മറാത്ത ഗ്രാമീണരുടെ ശബ്ദം

m

ഇന്നലെ അന്തരിച്ച കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി ഗോപിനാഥ് റാവു മുണ്ടെ മറാത്താ ഭൂമികയിലെ കര്‍ഷകരുടെയും സാധാരണക്കാരുടെയും യഥാര്‍ത്ഥ പ്രതിനിധിയായിരുന്നു.

“എന്റെ നാട്ടിലെ ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടാണ്‌ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.” എന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞപ്പോള്‍ മറാത്താ ഗ്രാമീണരുടെ മനസ്സിന്റെ സ്പന്തനമാകുകയായിരുന്നു ഗോപിനാഥ് മുണ്ടെ. കര്‍ഷക കുടുംബത്തില്‍ ജനിച്ച് ദരിദ്ര കുടുംബത്തില്‍ വളര്‍ന്ന മുണ്ടെ എ ബി വി പി യിലൂടെയാണ് സജീവ രാഷ്ട്രീയരംഗത്തേക്ക് എത്തുന്നത്. തീര്‍ത്തും ദരിദ്രമായ അവസ്ഥയില്‍നിന്ന്‍ ഉന്നതങ്ങളിലേക്കുള്ള ഒരു സാധാരണക്കാരന്റെ യാത്ര അവിടെ ആരംഭിക്കുന്നു.

അടിയന്തരാവസ്ഥക്കെതിരെയുള്ള സമരങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, അഞ്ചുതവണ മഹാരാഷ്ട്ര നിയമസഭാംഗം, 1992 മുതല്‍ 95വരെ നിയമസഭാ പ്രതിപക്ഷ നേതാവ് 95മുതല്‍ 99 വരെ ഉപമുഖ്യമന്ത്രി തുടര്‍ന്ന് പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ പ്രവര്ത്തിച്ചു. ഈ കാലയളവുകളില്‍ എല്ലാം തന്നെ സാധാരണക്കാരന്റെയും കര്‍ഷകരുടെയും ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് പോംവഴികള്‍ക്കായി പോരാടുകയും പ്രതിവിധികള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഗ്രാമീണ ഇന്ത്യയുടെ വികസനം എന്ന ഗാന്ധിജിയുടെ സ്വപ്നം നിറവേറ്റാനുള്ള ചുമതല ഗോപിനാഥ് മുണ്ടെയുടെ കൈകളിലേക്ക്  ഒരു നിയോഗമായി എത്തുകയായിരുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരാള്‍ക്കേ, നവനാഗരിക സംസ്കാരപുത്രന്മാരേക്കാളും ഈ ചുമതല നിറവേറ്റാന്‍ സാധിക്കൂ എന്ന് ആര്‍ക്കോ തോന്നിയിരിക്കണം. ഈ നഷ്ടം രാജ്യത്തിനുണ്ടാക്കുന്ന ആഘാതം ഒട്ടും ചെറുതല്ല. അവിചാരിതമെങ്കിലും ജനാധിപത്യ പ്രക്രിയയുടെ കാവലാളാകാന്‍ മുണ്ടെയുടെ മകള്‍ക്ക് കഴിഞ്ഞിരിക്കുന്നു. മഹാരാഷ്ട്ര നിയമസഭാംഗമാണ് മുണ്ടെയുടെ മകള്‍ പങ്കജ. അച്ഛന്റെ വിടവ് നികത്താന്‍, മറാത്തയുടെ ശബ്ദമാകാന്‍ ഈ മകള്‍ക്ക് സാധിക്കട്ടെ.

“ഒന്നിന് പകരമാകില്ല മറ്റൊന്നെങ്കിലും.”

 എഡിറ്റര്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close