നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പുരസ്‌കാരം!

ന്യൂദല്‍ഹി: പരിസ്ഥിതി രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പുരസ്‌കാരം. സൗരോര്‍ജത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിലും സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള അംഗീകാരമായി ചാമ്പ്യന്‍ ഓഫ് ദി എര്‍ത്ത് പുരസ്‌കാരമാണ് മോദിക്കു സമ്മാനിച്ചത്. പ്രധാനമന്ത്രിക്കു വേണ്ടി വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ ന്യൂയോര്‍ക്കില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ആഗോള തലത്തില്‍ പരിസ്ഥിതി രംഗത്ത് മാറ്റത്തിനു ചുക്കാന്‍ പിടിച്ച ആറുപേര്‍ക്ക് സമ്മാനിക്കുന്നു എന്ന ആമുഖത്തോടെയാണ് പുരസ്‌കാര വാര്‍ത്ത യുഎന്‍ അറിയിച്ചത്. നയപരമായ നേതൃത്വം എന്ന വിഭാഗത്തില്‍ മോദിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും പുരസ്‌കാരത്തിന് അര്‍ഹനായി. 2022 ആവുന്നതോടെ ഇന്ത്യയെ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധനായി മോദി പ്രവര്‍ത്തിക്കുകയാണെന്നും യുഎന്‍ പറഞ്ഞു.

സൗരോര്‍ജം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുരസ്‌കാരം ലഭിച്ചത് കേരളത്തിന് അഭിമാനമായി. പരിസ്ഥിതിക്ക് വിനാശകരമാല്ലാത്ത വിധം ഊര്‍ജസംരക്ഷണവും വിനിയോഗവും എങ്ങിനെ സാധ്യമാക്കാമെന്നതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിനു മാതൃകയാണെന്ന് യുഎന്നിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

പരിപൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം എന്ന പ്രശംസയോടെയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

പാരിസ്ഥിതിക അവകാശങ്ങള്‍ക്കായി പോരാടുന്ന ജോവാന്‍ കാര്‍ലിങ് ആജീവിനാന്ത സേവനത്തിനുള്ള പുരസ്‌കാരം നേടി. മാംസാഹാര സംസ്‌കരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ബിയോണ്ട് മീറ്റ് ആന്‍ഡ് ഇംപോസിബിള്‍ ഫുഡ്‌സ് എന്ന സംഘടന, ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലെ നദികളിലും അരുവികളിലും അടിയുന്ന മാലിന്യം നീക്കാന്‍ ശ്രമിക്കുന്ന പദ്ധതി എന്നിവയ്ക്കാണ് മറ്റ് അവാര്‍ഡുകള്‍.

Show More

Related Articles

Close
Close