ഒ എസ് ഉണ്ണിക്കൃഷ്ണന്‍ മികച്ച ഗാനരചയിതാവ്

o s
ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ്‌ പ്രഖ്യാപനം ചെങ്ങന്നൂര്‍ നിവാസികള്‍ക്ക് അവരുടേതുകൂടിയായി.സുമോദ് ഗോപു സംവിധാനം ചെയ്ത ലസാഗു എന്നാ ചിത്രത്തിലെ “ഇത്ര പകലിനോടൊത്തു ചേർന്നിട്ടും
ഈ രാവിതെന്തേ കറുത്തു പോയി” എന്നു തുടങ്ങുന്ന ആ ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ചെങ്ങന്നൂര്‍,കല്ലിശ്ശേരി ഉമയാറ്റുകര സ്വദേശികൂടിയായ ഒ എസ് ഉണ്ണികൃഷ്ണന് ലഭിച്ചതോടെയാണത്. കലാ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യം കൂടിയായ ഉണ്ണിക്കൃഷ്ണന്‍ ചെങ്ങന്നുരുകാരുടെ പ്രിയപ്പെട്ട ഒ എസ് ആണ്.

പടയണിപ്പാട്ടിന്റെ ശീലുകളിലൂടെ വളര്‍ന്ന കവി

ചെങ്ങന്നൂര്‍: പടയണിയുടെയും വള്ളപ്പാട്ടിന്റെയും ശീലുകള്‍ പാടിവളര്‍ന്ന കാവ്യഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. ഗാനരചനയ്ക്ക് സംസ്ഥാന അവാര്‍ഡ് നേടിയ കവി ഒ.എസ്. ഉണ്ണികൃഷ്ണന്‍ ചെങ്ങന്നൂരിന്റെ കലാസാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യം. എല്‍.ഐ.സി. ഏജന്റായ ഉണ്ണികൃഷ്ണന്റെ പ്രവര്‍ത്തനം അതില്‍ മാത്രം ഒതുങ്ങുന്നില്ല. ചെങ്ങന്നൂരിലെ പ്രധാനപ്പെട്ട ഒട്ടുമിക്ക സാമൂഹിക-സാംസ്‌കാരിക സംഘടനകളിലും സജീവ പ്രവര്‍ത്തകനോ ഭാരവാഹിയോ ആയ ഈ നാല്പത്തിരണ്ടുകാരന്‍ പൈതൃകസംരക്ഷണ പ്രവര്‍ത്തനങ്ങളിലും സക്രിയമാണ്.

പടയണിപ്പാട്ടും വഞ്ചിപ്പാട്ടുമൊക്കെയാണ് ഇദ്ദേഹത്തിന്റെ മനസ്സില്‍ കവിതയുടെ വിത്തുപാകിയത്. പടയണിച്ചുവടുവച്ച് തുള്ളുന്ന ഇദ്ദേഹത്തിന് പടയണിയുടെ താളവാദ്യങ്ങള്‍ കൈകാര്യംചെയ്യാനുമറിയാം. ശാസ്ത്രീയസംഗീത വിദ്യാര്‍ഥി കൂടിയാണ്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കവിതാരചനാ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

ബാലഗോകുലത്തിലും ഭാരതീയവിചാരകേന്ദ്രത്തിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ സര്‍ഗ്ഗശേഷിക്ക് പ്രോത്സാഹനമായതായി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം നിന്നുപോയ സാഹിത്യപ്രവര്‍ത്തനങ്ങള്‍ 2010 ലാണ് പുനരാരംഭിച്ചത്. അപ്പോഴാണ് ‘അവന്‍’ എന്ന സിനിമയിലെ ഗാനം എഴുതിയത്. ജീവിതമാര്‍ഗത്തിനുള്ള നെട്ടോട്ടമാണ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കാന്‍ കാരണമെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.

ദേശമുദ്ര ജോയിന്റ് സെക്രട്ടറി, ജെ.സി.ഐ. ചെങ്ങന്നൂര്‍ ചാര്‍ട്ടര്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉണ്ണികൃഷ്ണന്‍ ലയണ്‍സ് ക്ലബ്ബ്, സിറ്റിസണ്‍സ് ക്ലബ്ബ്, ഇലഞ്ഞിമേല്‍ കെ.പി. രാമന്‍ നായര്‍ സ്മാരക ഭാഷാപഠനകേന്ദ്രം എന്നിവയിലും സജീവമാണ്. ചിത്രീകരണം ആരംഭിച്ച രണ്ട് സിനിമകള്‍ക്കും ഇദ്ദേഹം ഗാനം എഴുതിയിട്ടുണ്ട്. അവാര്‍ഡ് വിവരമറിഞ്ഞ് നാട്ടുകാരും സുഹൃത്തുക്കളും വീട്ടിലെത്തി. പി.സി. വിഷ്ണുനാഥ് എം.എല്‍.എ.യും എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍പിള്ളയും അഭിനന്ദിച്ചു. മുണ്ടങ്കാവ് ഓതറേത്ത് എസ്. ശിവശങ്കരപ്പിള്ളയുടെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കള്‍: ഗൗതം, ഗൗരി, ഗംഗ.

കടപ്പാട് :അനൂപ്‌ രാജ്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close