മാനനഷ്ടക്കേസുമായി മുഖ്യമന്ത്രി; ചാനല്‍ പ്രതിനിധികളും സരിതയും പ്രതികള്‍


സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കി. മനപ്പൂര്‍വം ഗൂഢാലോചന നടത്തി സ്വകാര്യ ചാനലുകളിലെ പരിപാടികളില്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് ഹരജിയിലെ ആരോപണം.
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ വിനു വി ജോണ്‍, കൈരളി ടിവി ചീഫ് ന്യൂസ് എഡിറ്റര്‍ മനോജ് കെ വര്‍മ, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്‍ എന്നിവരെ ഒന്നു മുതല്‍ നാലുവരെയും സരിതയെ അഞ്ചാംപ്രതിയുമാക്കിയാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസും കൈരളി ടിവിയും കഴിഞ്ഞ ദിവസം പുറത്തുവിട്ട സരിതയുടെ വിവാദ കത്താണ് ഹരജിക്ക് ആധാരം. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വച്ച് സരിതയെ ലൈംഗികമായി പീഡിപ്പിച്ചെന്നും സോളാര്‍ പദ്ധതിക്കായി ആനുകൂല്യം കൈപ്പറ്റിയെന്നുമായിരുന്നു ചാനല്‍ വാര്‍ത്ത. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളില്‍ കുടുക്കി നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പ്രതികളുടെ ശ്രമമെന്നും സരിതയുടെ പ്രസ്താവന ഇടതു പാര്‍ട്ടികളുമായി അനുഭാവമുള്ള കൈരളി ടിവിയും സ്വതന്ത്ര ചാനലായ ഏഷ്യാനെറ്റും കോണ്‍ഗ്രസ്സിനെ തോല്‍പിക്കാനുള്ള ആയുധമാക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.
ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ച് സരിതയും ബിജു രാധാകൃഷ്ണനും നിരപരാധികളെ പറ്റിച്ചു. സോളാര്‍ പദ്ധതിക്ക് സര്‍ക്കാരില്‍നിന്ന് സബ്‌സിഡി വാങ്ങിത്തരാമെന്നു സരിത പറഞ്ഞത് തന്റെ അറിവോടെയല്ല. തെറ്റായ പ്രസ്താവനയിറക്കി തന്നെ ചളിവാരിയെറിയാനാണു പ്രതികളുടെ ഉദ്ദേശ്യം. തിരഞ്ഞെടുപ്പില്‍ തോല്‍പിക്കുന്നതിനായി ഗൂഢാലോചന നടത്തി തനിക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. കോഴഞ്ചേരി സ്വദേശി ശ്രീധരന്‍ നായരില്‍നിന്ന് 40 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലാണ് സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു കേസുകള്‍ പുറത്തായത്. 32 കേസുകളില്‍ പ്രതിയായ സരിത നിരപരാധികളായ രാഷ്ട്രീയക്കാരെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ്. ചാനലില്‍ സൂചിപ്പിച്ച കത്ത് സരിത ജയിലില്‍ വച്ച് എഴുതിയതല്ല. തനിക്ക് 1.10 കോടിയും തോമസ് കുരുവിളയ്ക്ക് 80 ലക്ഷവും നല്‍കിയെന്നു പറയുന്നതും ദുരുദ്ദേശ്യപരമാണ്. പിതാവിനു തുല്യമായി തന്നെ കാണുന്നുവെന്നാണു മുമ്പ് സരിത പറഞ്ഞത്. ഇപ്പോഴത്തെ അഭിമുഖം തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഹരജിയില്‍ പറയുന്നു.
മാനനഷ്ടം, കുറ്റകരമായ ഗൂഢാലോചന, കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റൂള്‍സ്-1994 വകുപ്പുകള്‍ അനുസരിച്ചാണു പരാതി. മുഖ്യമന്ത്രി കോടതിയില്‍ നേരിട്ട് ഹാജരായില്ല. അവധി അപേക്ഷ കോടതി സ്വീകരിച്ചു. മൊഴി രേഖപ്പെടുത്തുന്നതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കമനീസ് കേസ് മെയ് 28ലേക്കു മാറ്റി.
അതേസമയം, ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി കോടതിയില്‍ തെളിയിക്കട്ടെയെന്ന് സരിത എസ് നായര്‍ പറഞ്ഞു. 70 ശതമാനം തെളിവുകള്‍ തന്റെ പക്കലുണ്ട്. കേസ് നല്‍കി നിശബ്ദയാക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നീക്കം തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള തന്ത്രം മാത്രമാണെന്നും സരിത കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close