ബ്രീഫ് [ബീഫ്] ഹിസ്റ്ററി :-നിരാമയന്‍

ബ്രീഫ് [ബീഫ്] ഹിസ്റ്ററി
:-നിരാമയന്‍

ബീഹാര്‍ ഇലക്ഷന്‍ കഴിഞ്ഞു. മഹാ സഖ്യം വിജയിച്ചു എന്ന് പറയുന്നതിലും ബിജെപി തോല്‍പിക്കപ്പെട്ടു എന്ന് പറയുന്നതാകും ശരി. പാക്കിസ്ഥാന്‍ വരെ ആഘോഷിച്ച ബീഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തെ, മഹാ സഖ്യത്തിന് പാകിസ്ഥാനില്‍ ലഭിക്കുന്ന പിന്തുണ എന്നെ തെല്ലും ഭയപ്പെടുത്തുന്നില്ല പക്ഷെ അതിനെ എതിര്‍ക്കാന്‍ ബാധ്യതയുള്ളവരുടെ മൌനം വല്ലാതെ ഭയപ്പെടുത്തുന്നു. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ ഇരുണ്ടുകൂടിയ അസഹിഷ്ണുതാമെഘത്തെ (അടുത്ത ഇലക്ഷന്‍ വരത്തേക്ക്) കാറ്റ് കൊണ്ടുപോയി.

രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത നിലയ്ക്ക് അസഹിഷ്ണുതയിലേക്ക് നീങ്ങുന്നു എന്ന (സ്വയംകല്പിത) ബുദ്ധിജീവി കള്ളനാണയങ്ങളുടെ, കപട മതേതരവാദികളുടെ, പുരോഗമന ചിന്തകരെന്ന കാപട്യക്കാരുടെ ജല്‍പ്പനങ്ങള്‍ കേട്ട് മാധ്യമങ്ങള്‍ സമൂഹത്തില്‍ നടത്തിയ തിരച്ചിലുകള്‍ വളരെ രസകരമായി തോന്നി. ” അന്ധന്‍ ഇരുട്ടുമുറിയില്‍, ഇല്ലാത്ത കരിമ്പൂച്ചയെ ” തിരഞ്ഞപോലെ (blind man in a dark room looking for a black cat which isn’t there) എന്ന് എവിടെയോ വായിച്ചതുപോലെയാണത്.

സംഭവങ്ങളെ തെറ്റായി ചിത്രീകരിച്ച്, ചരിത്രത്തെ വളച്ചൊടിച്ച്, സംസ്കാരത്തെ ഉതകുന്നരീതിയില്‍ പരുവപ്പെടുത്തി അവര്‍ നടത്തുന്ന ഗൂഡ നീക്കങ്ങള്‍ക്ക്‌ പിന്നിലെ ചാലക ശക്തി എന്തുതന്നെ ആയാലും അതിന്റെ അടിത്തറ ഇളകുന്നു എന്നതിന്റെ തെളിവാണ് അവരുടെ ഈ വെപ്രാളം. ദേശീയതയെന്ന വികാരത്തെയാണവര്‍ അസഹിഷ്ണുത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നു പല സന്ദര്‍ഭങ്ങളിലും . ദേശീയതയെ എന്തിനവര്‍ ഇത്രയേറെ ഭയപ്പെടുന്നു ? പറയുവാന്‍ ധാരാളമുണ്ടെന്നിരിക്കെ, വിവാദങ്ങളുടെ തുടക്കം ഗോവധത്തില്‍ നിന്നാണെല്ലോ അതിനാല്‍ തന്നെ അല്പം ഗോമാംസചിന്തകളില്‍ നിന്നാകാം നമ്മുടെ തുടക്കം.

ഇന്ന് നാട്ടില്‍ എവിടെ കാതോര്‍ത്താലും കേള്‍ക്കുന്നൊരു ശബ്ദമാണെല്ലോ ബീഫ്. രാജ്യത്തെ ഇരുപത്തിഒന്‍പത് സംസ്ഥാനങ്ങളില്‍ ഇരുപത്തിനാലിലും ഗോമാംസം പൂര്‍ണമായും നിരോധിച്ചിരിക്കുന്നു, ഒരിടത്ത് (ബംഗാള്‍) ഉപാധികളോടെ, അധികാരികളുടെ അനുമതിയോടെ ഗോവധം നടപ്പിലാക്കാം. എന്നാല്‍ ഇതിനൊന്നും യാതൊരുവിധ നിബന്ധനയോ നിരോധനമോ ഇല്ലാത്ത ഇങ്ങു കേരളത്തില്‍ ഹാലിളക്കം. ഇതാണെല്ലോ സ്ഥിതി, അതിനാല്‍ത്തന്നെ, ഭാരതത്തിന്റെ ചരിത്രത്തില്‍, സംസ്കാരത്തില്‍ അതിന്റെ കാര്യകാരണങ്ങളെ തേടുന്നത് അല്പം കാര്യമുള്ള കാര്യമാണെന്നു കരുതുന്നു.

ഏല്ലാവരും അറിയുന്ന ഏഴുതപ്പെട്ട ചരിത്രം പരിശോധിച്ചു നോക്കിയാല്‍ മദ്ധ്യ കാലഘട്ടത്തില്‍, ഏതാണ്ട് ക്രിസ്തുവിനുശേഷം 1000 കൊല്ലത്തോട് ചേര്ന്ന് നടന്ന ഇസ്ലാമിക അധിനിവേശത്തിനു ശേഷമാണ് ഗോമാംസം എന്ന ഭക്ഷണം ഭാരതത്തിലേക്ക് കൊണ്ടുവരപ്പെട്ടതെന്നു അനുമാനിക്കുന്നു. അതില്‍ കൂടുതലും വടക്കേ അറ്റത്തുള്ള ഭൂഭാഗങ്ങളില്‍ നടന്ന അധിനിവേശങ്ങള്‍ തന്നെ. അതില്‍ തന്നെ ഏറ്റവും ഹീനമായ പ്രവര്‍ത്തിയായി കണക്കാക്കപ്പെടുന്നത് ദുറാനി സാമ്രാജ്യാധിപന്‍ അഹമ്മദ് ഷാ ദുറാനി 1756-57 ല്‍ നടത്തിയ നാലാമത്തെ പടയോട്ടത്തിനു ശേഷം അമൃത്സര്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ ഗോവധം നടത്തി അവിടുത്തെ തീര്‍ത്ഥക്കുളത്തില്‍ പൈക്കളുടെ രക്തംകൊണ്ടു നിറച്ചു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ , മറ്റാരുംതന്നെ ഗോവധത്തെ പ്രോത്സാഹിപ്പിച്ചതായി കാണുന്നില്ല എന്നുതന്നെയല്ല മുഗളന്മാര്‍ ഉള്‍പ്പെടെ ഗോവധ നിരോധനം (ഔറങ്കസേബ് എന്ന കുലംകുത്തി ഒഴികെ) ഏര്‍പ്പെടുത്തിയിരുന്നുതാനും.

പഞ്ചാബിലെ സിഖ് രാജവംശവും ഭുരിപക്ഷ ഹിന്ദുവിന്റെ വിശ്വാസങ്ങളെ മാനിച്ചു ഗോവധം നിരോധിച്ചിരുന്നു. അവന്റെ വിശ്വാസങ്ങളെയും മാനിച്ചും സഹിഷ്ണുതയോടെ ജീവിച്ചുംപോന്ന മുസ്‌ലിംകള്‍ ഉണ്ടായിരുന്ന ഈ രാജ്യത്തു, പിന്നെങ്ങനെ ഗോമാംസം ഇപ്പോള്‍ പറയപ്പെടുന്നപോലെ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ഭക്ഷണ താല്പപര്യങ്ങളില്‍ കയറിക്കൂടി എന്നതൊരു ചോദ്യമായി അവശേഷിക്കുന്നു.

ഉത്തരം ലഭിക്കുവാന്‍ മുഗളരുടെ കാലഘട്ടത്തിനു ശേഷം ഭാരതത്തെ അതിന്റെ (ശേഷിച്ച) മൂല്യങ്ങളെ മൊത്തമായി വിഴുങ്ങിയ പടിഞ്ഞാറന്‍ അധിനിവേശത്തിന്റെ ചരിത്രം പറയേണ്ടി വരും, ബംഗാളിന്റെ ഗവര്‍ണര്‍ ആയിരുന്ന റോബര്‍ട്ട് ‌ക്ലൈവാണ് ഭാരതത്തിലെ ആദ്യത്തെ വന്‍ തോതിലുള്ള അറവുശാല നിര്‍മ്മിക്കുന്നത്, 1760ല്‍ കൊല്‍ക്കത്തയില്‍, പ്രതിദിനം മുപ്പതിനായിരം പൈക്കളെ കൊല്ലാന്‍ സജ്ജമായവയായിരുന്നു അത്. ഇത് ബംഗാളിലെ സാധാരണ ജനങ്ങളുടെ ആവശ്യത്തിനായിട്ടല്ലായിരുന്നു മറിച്ചു ബീഫ് പ്രിയരായ ബ്രിട്ടീഷ്‌ സൈന്യത്തെ തീറ്റുവാന്‍ വേണ്ടിയായിരുന്നു.

മാടുകളെ അറക്കുവാന്‍ ബ്രിട്ടണില്‍നിന്ന് ആരും വന്നില്ല, അവിടെ ജോലി ചെയ്തിരുന്നവരാകട്ടെ തദ്ദേശീയരായ മുസ്ലിങ്ങളും (ഹിന്ദുസമൂഹത്തിനു ഗോവധം അംഗീകരിക്കാന്‍ സാധ്യമായിരുന്നില്ല എന്നതുകൊണ്ട് അവര്‍ ഒരു തൊഴില്‍ എന്ന നിലയില്‍ പോലും അതിനു സന്നദ്ധരായിരുന്നില്ല ). പതുക്കെ പതുക്കെ മുസ്ലിങ്ങളും വ്യാപകമായി ബീഫ് ഉപയോഗത്തിലേക്ക് തിരിഞ്ഞു, ഇതിനിടയില്‍ കൊല്‍ക്കത്തയിലേതുപോലെ ബോംബെയിലും മദ്രാസിലും അറവുശാലകള്‍ നിര്‍മ്മിക്കപ്പെട്ടു. ചുരുക്കത്തില്‍ 1910 ആയപ്പോഴേക്കും ഭാരതത്തില്‍ മൊത്തം 310 അറവുശാലകള്‍ ഉണ്ടായി.

അതിനിടയിലാണ് ബ്രിട്ടീഷ്കാര്‍ ശിപായിലഹള എന്ന് ഇകഴ്ത്തുന്ന, നമ്മള്‍ ഒന്നാം സ്വതന്ത്രസമരമെന്ന് അഭിമാനത്തോടെ ഓര്‍ക്കുകയും ചെയ്യുന്ന 1857 കലാപം പൊട്ടിപ്പുറപ്പെടുന്നത്. അന്ന് അതിന്റെ കാരണം ബ്രിട്ടിഷ് സര്‍ക്കാരിന്റെ പയ്യിന്റെ കൊഴുപ്പും പന്നിയുടെ നെയ്യും ചേര്‍ത്തുണ്ടാക്കുന്ന വെടിയുണ്ടകളുടെ ഉപയോഗം ആയിരുന്നല്ലോ, അന്നവര്‍ ഒരുമിച്ചുനിന്ന് ചില്ലറയല്ല സാമ്രാജിത്വശക്തിയെ അലട്ടിയത്. അതിനു പില്ക്കാലത്ത് അവര്‍ തമ്മിലടിപ്പിച്ചു പകരംവീട്ടുകയും ചെയ്തു.

ബീഫ് മുസ്ലിമിന്റെ അഭിമാനവും അവകാശവും ആകുന്നത് ഒരു ബ്രിട്ടിഷ് അജണ്ടയുടെ ഭാഗമാണ്, ഗോവധനിരോധനത്തിനുവേണ്ടി ഹിന്ദു സമൂഹം ബ്രിട്ടിഷ് ഭരണകാലത്ത് നടത്തിയ സമരം വഴിതിരിച്ചു വിടുകയും അത് ഹിന്ദു-മുസ്ലിം കലാപമായി മാറുകയും, കലാപത്തില്‍ ബ്രിട്ടിഷ്കാര്‍ തങ്ങള്‍ക്ക് ഇറച്ചിവെട്ടുകാരെ ആവശ്യമുണ്ടെന്ന ന്യായത്താല്‍ മുസ്ലിങ്ങളെ പിന്തുണക്കുകയും ചെയ്തു, തിട്ടൂരം നല്കിയതാകട്ടെ എലിസബത്ത് രാജ്ഞി നേരിട്ടും.!! അതില്‍ ബാക്കിയായത് ഇന്നും പുകയുന്ന ഹിന്ദു-മുസ്ലിം അനൈക്യത്തിന്റെ കനലുകള്‍.

രസകരമായ വസ്തുത ബ്രിട്ടിഷ്കാര്‍ തന്നെ ഗോവധ നിയന്ത്രണം പില്ക്കാലത്ത് ഏര്‍പ്പെടുത്തുകയുണ്ടായി, കാരണം അധികോപയോഗം മൂലമുണ്ടായ ക്ഷാമം ഏപ്പോഴോ അവര്‍ക്കങ്ങനെ ഒരു ചിന്ത ഉണ്ടാക്കി. 1944ല്‍ ആണ് 3 വയസ്സില്‍ താഴെയുള്ള ഒരു നാല്ക്കാലിയേയും കൊല്ലരുതെന്നും 3 മുതല്‍ 10 വയസ്സുവരെയുള്ള കാളകളെയും, പാല്‍ ചുരത്തുന്നതോ ഗര്ഭിണണിയായതോ ആയ പശുക്കളെയും കൊല്ലരുതെന്നും അവര്‍ നിയമം ഉണ്ടാക്കി.
ശേഷം അധികാരത്തിലെത്തിയ കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ ഇതിനെ ഭാരതീയ ഭരണഘടന Article 48 അനുശാസനം അനുസരിച്ചുകൊണ്ട് ഭാരതത്തിലുടനീളം പലപ്പോഴായി നടപ്പാക്കി.(കേരളത്തില്‍ ഒഴികെ ബംഗാള്‍ ഉള്‍പ്പെടെ) പക്ഷെ ബംഗാളില്‍ നിബന്ധനകളോടെ ഗോവധം നടക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങളും ഗോമാംസം ആഹരിക്കാറില്ല.

അന്നൊക്കെ അന്ധത നടിച്ചവര്‍ ഇന്ന് ഞെട്ടി ഉണര്‍ന്നെഴുന്നേറ്റു പിച്ചും പേയും പറയുന്നതിന്‍റെ യുക്തിയെന്താണെന്നുമാത്രം മനസ്സിലാകുന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ 38 കൊല്ലം അധികാരത്തില്‍ ഇരുന്നിട്ടും ഗോവധ നിരോധന നിയമം ബംഗാളില്‍ പിന്‍വലിക്കപ്പെട്ടില്ല (ബീഫ് ഫെസ്റ്റില്‍ പങ്കെടുക്കരുതെന്ന് CPIM ബംഗാള്‍ ഘടകം മേധാവിയുടെ നിര്‍ദേശം ഇതിന്റെ കൂടെ ചേര്‍ത്തു വായിക്കുക) എന്നതുതന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇപ്പോഴത്തെ നിലപാടുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇരട്ടത്താപ്പായിമാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്ന് മാത്രവുമല്ല ബ്രിട്ടിഷുകാര്‍ പയറ്റിത്തെളിഞ്ഞൊരു തന്ത്രം ഇവിടെ പുനരാവിഷ്ക്കരിക്കപ്പെടുന്നു എന്നൊരു ഭീതിയും നിഴലിക്കുന്നു.

വാല്‍ക്കഷണം: ടിപ്പുവിന്റെ ‘വാപ്പ’ ഹൈദര്‍ അലി പോലും ഗോവധനിരോധനം ഏര്‍പ്പെടുത്തുകയുണ്ടായെന്നുംകൂടെ കേള്‍ക്കുമ്പോള്‍, നാടിന്റെ പോതുവികാരത്തെ മാനിക്കാത്ത ഇടതുപക്ഷകാപട്യക്കാരുമായി തുലനം ചെയ്യുമ്പോള്‍ അയാള്‍ ഏത്രയോ ഭേദം എന്ന് തോന്നിപോകുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close