മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്: നികേഷ് കുമാര്‍

അഴീക്കോട് മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. രാവിലെ മറ്റു ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം വടകരയിലെത്തി പി.ജയരാജനെ കണ്ട നികേഷ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പിന്നീട് കണ്ണൂരിലേക്ക് പോയി. ഇത് രാഷ്ട്രീയത്തിലിറങ്ങേണ്ട കാലമാണെന്നും, ഇടതുപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തേണ്ട സമയമാണെന്നും മാതൃഭൂമിയോട് പ്രതികരിക്കവേ നികേഷ് കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനം ആയിരുന്നു ഇത്ര കാലം തന്റെ കര്‍മ്മമേഖല. എന്നാല്‍ അവിടെയും താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് നടത്തിയത്. എന്നാല്‍ ഇത് രാഷ്ട്രീയത്തില്‍ ഇടപെടേണ്ട സമയമാണ്. സുതാര്യവും സത്യസന്ധവും ആത്മാര്‍ഥവുമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ നികേഷ് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചാണ് താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതെന്നും വ്യക്തമാക്കി.

അഴീക്കോട് തന്റെ ജന്മഭൂമിയാണന്നും സ്വന്തം നാട്ടുകാര്‍ക്കിടയില്‍ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നത് വൈകാരികമായ അനുഭവമാണെന്നും പറഞ്ഞ നികേഷ്, പിതാവായ എം.വി.രാഘവന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന മണ്ഡലമായിരുന്നു അഴീക്കോടെന്നും പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹത്തിനൊപ്പം നിന്ന മണ്ഡലമാണ് അഴീക്കോട്. ഇപ്പോള്‍ അതേ മണ്ണില്‍ നിന്ന് രാഷ്ട്രീയജീവിതത്തിന് തുടക്കമിടാന്‍ സാധിക്കുന്നത് തനിക്ക് കിട്ടിയ സൗഭാഗ്യമാണ്.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് തുടക്കം തൊട്ടേ നികേഷിന്റെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം മാത്രമാണ് നികേഷ്
തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്  പ്രതികരിച്ചത്.

Show More

Related Articles

Close
Close