കലാപത്തിന് കാരണം സര്‍ക്കാര്‍, നിരീശ്വരവാദം നടപ്പാക്കാന്‍ ശ്രമമെന്നും എന്‍എസ്എസ്‌

ശബരിമല വിഷയത്തില്‍ സംസ്ഥാനത്തെ കലാപങ്ങള്‍ക്കു കാരണം സംസ്ഥാന സര്‍ക്കാരെന്ന് എന്‍എസ്എസ്. നവോത്ഥാനത്തിന്റെ പേരില്‍ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണിതെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തി.

ഈ വിഷയം സമാധാന പരമായി പരിഹരിക്കാവുന്നതായിരുന്നു. സര്‍ക്കാര്‍ ഇത് സങ്കീര്‍ണ്ണമാക്കുകയായിരുന്നെന്നും ,വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ച് ഇവിടെ പാര്‍ട്ടി നയം നടപ്പാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഹൈന്ദവ ആചാരങ്ങളെ പരിഹസിക്കുകയും വിശ്വാസികളെ വെല്ലുവിളിക്കുകയുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ജനാധിപത്യ സര്‍ക്കാരിന് ചേരുന്നതല്ല ഈ നടപടി. സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ അത് സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തു വരുന്നതില്‍ തെറ്റുപറയാന്‍ ആകില്ല.

രാഷ്ട്രീയ നിറം കൊടുത്ത് അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസില്‍ കുടുക്കി ജയിലിലടയ്ക്കുക, നാട്ടില്‍ മുഴുവന്‍ അരാജകത്വം സൃഷ്ടിക്കുക, എന്ത് കള്ളവും മാറിമാറിപ്പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാന്‍ ശ്രമിക്കുക, ഹൈന്ദവ ആചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക ഇതെല്ലാമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതൊരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതാണോ?

ശബരിമലയില്‍ നിലനിന്നു വരുന്ന വിശ്വാസം തകര്‍ക്കാന്‍ ആരേയും അനുവദിക്കാന്‍ പാടില്ല. വിശ്വാസ ലംഘനത്തിനെതിരെ സമാധാന പരമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close