നെയ്യാറ്റിന്‍കരയിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് രമേശ് ചെന്നിത്തല!

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിവൈഎസ്പിയുടെ ഉന്നത രാഷ്ട്രീയ ബന്ധമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നും ഇയാളെ പിടികൂടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേസമയം ഒളിവില്‍ പോയ ഹരികുമാറിന് വേണ്ടി ഇതുവരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല. കീഴടങ്ങണമെന്ന് പ്രതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രതിക്കുവേണ്ടി ഒരു ദിവസം കൂടി കാത്തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. അന്വേഷണത്തോടു സഹകരിക്കണമെന്ന് ബന്ധുക്കള്‍ വഴിയാണ് ഹരികുമാറിനെ അറിയിച്ചത്. കൊലപാതകം അന്വേഷിക്കുന്ന സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. രണ്ട് സിഐമാരെയും ഷാഡോ പൊലീസിനെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇലക്ട്രീഷ്യനും പ്ലമ്പറുമായ കൊടങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടില്‍ എസ്. സനലാണ് മരിച്ചത്. ഒളിവില്‍ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനല്‍ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ മൂന്ന് മണിക്കൂര്‍ നേരം ഇന്നലെ ദേശീയ പാത ഉപരോധിച്ചിരുന്നു.

ഡിവൈഎസ്പിയുമായി റോഡില്‍ വച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷിയുടെ മൊഴി പുറത്തുവന്നിരുന്നു. സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറഞ്ഞത്. ആദ്യം ഡിവൈ എസ് പി അടിച്ചെന്നും കാര്‍ മാറ്റിയിട്ടശേഷം ചോദിക്കാനായി എത്തിയ സനലുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ സനലിനെ ഡിവൈ.എസ്.പി പിടിച്ചു തള്ളിയെന്നും റോഡിലേയ്ക്ക് വീണ സനലിനെ എതിര്‍വശത്തു നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞത്. കൊല്ലാനായി പിടിച്ചുതള്ളുകയായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചിരുന്നു.

Show More

Related Articles

Close
Close