപോകുന്നത് വ്യാഴാഴ്ച തമിഴ്‌നാട് പൂര്‍ണമായും നിര്‍ത്തിയതും വൈകിട്ട് പെയ്ത മഴയും കൂടിയായതോടെ ജലനിരപ്പ് പരമാവധി അളവായ 142 അടിയായി ഉയരുകയായിരുന്നു. സെക്കന്‍ഡില്‍ 1400 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അത്രയും തന്നെ വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്. 142 അടിയായതോടെ തമിഴ്‌നാട് കേരളത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി.

142 അടിയായി ജലനിരപ്പ് നിലനിര്‍ത്തുന്നതിന് ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുമെന്ന് തേനി കളക്ടര്‍ പളനിസ്വാമി അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതില്‍ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. ആവശ്യമായ മുന്‍കരുതല്‍ നടപടികളെടുത്തിട്ടുണ്ട്. മഴകൂടിയാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സന്നാഹങ്ങളും ഒരുക്കിയതായി കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് അന്തിമരൂപമായെന്നും അദ്ദേഹം പറഞ്ഞു.

142 അടി കടന്നാല്‍ കോടതി വിധിയുടെ ലംഘനമാകുമെന്നതിനാല്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് മതിയാകാതെ വന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാറിലൂടെ ഇടുക്കി ഡാമിലേക്ക് ഒഴുക്കാനും സാധ്യതയുണ്ട്.

വ്യാഴാഴ്ച രാവിലെ വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് അപ്രതീക്ഷിതമായി നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ അളവ് അവര്‍ കുറച്ചുകൊണ്ടുവരികയായിരുന്നു. ഏതുവിധേനയും ജലനിരപ്പ് കോടതി നിര്‍ദ്ദേശിച്ച 142ല്‍ എത്തിക്കുകയായിരുന്നു തമിഴ്‌നാടിന്റെ ലക്ഷ്യം.

പക്ഷേ, ഇതിനിടെ കനത്ത മഴ പെയ്യുകയാണെങ്കില്‍ അപകടകരമായ സ്ഥിതിവിശേഷമുണ്ടാകും. തമിഴ്‌നാടിന് സെക്കന്‍ഡില്‍ പരമാവധി കൊണ്ടുപോകാവുന്നത് 1850 ഘനയടി വെള്ളമാണ്. 50 മില്ലീമീറ്റര്‍ മഴ പെയ്താല്‍ 3000-4000 ഘനയടി വെള്ളം ഒഴുകിയെത്താം. ആ സാഹചര്യത്തില്‍ കോടതിവിധി ലംഘിക്കാതിരിക്കാന്‍ തമിഴ്‌നാടിന് വെള്ളം പെട്ടെന്ന് കുറയ്‌ക്കേണ്ടിവരും. അതിനായി സ്പില്‍വേ ഷട്ടറുകള്‍ തുറക്കുകയാവും അവര്‍ ചെയ്യുക. ഇത് എത്ര തുറക്കുന്നു, എത്ര വെള്ളം ഒഴുക്കും എന്ന കാര്യത്തില്‍ ഒരു ഉറപ്പും ലഭിക്കാത്തതാണ് കേരളത്തെ ആശങ്കപ്പെടുത്തുന്നത്. ഇത് ആറുമണിക്കൂറെങ്കിലും നേരത്തെ അറിയിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്‌നാട് പ്രതികരിക്കുന്നുമില്ല.

പെരിയാര്‍തീരത്ത് ജനം ഭയപ്പാടിലാണ്. വ്യാഴാഴ്ചത്തെ നീരൊഴുക്ക് 772 ഘനയടിയാണ്. കഴിഞ്ഞദിവസം 928 ഘനയടിയായിരുന്നു.
ഡാമിലുള്ള തമിഴ്‌നാട് ഉദ്യോഗസ്ഥരും കടുത്ത സമ്മര്‍ദ്ദത്തിലാണ്. 142ല്‍ എത്തുകയും കനത്ത മഴ പെയ്യുകയും ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് അവര്‍ക്കറിയാം. പക്ഷേ, അവര്‍ക്കുമേല്‍ കോടതിവിധി നടപ്പാക്കുന്നതിനുള്ള കനത്ത രാഷ്ട്രീയസമ്മര്‍ദ്ദമുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close