‘സില്‍ക്ക് സ്മിതയുടെ ജീവിതം വേണ്ട വിധത്തില്‍ ഇതുവരെ വെള്ളിതിരയിലെത്തിയിട്ടില്ല’; നടിയുടെ ജീവിതം വെബ് സീരീസാക്കാനാരുങ്ങി സംവിധായകന്‍ പാ രഞ്ജിത്ത്

നടി സില്‍ക്ക് സ്മിതയുടെ ജീവിതം ഇതുവരെ വേണ്ട വിധത്തില്‍ സിനിമകളിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. നടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വെബ് സീരീസ് ഒരുക്കുന്ന കാര്യവും സംവിധായകന്‍ സ്ഥിരീകരിച്ചു. സില്‍ക്ക് സ്മിതയുടെ ജീവിതം തിരക്കഥയില്‍ ആക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇത് സംവിധാനം ചെയ്യുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. സിനിമ മാറ്റി വെബ് സീരീസ് ആക്കിയതിന് കാരണം സില്‍ക്ക് സ്മിതയുടെ ജീവിതത്തില്‍ നിരവധി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്, ഇവയെല്ലാം തന്നെ സിനിമയിലേക്ക് സന്നിവേശിപ്പിക്കാന്‍ സാധിക്കില്ല എന്നതിനാലാണെന്നും ഫസ്റ്റ്‌പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പാ രഞ്ജിത്ത് പറഞ്ഞു.

മജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദ് ക്ലൗഡ്‌സ് എന്ന ചിത്രം നിര്‍മ്മിച്ച നമാ പിക്‌ചേഴ്‌സാണ് പാ രഞ്ജിത്തിന്റെ അടുത്ത ഹിന്ദി ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയാതിന് ശേഷമായിരിക്കും വെബ് സീരീസിന്റെ ചിത്രീകരണവും മറ്റും നടക്കുക. ഇപ്പോള്‍ വെബ് സീരീസിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സീരീസില്‍ അഭിനയിക്കുന്നതിനായി ഉടന്‍ തന്നെ കാസ്റ്റിങും മറ്റും നടത്തുമെന്നും പാ രഞ്ജിത്ത് പറഞ്ഞു.

ഡേര്‍ട്ടി പിക്ചര്‍ ഉള്‍പ്പെടെ ഹിന്ദിയില്‍ സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി എന്ന് കരുതപ്പെടുന്ന നിരവധി ചിത്രങ്ങള്‍ പിറവി എടുത്തിട്ടുണ്ട്. എന്നാല്‍, ഈ ചിത്രങ്ങളില്‍ എല്ലാം നടിയുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗങ്ങള്‍ മാത്രമാണ് എടുത്തിട്ടുള്ളത്. സമഗ്രമായ ഒരു സിനിമ ഇറങ്ങിയിട്ടില്ല എന്നതാണ് പാ രഞ്ജിത്തിന്റെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമിലായിരിക്കും വെബ് സീരീസ് പ്രദര്‍ശിപ്പിക്കുന്നതെന്ന് സംവിധായകന്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അത് ആമസോണ്‍ പ്രൈമാണോ നെറ്റ്ഫ്‌ളിക്‌സ് ആണോ എന്ന കാര്യം സ്ഥിരീകരിച്ചില്ല. വെബ് സീരീസിന്റെ മൂലഭാഷ തമിഴ് ആയിരിക്കുമെങ്കിലും പിന്നീട് തെലുങ്കിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റും.

Show More

Related Articles

Close
Close