കന്യാസ്ത്രീയുടെ ചിത്രം പുറത്തു വിട്ടു; മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു!

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസിനെതിരേ കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേ പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലിന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നത്.
ബലാത്സംഗ കേസുകളില്‍ ഇരകളുടെ സ്വകാര്യത കര്‍ശനമായും പാലിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

ഫ്രാങ്കോ മുളയ്ക്കലുമായുള്ള കന്യാസ്ത്രീയുടെ ബന്ധത്തിന് തെളിവായിട്ടാണ് ചിത്രം മാധ്യമങ്ങള്‍ക്ക് കൈമാറുന്നതെന്നും ഇരയെ തിരിച്ചറിയുന്ന വിധം ചിത്രം പ്രസിദ്ധീകരിച്ചാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നുമുള്ള മുന്നറിയിപ്പോടെയാണ് ഇവര്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.

2015 മെയ് 23 ന് ഫ്രാങ്കോ പങ്കെടുത്ത ഒരു ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രത്തോടൊപ്പം നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ മിഷനറീസ് ഓഫ് ജീസസ് പറയുന്നത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ പീഡിപ്പിച്ച ആള്‍ക്കൊപ്പം സ്വന്തം താത്പ ര്യപ്രകാരം സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് ഇവര്‍ വാദിക്കുന്നത്.

2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രീ വളരെ ആവേശത്തോടെയാണ് 2015 ല്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുത്തത്. കന്യാസ്ത്രീ അധികാരികളോട് അനുവാദം വാങ്ങി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അതിനാല്‍ അരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനായി നല്‍കിയ വാര്‍ത്താക്കുറിപ്പിലാണ് ചിത്രവും നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരായാണ് അന്വേഷണ കമ്മീഷന്റെ കണ്ടത്തലുകള്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലു പേരുടെ സഹായം അവര്‍ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുക്തിവാദികളാണ് കന്യാസ്ത്രീകള്‍ക്ക് പിന്നിലെന്ന ആരോപണവും കുറിപ്പില്‍ ഉന്നയിക്കുന്നുണ്ട്. ലൈംഗീക പീഡന പരാതികള്‍ നല്‍കുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ ഒരു വിവരവും പുറത്തു വിടരുതെന്നാണ് രാജ്യത്തെ കര്‍ശനമായ നിയമം. ഒരു കാരണവശാലും ഇരയുടെ പേരോ ചിത്രമോ ഒന്നും നല്‍കാനാവില്ല. ഈ നിയമത്തെ കാറ്റില്‍ പറത്തിയാണ് മിഷറീസ് ഓഫ് ജീസസിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

അതേസമയം, ഫ്രാങ്കോയ്ക്കെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടത് ഇരയെ അപമാനിക്കാനാണെന്നും ഇത് സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബന്ധുക്കളുമായി ആലോചിച്ചു സഭയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര്‍ അനുപമ പറഞ്ഞു.

Show More

Related Articles

Close
Close