ഇംഗ്ലണ്ടിനെ തകര്‍ത്ത് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

ആതിഥേയരായ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം 12.5 ഓവറുകളും എട്ടു വിക്കറ്റുകളും ബാക്കി നില്‍ക്കേ പാകിസ്താന്‍ മറികടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ-ബംഗ്ലാദേശ് സെമിയിലെ വിജയികളെ പാക്കിസ്താന്‍ നേരിടും.

സ്‌കോര്‍: ഇംഗ്ലണ്ട് – 49.5 ഓവറില്‍ 211ന് എല്ലാവരും പുറത്ത്. പാക്കിസ്ഥാന്‍ – 37.1 ഓവറില്‍ രണ്ടിന് 215.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് സ്വന്തം പിച്ചില്‍ നിശ്ചിത അമ്പതോവറില്‍ 211 റണ്‍സ് മാത്രമാണ് നേടാനായത്. നിശ്ചിത അമ്പതോവര്‍ കഴിയാന്‍ ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഓള്‍ഔട്ടായത്. 56 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ ബെയര്‍‌സ്റ്റോ 57 പന്തില്‍ നിന്ന് 43 ഉം മോര്‍ഗന്‍ 33 ഉം സ്റ്റോക്‌സ് 34 ഉം റണ്‍സെടുത്തു.

ഓപ്പണര്‍മാരായ ഫഖാര്‍ സമാനും അസ്ഹര്‍ അലിയും ചേര്‍ന്ന് സ്വപ്നസമാനമായ തുടക്കമാണ് പാകിസ്താന് നല്‍കിയത്. 21.1 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 118 റണ്‍സെടുത്തു.  സമാന്‍ പുറത്തായശേഷം ക്രീസിലെത്തിയ ബാബര്‍ അസം അസ്ഹര്‍ അലിക്ക് മികച്ച പിന്തുണ നല്‍കിയതോടെ പാകിസ്താന്‍ അനായാസം വിജയത്തിലേക്കെത്തി. രണ്ടാം വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ അസ്ഹര്‍ അലിയെ ജെയ്ക്ക് ബാള്‍ മടക്കിയെങ്കിലും പിരിയാത്ത മൂന്നാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്ത അസം-ഹഫീസ് കൂട്ടുകെട്ട് പാകിസ്താനെ വിജയത്തിലെത്തിച്ചു. ബാബര്‍ അസം 45 പന്തില്‍ 38 റണ്‍സോടെയും മുഹമ്മദ് ഹഫീസ് 21 പന്തില്‍ 31 റണ്‍സോടെയും പുറത്താകാതെ നിന്നു.

മോര്‍ഗനും സ്റ്റോക്‌സുമാണ് ഇംഗ്ലണ്ടിന്റെ മെല്ലെപ്പോക്കിന്റെ കാരണക്കാര്‍. മോര്‍ഗന്‍ 53 പന്തില്‍ നിന്നാണ് 33 റണ്‍സെടുത്തത്. സ്റ്റോക്‌സ് 34 റണ്‍സെടുത്തത് 64 പന്തില്‍ നിന്നു. ഓപ്പണര്‍ ഹെയല്‍സും (13) മൊയ്ന്‍ അലിയും (11) കഴിഞ്ഞാല്‍ മറ്റാര്‍ക്കും രണ്ടണ്ണം കടക്കാനായില്ല.

Show More

Related Articles

Close
Close