ഡോ. എന്‍.എ. കരീം അന്തരിച്ചു

nakarim

ഡോ. എന്‍.എ. കരീം (90) അന്തരിച്ചു. പേരൂര്‍ക്കട ഇന്ദിരാ നഗറിലെ വസതിയില്‍ ഇന്നലെ വൈകിട്ട്‌ മൂന്നോടെയായിരുന്നു അന്ത്യം. കബറടക്കം ഇന്നു 12-ന്‌ തിരുവനന്തപുരം പാളയം മസ്‌ജിദ്‌ കബര്‍സ്‌ഥാനില്‍. ഭാര്യ: മീന കരീം. ബഷീര്‍ അഹമ്മദ്‌, ഡോ. ഫരീദ എന്നിവര്‍ മക്കളും ഡോ. മുഹമ്മദ്‌ ഷാഫി മരുമകനുമാണ്‌.
അധ്യാപകന്‍, സാഹിത്യകാരന്‍, ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക- രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട ഡോ.എന്‍.എ. കരീം ഏഴു പതിറ്റാണ്ടോളം പൊതുമണ്ഡലത്തില്‍ സജീവമായിരുന്നു. കേരള സര്‍വകലാശാലയുടെ ആദ്യ പ്രോ-വി.സിയായിരുന്ന അദ്ദേഹം രണ്ടു തവണ ആ സ്‌ഥാനം വഹിച്ചു. തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിക്കെതിരേ ഇടതു സ്‌ഥാനാര്‍ഥിയായി മല്‍സരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി ആയിരത്തിലേറെ ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്‌.
എന്‍.എം. അഹമ്മദ്‌-ഫാത്തിമ ദമ്പതികളുടെ മകനായി 1926 ഫെബ്രുവരി 15-ന്‌ കൊച്ചിയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ്‌ കോളജില്‍ ചേര്‍ന്നെങ്കിലും സാമാജ്യത്വവിരുദ്ധ സമരത്തില്‍ സജീവമായി. വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ എറണാകുളം പ്രസിഡന്റും അഖില കൊച്ചി വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത്‌ പ്രഫ. പാപ്പാളിയെ കൈയേറ്റം ചെയ്‌തെന്ന ആരോപണത്തില്‍ കോളജില്‍നിന്നു പുറത്താക്കി.
പിന്നീട്‌ ഫാറൂഖ്‌ കോളജില്‍നിന്ന്‌ ഇംഗ്ലീഷില്‍ ബിരുദവും അലിഗഡ്‌ മുസ്ലിം സര്‍വകലാശാലയിനിന്നു ബിരുദാനന്തര ബിരുദവും നേടി. കേരള സര്‍വകലാശാലയില്‍നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ പിഎച്ച്‌.ഡി. നേടിയ കരീം ഡല്‍ഹി ജാമിയമിലിയ അടക്കം നിരവധി സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകനായിരുന്നു.
കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ സ്‌റ്റുഡന്‍സ്‌ ഡീന്‍ ആയിരുന്നു. ചന്ദ്രിക ദിനപത്രം, തൃശൂരില്‍നിന്നുള്ള എക്‌സ്‌പ്രസ്‌, കെ.എസ്‌.പിയുടെ നവോദയം എന്ന പത്രിക എന്നിവയില്‍ പ്രവര്‍ത്തിച്ചു. നവയുഗം എന്ന പേരില്‍ സ്വന്തം ഉടമസ്‌ഥതയില്‍ പത്രം നടത്തുകയും ചെയ്‌തു.
ഉന്നത വിദ്യാഭ്യാസ ഗവേഷണ കൗണ്‍സില്‍ അംഗം, വക്കം മൗലവി ഫൗണ്ടേഷന്‍ ചെയര്‍മാന്‍, സ്‌േറ്ററ്റ്‌ റിസോഴ്‌സ്‌ സെന്റര്‍ ഡയറക്‌ടര്‍, സേവ്‌ എജ്യൂക്കേഷന്‍ ഫോറം ദേശീയ പ്രസിഡന്റ്‌, ഫിലിം സെന്‍സര്‍ ബോര്‍ഡ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു .
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close