മുംബൈയില്‍ വിര ഗുളിക കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു; 197 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈയില്‍ കുട്ടികള്‍ക്ക് കൊടുത്ത വിര മരുന്നിലെ പാര്‍ശ്വഫലത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി മരിച്ചു. ചാന്ദിനി ശൈഖ് [12] ആണ് മരിച്ചത്. 197 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവണ്ടി ചേരിനിവാസികളായ കുട്ടികള്‍ക്ക് അവരുടെ സ്‌കൂളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് മരുന്നുകള്‍ നല്‍കിയത്. വിര ഗുളികകള്‍ക്ക് പുറമെ അയണ്‍, ഫോളിക് ആസിഡ് ഗുളികകളും കുട്ടികള്‍ക്ക് നല്‍കിയിരുന്നു.

മകള്‍ സ്‌കൂളില്‍ നിന്ന് അയണ്‍ ഗുളിക കഴിച്ചതിന് ശേഷം വീട്ടില്‍ നിന്ന് രക്തം ശര്‍ദ്ദിച്ചതായി ചാന്ദിനിയുടെ മാതാപിതാക്കള്‍ പറഞ്ഞു. സ്‌കൂളില്‍ നിന്ന് തിങ്കളാഴ്ച അയണ്‍ ഗുളിക വിതരണം ചെയ്തതിന് ശേഷം ബുധനാഴ്ചയും വ്യാഴാഴ്ചയും ചാന്ദിനി സ്‌കൂളില്‍ പോയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് രക്തം ശര്‍ദ്ദിച്ച് മരിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബ്ലഡില്‍ വിഷാംശമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് ആറിനാണ് ബി എം സി സ്‌കൂളില്‍ വെച്ച് കുട്ടികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയത്. തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളില്‍ 161 പേരെ ഘട്‌കോപറിലെ രാജവാഡി ആശുപത്രിയിലും മറ്റുള്ള 36 കുട്ടികളെ ഗോവണ്ടി ശതാബ്ദി ആശുപത്രിയിലും ഇന്ന് പുലര്‍ച്ചെയാണ് പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദഗ്ധ പരിശോധനയ്ക്കായ് പ്രതിരോധ മരുന്നുകള്‍ ലബോറട്ടറികളിലേക്ക് അയച്ചു.

Show More

Related Articles

Close
Close