നമ്പി നാരായണന് നഷ്ടപരിഹാരമായ 50 ലക്ഷം നല്‍കേണ്ടത് കോണ്‍ഗ്രസെന്ന് ഇ.പി ജയരാജന്‍

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് സുപ്രീംകോടതി വിധി പ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടത് കെ.പി.സി.സി പ്രസിഡന്റും കെപിസിസിയുമാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യുഡിഎഫുകാര്‍ നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഇ.പി.ജയരാജന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീം കോടതി വിധി. ഇതു സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കൂടുതല്‍ നഷ്ടപരിഹാരത്തിനുള്ള കേസ് തുടരുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെയുളള അന്വേഷണത്തെ സ്വാഗതം ചെയ്തും സര്‍ക്കാര്‍ രംഗത്തെത്തി. എല്ലാ നിയമവശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. നമ്പി നാരായണനു നല്‍കേണ്ട നഷ്ടപരിഹാര തുകയിലും നിയമാനുസൃതം നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close