ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്താനാസിയോസ് ട്രെയിനില്‍ നിന്നും വീണ് മരിച്ചു

ഓര്‍ത്തഡോക്‌സ് സഭാ മെത്രോപ്പൊലീത്ത തോമസ് മാര്‍ അത്താനാസിയോസ്(80) ട്രെയിനില്‍ നിന്നും വീണ് മരിച്ചു. ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപനാണ്. എറണാകുളം നോര്‍ത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവെച്ചാണു അപകടം. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങാനായി നില്‍ക്കുമ്പോള്‍ വാതില്‍ അടഞ്ഞ് പുറത്തേക്ക് തെറിക്കുകയാണെന്നാണ് സൂചന. രാവിലെ ആറു മണിയോടെയാണ് സംഭവം. ഗുജറാത്തില്‍ നിന്ന് മടങ്ങും വഴിയാണ് അപകടമുണ്ടായത്. എന്നാല്‍, അപകടത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

സഹായി അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത. നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ട്രെയിനില്‍ മടങ്ങാന്‍ തീരുമാനിച്ചെതെന്നാണ് വിവരം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അത്തനാസിയോസിന്റെ സഹായമെത്രാനായിരുന്ന മാത്യൂസ് മാർ തിമൊഥിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പസ് (അങ്കമാലി ഭദ്രാസനം), യാക്കൂബ് മാർ ഐറേനിയോസ് (കൊച്ചി ഭദ്രാസനം), ഗീവർഗീസ് മാർ യൂലിയോസ് (ബറോഡ ഭദ്രാസനം), മാത്യൂസ് മാർ സേവേറിയോസ് (കണ്ടനാട് ഭദ്രാസനം) എന്നിവരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മന്ത്രി എ.സി. മൊയ്തീൻ, എംഎൽഎമാരായ പി.ടി. തോമസ്, ഹൈബി ഈഡൻ, ജസ്റ്റിസ് സുരേന്ദ്ര മോഹൻ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ തുടങ്ങിയവരും ആശുപത്രിയിലെത്തിയിരുന്നു.

Show More

Related Articles

Close
Close