കേരള സര്‍ക്കാര്‍ കണ്ണുതുറന്നില്ല: മോദി

modi-palakkadu ജിഷയെന്ന ദളിത് വിദ്യാര്‍ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരമൊരു സംഭവം ഉണ്ടായിട്ടും ഇതുവരെ സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറന്നില്ല. അത്യന്തം വേദനയുളവാക്കുന്ന സംഭവമാണിത്. പാലക്കാട്ട്  തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം തുറന്നടിച്ചു.

കേരളത്തിനായി കേന്ദ്രം ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയ പ്രധാനമന്ത്രി യമനില്‍ നിന്ന് ഭീകരരുടെ പിടിയിലകപ്പെട്ട മലയാളി നേഴ്‌സുമാരെ പോറല്‍ പോലുമെല്‍ക്കാതെ രക്ഷിച്ച കാര്യം ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചെയ്ത സേവനം മോദി എടുത്തു പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടവിലാക്കിയ ഫാ. പ്രേമിനെ രക്ഷപ്പെടുത്തിയ കാര്യവും പ്രവാസികളുടെ ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമെല്ലാം മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം വികസനമാണെന്ന് അദ്ദേഹം തുടര്‍ന്നു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ അധികാരം പങ്കിട്ടെടുക്കുന്ന രണ്ടു മുന്നണികളും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. താഴെത്തട്ടിലുള്ളവരുടെ വികസനത്തെ കേരളം അവഗണിച്ചതാണ് ജിഷയുടെ കൊലപാതകം പോലുള്ള സംഭവങ്ങള്‍ക്ക് കാരണമായത്.
കേരളത്തിന്റെ സമഗ്രവികസനം എന്ന മുദ്രാവാക്യമാണ് എന്‍.ഡി.എ മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അദ്ദേഹം വ്യക്തമാക്കി.

നാം ഒന്നാവണം, നാട് നന്നാവണം എന്ന മലയാളത്തിലെ മോദിയുടെ പരാമര്‍ശം കയ്യടിയോടെ പതിനായിരങ്ങള്‍ ഏറ്റെടുത്തു. വിദ്യാഭ്യാസത്തിലും നൈപുണ്യത്തിലും മലയാളികള്‍ ഏറെ മുന്നിലാണെങ്കിലും യുവാക്കള്‍ക്ക് ഇവിടെ അവസരങ്ങള്‍ ലഭിക്കുന്നില്ല.

കേരളത്തില്‍ പുതിയ വ്യവസായങ്ങല്‍ ഉണ്ടാകുന്നില്ല. യുവാക്കള്‍ നാടുവിട്ട് ജോലി തേടി പോകേണ്ട സാഹചര്യമാണ്. മാതാപിതാക്കള്‍ക്കും കുടുംബത്തിനും വേണ്ടി മണിയോര്‍ഡറുകള്‍ അയക്കാന്‍ മാത്രമാണ് അവര്‍ക്ക് കഴിയുന്നത്. ഇതില്‍ മാറ്റമുണ്ടാകണം. കഴിവുള്ളവര്‍ക്ക് ഇവിടെത്തന്നെ അവസരമുണ്ടാകണം.

കര്‍ഷകരെ സഹായിക്കുക എന്ന ചിന്ത തന്നെ സംസ്ഥാനത്ത് ഭരണം നടത്തിയവര്‍ക്കുണ്ടായിട്ടില്ല. കേരളത്തിന്റെ കാര്‍ഷിക മേഖല തകര്‍ച്ചയെ നേരിട്ടത് അതുകൊണ്ടാണ്. കേരളത്തെ രക്ഷിക്കാന്‍ ഇരുമുന്നണികള്‍ക്കും ബദലായി എന്‍.ഡി.എ അധികാരത്തിലെത്തണമെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

ഇടതുപക്ഷത്തിന്റെ അസഹിഷ്ണുതയെയും തന്റെ പ്രസംഗത്തില്‍ അതിശക്തമായി വിമര്‍ശിക്കാന്‍ മോദി മടിച്ചില്ല. അധ്യാപകരെപ്പോലും അവഹേളിക്കുന്നവരാണ് ഇക്കൂട്ടര്‍. പാലക്കാട് വിക്‌ടോറിയ കോളേജ് പ്രിന്‍സിപ്പലിന് വിരമിക്കല്‍ ദിനത്തില്‍ ശവക്കല്ലറയൊരുക്കിയ എസ്എഫ്‌ഐ കാടത്തം ഓര്‍മ്മപ്പെടുത്തി മോദി പറഞ്ഞു. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി ഇവര്‍ക്ക് മാപ്പുനല്‍കരുതെന്നും പറഞ്ഞു. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ഉണ്ടായപ്പോള്‍ താന്‍ ഓടിയെത്തിയത് അപകടത്തില്‍ പെട്ടവര്‍ക്ക് സഹായമെത്തിക്കാനാണ്. കോട്ടമൈതാനത്ത് തിങ്ങിനിറഞ്ഞ ഒരു ലക്ഷത്തിലേറെപ്പേരെ സാക്ഷിയാക്കി തന്റെ സന്ദര്‍ശനത്തെ രാഷ്ട്രീയവല്‍ക്കരിച്ചവര്‍ക്ക് ചുട്ടമറുപടിയായി പ്രധാനമന്ത്രി തിരിച്ചടിച്ചു.

രണ്ട് എം.പിമാരെ നാമനിര്‍ദ്ദേശത്തിലൂടെ കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിച്ചു.സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ എന്നിവരെ പരാമര്‍ശിച്ച് മോദി പറഞ്ഞു. വിദേശത്ത് പോകുമ്പോള്‍ മലയാളികളുടെ ലേബര്‍ ക്യാമ്പുകള്‍ താന്‍ സന്ദര്‍ശിക്കാറുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ വേണ്ടിയാണിത്.

ശാസ്ത്ര സാങ്കേതിക രംഗത്ത് രാജ്യം അതിവേഗം പുരോഗതി കൈവരിക്കുകയാണ്. സ്വന്തമായി ജി.പി.എസ് സംവിധാനം വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഡീസല്‍ എന്‍ജിനു പകരം സോളാര്‍ ബാറ്ററികള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന മോട്ടോറുകള്‍ മത്സ്യപ്രവര്‍ത്തന രംഗത്തും ഗതാഗത രംഗത്തും വന്‍ നേട്ടമുണ്ടാക്കുന്നു. എന്നാല്‍ കേരളത്തില്‍ വന്നാല്‍ സോളാര്‍ എന്ന് പറയാന്‍ തനിക്ക് ഭയമാണ്. മോദിയുടെ വാക്കുകള്‍ സദസ്സില്‍ ചിരി പടര്‍ത്തി. കേരളത്തില്‍ സോളാര്‍ എന്നത് നേതാക്കന്‍മാര്‍ക്ക് കീശ വീര്‍പ്പിക്കാനുള്ളതാണെന്നാണ് ധാരണ.

പാലക്കാട് കേരളത്തിന്റെ പ്രവേശന കവാടമാണ്. കടുത്ത ചൂടിനെ അവഗണിച്ചും സമ്മേളനത്തിനെത്തിയ പതിനായിരങ്ങള്‍ തെളിയിക്കുന്നത് ബിജെപി കേരള നിയമസഭയിലെ വന്‍ ശക്തിയാകുമെന്നാണ്. നീണ്ടുനിന്ന കരഘോഷത്തിനിടെ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍ പ്രസംഗം പരിഭാഷപ്പെടുത്തി.

 

Show More

Related Articles

Close
Close