എതിര്‍ പടയെ നിലംപരിശാക്കാന്‍ കളി മാറ്റിപ്പിടിച്ച് നെയ്മര്‍

നെയ്മര്‍ ഇനി മുതല്‍ പിഎസ്ജിയില്‍ പുതിയ പൊസിഷനിലായിരിക്കും കളിക്കുകയെന്ന് വ്യക്തമാക്കി പിഎസ്ജി പരിശീലകന്‍ തോമസ് ടുഷല്‍. ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്കു ചേക്കേറിയതിനു ശേഷം ഇടതുവിങ്ങിലാണ് താരം പ്രധാനമായും കളിച്ചു കൊണ്ടിരുന്നത്. എന്നാല്‍ അതില്‍ മാറ്റം വരുത്തി മധ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നമ്പര്‍ 10 പൊസിഷനിലായിരിക്കും ഇനി നെയ്മര്‍ കളിക്കുകയെന്ന് പിഎസ്ജി പരിശീലകന്‍ പറഞ്ഞു.

ടുഷല്‍ പരിശീലകനായി വന്നതിനു ശേഷം പിഎസ്ജിയുടെ ശൈലിയില്‍ നിരവധി മാറ്റങ്ങള്‍ വന്നിരുന്നു. കൂടുതല്‍ ആക്രമണങ്ങള്‍ സൃഷ്ടിക്കാനാണ് നെയ്മര്‍ക്കു പുതിയ പൊസിഷന്‍ നല്‍കുന്നതെന്നാണ് ടുഷല്‍ പറയുന്നത്.പുതിയ പൊസിഷനില്‍ നെയ്മര്‍ക്കും വളരെയധികം താല്‍പര്യമുണ്ടെന്ന് ഇന്നത്തെ മത്സരത്തിനു മുന്‍പ് മാധ്യമങ്ങളെ കാണുമ്പോള്‍ ടുഷല്‍ പറഞ്ഞു. മുന്‍പ് ഇടതു ഭാഗം കേന്ദ്രീകരിച്ചുള്ള ആക്രമണത്തില്‍ മാത്രം ഭാഗമായിരുന്ന നെയ്മര്‍ക്ക് ഇപ്പോള്‍ ടീമിന്റെ മുഴുവന്‍ ആക്രമണങ്ങളിലും പങ്കുവഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നെയ്മര്‍ ടീമിന്റെ എല്ലാ ആക്രമണങ്ങളിലും പങ്കെടുക്കുകയെന്നാല്‍ അതു പിഎസ്ജി അറ്റാക്കിംഗിന്റെ മൂര്‍ച്ച കൂട്ടാന്‍ ഉപകരിക്കുമെന്നാണ് ടുഷല്‍ പറയുന്നത്. പുതിയ പൊസിഷനില്‍ കുറച്ചു കൂടി സ്വാതന്ത്ര്യത്തോടെ നെയ്മര്‍ക്ക് കളിക്കാനാകുമെന്നും അതു ടീമിനു മുഴുവന്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലീഗ് വണ്‍ മത്സരത്തിന്റെ രണ്ടാം പകുതി മുതല്‍ നമ്പര്‍ 10 പൊസിഷനിലാണ് നെയ്മര്‍ കളിച്ചിരുന്നത്. റെന്നെസിനെതിരായ മത്സരത്തില്‍ അവസാനം പിറന്ന രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കാന്‍ നെയ്മര്‍ക്ക് പൊസിഷന്‍ മാറിയതു കൊണ്ടു കഴിഞ്ഞിരുന്നു.

Show More

Related Articles

Close
Close