സിബിഐയെ പേടിയില്ല : പി ജയരാജൻ

ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണത്തിനെതിരെ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ . സിബിഐയെ കാട്ടി വിരട്ടാമെന്ന് കരുതുന്നുണ്ടെങ്കിൽ മനസിൽ വച്ചാൽ മതിയെന്ന് ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

സിബിഐ അന്വേഷണത്തെപ്പറ്റി നിലപാട് കോടതിയിൽ വ്യക്തമാക്കിയത് സർക്കാരാണ് . ഹൈക്കോടതി നിർദ്ദേശമനുസരിച്ച് സിബിഐ അന്വേഷിക്കട്ടെന്നും തങ്ങൾക്കതിൽ ഒന്നും മറച്ചു വയ്ക്കാനില്ലെന്നും ജയരാജൻ പറഞ്ഞു. സർക്കാരിനു പറയാനുള്ളത് കോടതി കേട്ടോ എന്ന് വ്യക്തമാക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം സിപിഎമ്മിനെ വേട്ടയാടാനുള്ള സംഘപരിവാർ ശക്തികളുടെ പരിശ്രമത്തിനു മുന്നിൽ കീഴടങ്ങില്ലെന്നും ജയരാജൻ പറഞ്ഞു. അതേ സമയം സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

ഷുഹൈബിന്റെ കൊലപാതകത്തിൽ ശരിയായ അന്വേഷണമാണ് കേരള പോലീസ് നടത്തിയത് . പിന്നീടെന്തിനാണ് സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിബിഐ ആർ.എസ്.എസ് നിയന്ത്രിക്കുന്ന അന്വേഷണ ഏജൻസിയാണെന്നും കോടിയേരി ആരോപിച്ചു.

Show More

Related Articles

Close
Close