ശൈത്യകാല ഒളിമ്പിക്സിന്റെ ഭാഗമായി ഉത്തരകൊറിയന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ദക്ഷിണകൊറിയയിലെത്തും

ഉത്തരകൊറിയയുടെ സെറിമോണിയല്‍ ഹെഡ് കിം യോങ് നാം ദക്ഷിണകൊറിയ സന്ദര്‍ശിക്കും. ശൈത്യകാല ഒളിമ്പിക്‌സിന്റെ ഭാഗമായാണ് സന്ദര്‍ശനം. വര്‍ഷങ്ങള്‍ക്ക് ശേഷം ദക്ഷിണകൊറിയയില്‍ പോകുന്ന ഉന്നത ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനായിരിക്കും കിം. മൂന്ന് ദിവസത്തേക്കാണ് കിമ്മിന്റെ സന്ദര്‍ശനം.

ദക്ഷിണകൊറിയയില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ഭാഗമായി നയതന്ത്ര തലത്തിലുള്ള സൗഹൃദം പുനഃസ്ഥാപിക്കലാണ് പ്രധാന ലക്ഷ്യം. വെള്ളിയാഴ്ചയാണ് ഒളിമ്പിക്‌സ് ആഘോഷങ്ങള് ആരംഭിക്കുന്നത്. കിം യോങ്ങും മറ്റ് ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരും ആഘോഷങ്ങളിലും പങ്കെടുത്തേക്കും. മാസങ്ങള്‍ക്ക് മുമ്പ് വരെ സമാധാനപരമായ ഒളിമ്പിക്‌സിനായുള്ള പരിശ്രമത്തിന് മുന്നോട്ട് വരാതിരുന്ന ഉത്തരകൊറിയ കിം ജോങ് ഉന്നിന്റെ പുതുവര്‍ഷ പ്രസംഗത്തിന് ശേഷമാണ് നിലപാട് മാറ്റിയത്. അതേസമയം ഇത് ഒളിമ്പിക്‌സ് മുന്നില്‍ കണ്ടുള്ള താല്‍കാലിക സൗഹൃദം മാത്രമാണെന്നും ഇതിന് നിലനില്‍പില്ലെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയ നടത്തിയ ആയുധ പരീക്ഷണങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതും അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചക്ക് വഴിവെച്ചു.

Show More

Related Articles

Close
Close