പി സിയും സഭകളും ബി ജെ പിക്കൊപ്പം…

താമരപ്പൂവില്‍ കണ്ണെറിഞ്ഞു പി സി
pc final
ഓരോ കേരളാ കോണ്‍ഗ്രസുകാരന്റെയും മനസ്സില്‍ ഇന്നു ജ്വലിക്കുന്ന വികാരമായ മുന്‍ ആഭ്യന്തരമന്ത്രി പി സി ചാക്കോയുടെ മകന്‍ ,ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആറു തവണ പ്രാതിനിധ്യം ,അതില്‍ ഒരു തവണ സ്വതന്ത്ര അംഗം,മികച്ച അഭിഭാഷകന്‍,മികച്ച രാഷ്ട്രീയക്കാരന്‍. പി സി തോമസ്‌ എന്ന കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്റെ പേരിനു താഴെ അംഗീകാരങ്ങളും അവകാശങ്ങളും ഇനിയും ഏറെ എഴുതി ചേര്‍ക്കുവാന്‍ ഉണ്ട്.എന്നാല്‍ കഴിഞ്ഞ എട്ടു മാസക്കാലം ഇടതു – വലതു മുന്നണികളെ ദയനീയ പൂര്‍വ്വം നോക്കി നില്‍ക്കേണ്ട അവസ്ഥയില്‍ ആയിരുന്ന അണികളുടെ പി സി സാര്‍ ബന്ധം പുതുക്കി , വീണ്ടും പഴയ കുടക്കീഴിലേക്ക് നീങ്ങുന്നു.

അരുവിക്കര ഉപ തിരഞ്ഞെടുപ്പില്‍ അങ്കം മുറുകി നില്‍ക്കുന്ന അവസ്ഥയില്‍ ആണ് പി സി യുടെ പ്രവേശനോത്സവം എന്നത് ശ്രദ്ധേയമാണ്. ഒരു വര്‍ഷം മുമ്പ് വരെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ക്രിസ്തീയ മുഖം ഇന്നു അവകാശപ്പെട്ടിരുന്ന പി സി ക്ക് , തന്‍റെ തന്നെ പാര്‍ട്ടി യിലെ പടലപ്പിണക്കവും , അടിവലികളും മൂലമാണ് കഷ്ടകാലം ആരംഭിച്ചത്.

ഒന്നിച്ചു നടക്കുകയും, പിന്നെ പിണങ്ങുകയും, വീണ്ടും ഒപ്പം കൂടുകയും ചെയ്ത കുഞ്ഞച്ചായന്‍ എന്നാ സ്കറിയാ തോമസ്‌ ഒടുവില്‍ എല്‍ ഡി എഫ് ന്‍റെ നല്ല കുഞ്ഞായപ്പോള്‍ പി സി ക്ക് പുറത്തേക്കുള്ള വഴിതെളിഞ്ഞു.താന്‍ എല്‍ ഡി എഫില്‍ ആണ് എന്ന് പറയുമ്പോള്‍ തന്നെ കേരളാ കോണ്‍ഗ്രസ്‌ ( മാണി ) വഴി യു ഡി എഫില്‍ ചേക്കേറാന്‍ ഉള്ള ശ്രമവും നടത്താതിരുന്നില്ല. പഴയതെല്ലാം മാണി സാര്‍ മറന്നു എന്ന് കരുതിയ പി സി, ബാര്‍ കോഴ വിവാദത്തില്‍ മാണി സാര്‍ നിരപരാധി ആണെന്നും , ജോസ് കെ മാണി സഹോദരതുല്യന്‍ ആണെന്നും മറ്റുമുള്ള പ്രസ്താവനകള്‍ കലങ്ങിയ രാഷ്ട്രീയ സാഹചര്യത്തിലും പറത്തിവിട്ടിരുന്നു.

ഇതു എല്‍ ഡി എഫ് നേതാക്കള്‍ക്കിടയില്‍ കടുത്ത നീരസം ഉണ്ടാക്കി.ഇതിനിടെ പി സി യുടെ മാണി കോണ്‍ഗ്രസ്‌ പ്രവേശനത്തിനു മുന്നോടിയായി , കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മയും ,പി സി യുടെ ഭാര്യയും സഹോദരിമാരും ,നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും ബന്ധം അരക്കിട്ടുറപ്പിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

കേരളാ കോണ്‍ഗ്രസ്‌ എമ്മില്‍ പി സി ജോര്‍ജ് ഒഴിവായ വൈസ് ചെയര്‍മാന്‍ സ്ഥാനവും , വരുന്ന തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റും ഏതാണ്ട് പി സി ഉറപ്പിച്ചുവന്നപ്പോള്‍ ആണ് പാര്‍ട്ടിയിലെ മുന്‍കാല നേതാവായ പി ജെ ജോസഫ്‌ കടകം തിരിഞ്ഞത്. തന്നെ ചതിച്ച പി സി യെ പാര്‍ട്ടിയില്‍ എടുത്താല്‍ ,താനും എം എല്‍ എ മാരും പാര്‍ട്ടി വിടുമെന്ന പി ജെ യുടെ ഭീഷണിക്ക് മുമ്പില്‍ മാണിക്ക് മൗനം പാലിക്കേണ്ടിവന്നതാണ് ശേഷം ഭാഗം. ഇതോടെ മുമ്പ് സുരേന്ദ്രന്‍ പിള്ള ചെയ്തതുപോലെ ജോര്‍ജ്ജ് സെബാസ്റ്യനും മറുകണ്ടം ചാടി സ്കരിയയോടൊപ്പം ചേര്‍ന്നു.

പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ തന്നെ കൈവിട്ടതോടെ ,തന്റെ കാല്‍ക്കീഴിലെ റബ്ബര്‍ മണമുള്ള മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിഞ്ഞാണ്‌ അവസാന ആശ്രയമായി ,രാജ്യത്തിന്‍റെ വികാരം മനസ്സിലാക്കി താമര വിരിയിക്കാന്‍ പി സി പോകുന്നത്.

അരുവിക്കര മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ചൂണ്ടി കാണിച്ചാണ് പി സി ,ബി ജെ പി യിലേക്ക് അടുക്കാന്‍ ശ്രമം നടത്തുന്നത്.ഇതിനു വേണ്ടി വിവിധ സഭാമേലധ്യക്ഷന്മാരെ കണ്ടു പിന്തുണ ഉറപ്പാക്കാന്‍ പി സി ശ്രമിക്കുന്നുണ്ട്.

മുന്‍പ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിക്ക് മെഡിക്കല്‍ കോളേജ് അനുവദിച്ചു കിട്ടിയ ഉപകാരസ്മരണ ഉള്ള ,ഇപ്പോള്‍ തിരുവനന്തപുരത്തുള്ള തിരുമേനിക്ക് ശ്രീ ഒ രാജഗോപാലിനോട് കടപ്പാടുണ്ടെന്നു മനസ്സിലാക്കിയ പി സി ,ആ ചരടില്‍ മുറുക്കി പിടിച്ചിരിക്കുക ആണ്. കത്തോലിക്കാ – സി എസ് ഐ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകം ആണ്. നേരത്തെ മുന്നണിയില്‍ ഉണ്ടായിരുന്ന പി സി യെ ഒപ്പം കൂട്ടുന്നതില്‍ ബി ജെ പി ക്ക് കൂടുതല്‍ ഒന്നും ആലോചിക്കേണ്ടതില്ല. ഇതു മാനത്തു കണ്ട പി സി , കേരളാ കോണ്‍ഗ്രസിന്റെ അടിയന്തിര യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത് തന്റെ സ്ഥാനാര്‍ഥിത്തം പ്രഖ്യാപിച്ചു.

പി സി പിന്നെ പറഞ്ഞതായിരുന്നു ഏറെ രസകരം.

റബ്ബര്‍ കര്‍ഷകരെ സഹായിക്കാമെന്ന് ഉറപ്പു ,ഏതെങ്കിലും മുന്നണികള്‍ തന്നാല്‍ താന്‍ അവസാന നിമിഷം താന്‍ നോമിനേഷന്‍ പിന്‍വലിക്കുമെന്ന്. ഈ നിലപാടില്‍ ഒരു ദ്വിമുഖ തന്ത്രമാണ് ഉള്ളത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി യെ കൊണ്ട് റബ്ബറിന്റെ തറവില 150 രൂപയായി ഉയര്‍ത്തുക.ഇതിലൂടെ കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍ കര്‍ഷകരുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി മാറുക . 40000 വോട്ടര്‍മാര്‍ നേരിട്ടോ അല്ലാതെയോ റബ്ബര്‍ കൃഷിയെ അരുവിക്കരയില്‍ ആശ്രയിക്കുന്നു എന്ന് പി സി തോമസ്‌ പറയുമ്പോള്‍, എന്തെങ്കിലും നേട്ടം ഇതുവഴി ഉണ്ടാകും എന്ന് ബി ജെ പി ക്കും അറിയാം.

ചിത്രം അത്ര വ്യക്തമല്ല. പി സി യുടെ ബി ജെ പി പരിണയം പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുകള്‍ ഉണ്ടാക്കുന്നത് കണ്ടില്ലെന്നു നടിക്കാന്‍ അദ്ദേഹത്തിനും ആവില്ല. തിരുവനന്തപുരം ,കൊല്ലം, കണ്ണൂര്‍ ,കോഴിക്കോട് ജില്ലകളിലെ നേതാക്കന്മാര്‍ ഈ നീക്കത്തിനെതിരെ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ഡല്‍ഹിയില്‍ നിരവധി ബോര്‍ഡുകളും, ചെയര്‍മാന്‍ സ്ഥാനങ്ങളും എപ്പോളും ഒഴിഞ്ഞു കിടക്കുന്നത് നന്നായി അറിയാവുന്ന പി സി ക്ക് ഈ എതിര്‍പ്പുകള്‍ ഒന്നുമല്ല.

അരുവിക്കര ഉപ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും ,പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും ഒപ്പം ,ഒരുമിച്ചു വേദി പങ്കിടുന്ന സുന്ദര നിമിഷത്തിനായി കാത്തിരിക്കുകയാണ് പുല്ലോളില്‍ ചാക്കോ മകന്‍ തോമസ്‌ എന്ന പി സി സര്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close