മോദിയെ ചര്‍ച്ചയ്ക്കു ക്ഷണിച്ച് ഇമ്രാന്‍ ഖാന്‍; പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. സമഗ്ര ചര്‍ച്ചകള്‍ ഇനിയും തുടങ്ങണമെന്നാണ് ഇമ്രാന്റെ കത്തില്‍ പറയുന്നത്. അതേ സമയം ഇമ്രാന്‍ ഖാന്റെ കത്തിനോട് ഇന്ത്യ ഇത് വരെ പ്രതികരിച്ചിട്ടില്ല. ആദ്യം വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തട്ടെയെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ത്യ എടുക്കുന്ന ഏതു തീരുമാനത്തോടും രണ്ടു ചുവടുകള്‍ കൂടുതല്‍ പ്രതികരണം പാക്കിസ്ഥാന്‍ നടത്തുമെന്ന് മുമ്പ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന പ്രസംഗത്തില്‍ ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു.

അധികാരത്തില്‍ എത്തിയ ശേഷം ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ആദ്യം ഉണ്ടാകുന്ന നീക്കമാണ് ഇമ്രാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്ത്യാ- പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഉണ്ടായേക്കുമെന്ന രീതിയിലും ചില സൂചനകള്‍ മുമ്പ് പ്രചരിച്ചിരുന്നു.

പഠാന്‍കോട്ട് ആക്രമണത്തോടെ പൂര്‍ണ്ണമായും തടസ്സപ്പെട്ടുപോയ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച വീണ്ടുമാരംഭിക്കണമെന്നാണ് കത്തില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭീകരതയും കശ്മീരും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും ഇമ്രാന്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.

Show More

Related Articles

Close
Close