എന്‍.ഐ.എ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് കാശ്മീര്‍ വിഘടനവാദികള്‍

ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് സെപ്റ്റംബര്‍ ഒമ്പതിന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കശ്മീരിലെ വിഘടനവാദി നേതാക്കള്‍. വിഘടനവാദികളെ ദേശീയ അന്വേഷണ ഏജന്‍സി നിരന്തരം ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് മാര്‍ച്ച്. മാര്‍ച്ചില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കുമെന്നും വിഘടനവാദി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മിര്‍വെയ്‌സ് ഉമര്‍ ഫറൂഖ്, യാസിന്‍ മാലിക്ക് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയും വീട്ടുതടങ്കലിലുള്ള സെയ്ദ് അലി ഷാ ഗിലാനി ടെലിഫോണിലൂടെയുമാണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. എന്‍.ഐ.എയുടെ തന്ത്രങ്ങള്‍ കശ്മീരില്‍ വിലപ്പോകില്ലെന്ന് വിഘടനവാദി നേതാക്കള്‍ അവകാശപ്പെട്ടു.

കശ്മീരില്‍ അക്രമം നടത്തുന്നവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഉറവിടം തേടി എന്‍.ഐ.എ ബുധനാഴ്ച ഡല്‍ഹിയിലും കശ്മീരിലും വ്യാപക പരിശോധനകള്‍ നടത്തിയിരുന്നു. ഹവാല ഇടപാടുകള്‍ക്ക് സഹായം നല്‍കുന്ന വ്യാപാരികള്‍ അടക്കമുള്ളവരുടെ 16 കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ ഒരേസമയം റെയ്ഡ് നടത്തിയത്. അക്രമികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റിലായതിന് പിന്നാലെ ആയിരുന്നു  റെയ്ഡ്.

Show More

Related Articles

Close
Close