നാഗാലാന്‍ഡില്‍ റയോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു; രാജിവയ്ക്കില്ലെന്ന് സെലിയാങ്ങ്

ബിജെപി സഖ്യമുണ്ടാക്കിയ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുടെ (എന്‍ഡിപിപി) നേതാവ് നെയിഫിയു റയോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയ്ക്കാണ് റയോയെ ക്ഷണിച്ചതെന്ന് ഗവര്‍ണര്‍ പി.ബി. ആചാര്യ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന എന്‍പിഎഫ് അധ്യക്ഷന്‍ കൂടിയായ സെലിയാങ്ങിന്റെ പ്രസ്താവന പുതിയ പ്രതിസന്ധിക്ക് വഴി തെളിച്ചിരിക്കുകയാണ്. 29 സീറ്റുകളാണ് എന്‍പിഎഫ് സഖ്യം സ്വന്തമാക്കിയത്. ഈ സാഹചര്യത്തില്‍ നേരത്തേ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതുമാണ്. വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ് ഇപ്പോഴും തങ്ങളെന്നും സെലിയാങ് വ്യക്തമാക്കി.
എന്നാല്‍, റയോയ്‌ക്കൊപ്പം നില്‍ക്കാനായിരുന്നു ബിജെപിയുടെ തീരുമാനം. അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജി വയ്ക്കുകയില്ലെന്ന കടുംപിടിത്തവുമായി സെലിയാങ് രംഗത്തെത്തിയത്.

നിലവിലെ മുഖ്യമന്ത്രി ടി.ആര്‍. സെലിയാങ്ങിന്റെ നാഷനല്‍ പീപ്പിള്‍സ് ഫ്രണ്ടിനെ(എന്‍പിഎഫ്) ഉപേക്ഷിച്ചാണു തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ബിജെപി റയോയുടെ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നത്. 60 അംഗ നിയമസഭയില്‍ തനിക്കൊപ്പം 32 എംഎല്‍എമാരുണ്ടെന്നു കാണിച്ച് റയോ ഗവര്‍ണര്‍ക്കു മുന്നില്‍ അവകാശവാദം ഉന്നയിച്ചു.മുതിര്‍ന്ന ബിജെപി നേതാവ് റാം മാധവിനും ബിജെപി സംസ്ഥാന പ്രസിഡന്റിനും എന്‍ഡിപിപി അധ്യക്ഷനുമൊപ്പമാണ് റയോ ഗവര്‍ണറെ കണ്ടത്. 31 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. പിന്തുണ അറിയിച്ചുള്ള എല്ലാവരുടെയും ഒപ്പു സഹിതമുള്ള കത്ത് തിങ്കളാഴ്ച നല്‍കണമെന്ന് ഗവര്‍ണര്‍ റയോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഡിപിപിക്ക് 17ഉം ബിജെപിക്ക് 12ഉം സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. ജെഡി(യു)വിന്റെ ഒരേയൊരു എംഎല്‍എയും ഒരു സ്വതന്ത്ര എംഎല്‍എയും ബിജെപി സഖ്യത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. സ്വതന്ത്ര എംഎല്‍എ റയോയ്‌ക്കൊപ്പം ഗവര്‍ണറെ സന്ദര്‍ശിക്കാനും എത്തിയിരുന്നു.

Show More

Related Articles

Close
Close