പാലായുടെ സ്വന്തം പോപ്പ്

പാലായുടെ സ്വന്തം പോപ്പ്
121

പോപ്പ് എന്നത് റോമന്‍ ഭാഷയിലെ പദമാണ്. പിതാവ്, വലിയവന്‍ എന്നൊക്കെയാണ് റോമക്കാര്‍ അതിന് അര്‍ഥം പറയുക. എന്നാല്‍ റോമന്‍ കത്തോലിക്കര്‍ ഏറെയുള്ള പാലായില്‍ ഇത് ബാധകമല്ല. പാലാക്കാരെ സംബന്ധിച്ചിടത്തോളം പോപ്പ് അവരുടെ സ്വന്തം മാണിച്ചായനാണ്. വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്നെന്ന് ഖ്യാതി നേടിയ കേരള കോണ്‍ഗ്രസിനെയും ചുമന്ന് 49 വര്‍ഷം തുടര്‍ച്ചയായി പാലായെ നിയമസഭയില്‍ പ്രതിനിധാനം ചെയ്ത മഹാനാണ് പാലാക്കാരുടെ സ്വന്തം മാണി സാര്‍. കാലാകാലങ്ങളില്‍ റബ്ബറിന്റെ വില ഇടിയാതെ താങ്ങിയും കുടി(ക)യേറ്റക്കാര്‍ക്ക് യഥാകാലം പട്ടയങ്ങള്‍ സംഘടിപ്പിച്ചു നല്‍കിയും മാണി സാര്‍ പാല അടങ്ങുന്ന മലയോര മേഖലയിലെ കുഞ്ഞാടുകള്‍ക്കു വേണ്ടി നിയമസഭയില്‍ ഏറെ പണിയെടുത്തു. ദിവസവും കുറഞ്ഞത് നാലുനേരമെങ്കിലും കുളിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധം പാലായില്‍ മാത്രമല്ല കേരളമൊട്ടാകെ പ്രശസ്തമാണ്. പാലായെ പുളകമണിയിച്ചൊഴുകുന്ന മീനച്ചിലാറിന്റെ കാറ്റേറ്റ് വളരുന്ന റബ്ബര്‍ മരങ്ങള്‍ക്കു പോലും അറിയാം മാണിച്ചായന്റെ ശീലങ്ങളും ശീലക്കേടുകളും എന്നു പറഞ്ഞാല്‍ മനസ്സിലാകുമല്ലോ പാലായും അദ്ദേഹവുമായുള്ള ആത്മബന്ധം.

എടുപ്പിലും നടപ്പിലും യുവത്വം സൂക്ഷിക്കുന്ന കരിങ്ങൊഴിക്കല്‍ മാണി മാണി എന്ന കെ.എം. മാണി കേരള രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനില്ലാത്ത ജനുസ്സാണെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായി എന്നതു മാത്രമല്ല ഏറ്റവും കൂടുതല്‍ ബജറ്റുകളവതരിപ്പിച്ചെന്ന മിടുക്കും മാണി സാറിന് മാത്രം സ്വന്തം. കേരള നിയമസഭയില്‍ അര്‍ധസെഞ്ച്വറി തികച്ച മാണി സാര്‍ 2006ലെ തെരഞ്ഞെടുപ്പിലുണ്ടായ ശക്തമായ ഇടതുകൊടുങ്കാറ്റിനെ അതിജീവിച്ച ജനപ്രതിനിധിയാണ്. ഭരണപ്രതിപക്ഷ ബെഞ്ചുകളില്‍ മാറിമാറി പയറ്റിത്തെളിഞ്ഞ അദ്ദേഹം പക്ഷേ യുഡിഎഫില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. കാലുവാരലും കാലുമാറലും കേരള കോണ്‍ഗ്രസിനെ ആരും പഠിപ്പിക്കേണ്ടെങ്കിലും മാണി സാര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഐക്യജനാധിപത്യമുന്നണിയെന്ന ഐക്യമില്ലാമുന്നണി വിട്ട് ഇടത്തോട്ട് ചാഞ്ഞില്ല.

അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ച കോട്ടയം മരങ്ങാട്ടുപള്ളിക്കാരന്‍ കെ.എം. മാണി 1960ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായാണ് രാഷ്ട്രീയജീവിതം തുടങ്ങുന്നത്. ആദ്യം മരങ്ങാട്ടുപള്ളി വാര്‍ഡിന്റെ പ്രസിഡന്റായി. 1964ല്‍ നായര്‍ സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ സ്വന്തം മാതുലന്‍ പി.ടി. ചാക്കോയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ പള്ളിയും പട്ടക്കാരും എവിടെയോ അവിടെ ഞാനും എന്നു പറഞ്ഞ് കോണ്‍ഗ്രസ് ലാവണം ഉപേക്ഷിച്ചു. ഫലമോ 1965ല്‍ പാലായില്‍ നിന്ന് സ്ഥാനാര്‍ഥി ടിക്കറ്റ്. അവിടെ നിന്നാരംഭിച്ച അശ്വമേധം 49 വര്‍ഷം തടസ്സങ്ങളേതുമില്ലാതെ മുന്നോട്ടു കുതിച്ചു. ഒരുവിധപ്പെട്ട കാറ്റിനും കോളിനും മാണി സാര്‍ എന്ന പ്രതിഭാസത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ കേരളത്തിന്റെ മുഖ്യമന്ത്രി പദം പല തവണ തേടിയെത്തിയതാണ്. ആലിന്‍ കായ് പഴുത്തപ്പോള്‍ കാക്കയ്ക്ക് വായില്‍പ്പുണ്ണ് എന്ന പറഞ്ഞപോലെ കയ്യെത്തും ദൂരത്ത് അത് നഷ്ടമായി. എല്ലാ തവണയും പൊന്നിന്‍തളികയില്‍ വച്ചു നീട്ടപ്പെട്ട പദവി തട്ടിത്തെറുപ്പിച്ചത് അദ്ദേഹത്തിന്റെ മാതൃസംഘടന തന്നെയായിരുന്നു.

1965ല്‍ പാലായില്‍ വിജയിച്ച മാണി സാര്‍ 1967, 70, 77, 80, 82, 87, 91, 96, 2001, 2006, 2011 എന്നിങ്ങനെ തുടര്‍ച്ചയായി നടന്ന 11 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് റിക്കാര്‍ഡിട്ടു. 77 മുതല്‍ 78 വരെ സംസ്ഥാന ആഭ്യന്തരമന്ത്രിയുമായി. 79ല്‍ പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചൊഴിഞ്ഞതോടെ നറുക്കു വീഴുമെന്ന് അദ്ദേഹം വല്ലാതെ മോഹിച്ചെങ്കിലും ആജന്മപാരപണിയില്‍ പിഎച്ച്ഡി നേടിയ കോണ്‍ഗ്രസുകാര്‍ അവസാന നിമിഷം പാലം വലിച്ചു. മുസ്ലിം ലീഗിന്റെ സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. പക്ഷേ ആ കസേരയില്‍ രണ്ടു മാസം തികച്ചിരിക്കാനേ സി എച്ചിനെ മാണി സാര്‍ അനുവദിച്ചുള്ളൂ. വീണ്ടും മുഖ്യമന്ത്രിക്കസേരയ്ക്കായി മാണി സാര്‍ പരിശ്രമം തുടങ്ങിയെങ്കിലും മന്ത്രിസഭ പിരിച്ചുവിട്ട് കോണ്‍ഗ്രസ്-ലീഗ് കൂട്ടുകെട്ട് പകരം വീട്ടി. അന്നു മുതല്‍ അദ്ദേഹവും കേരള കോണ്‍ഗ്ര(എം)സും യുഡിഎഫിലും നിയമസഭയിലും ഒക്കെ മൂന്നാം സ്ഥാനത്തായി. അംഗബലം കൊണ്ടും സമുദായഐക്യം കൊണ്ടും മുസ്ലിം ലീഗ് വിഘടിക്കാതെ നിന്നപ്പോള്‍ കേരള കോണ്‍ഗ്രസാകട്ടെ വളരുംതോറും പിളരുമെന്ന പ്രത്യയശാസ്ത്രത്തെ മുറുകെ പിടിച്ച് ഇരുമുന്നണികളിലുമായി തളയ്ക്കപ്പെട്ടു.

മുഖ്യമന്ത്രി പദമേറാന്‍ സാധിച്ചില്ലെന്ന ഒറ്റക്കുറവ് ഒഴിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ എല്ലാം കൊണ്ടും സമ്പന്നനാണ് മാണി സാര്‍. ഏറ്റവും കൂടുതല്‍ തവണ ധനമന്ത്രിയായിരുന്ന് കേരള ബജറ്റവതരിപ്പിച്ചെന്ന നേട്ടം മാത്രമല്ല അദ്ദേഹത്തിന് സ്വന്തമായത്. മധ്യതിരുവിതാംകൂര്‍ നസ്രാണിമാരെ സഭയുടെ പിന്‍ബലത്തോടെ ഒരുമിച്ചണിനിരത്തി വോട്ടുബാങ്കാക്കി വിലപേശാനുള്ള കുഞ്ഞുമാണിയുടെ മിടുക്ക് കേരളം പലകുറി കണ്ടതാണ്. റവന്യൂ വകുപ്പ് കൈവശം വച്ച് തെക്കന്‍-മധ്യ കേരളത്തിന്റെ മലയോരമേഖല ഒന്നാകെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും തീറെഴുതിയെന്ന് എതിരാളികള്‍ ഉന്നയിക്കുന്ന വെറും ആരോപണം മാത്രമെന്ന് കേരള കോണ്‍ഗ്രസുകാര്‍ പറയും. പട്ടയം, പട്ടയം എന്ന് കേരളം കേട്ടുതുടങ്ങിയതു തന്നെ മാണി സാര്‍ റവന്യൂ വകുപ്പ് കൈകാര്യം ചെയ്തു തുടങ്ങിയതോടെയാണ്. ദോഷം പറയരുതല്ലോ ചുമ്മാ എല്ലാവര്‍ക്കും ഭൂമി ദാനം ചെയ്യാന്‍ താന്‍ മഹാബലിയുടെ പുനരവതാരമല്ലെന്നു മാണി സാറിന് നന്നായി അറിയാം. കാടിന്റെ മക്കളായ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നിയമമില്ലാത്തതുകൊണ്ടാണല്ലോ മാണി സാറും സാറിന്റെ പാര്‍ട്ടിയും വനഭൂമിയില്‍ തൊടാത്തത്. പിന്നെ പണ്ടത്തെ സഹകാരി പിള്ളേച്ചനും മകനും ഏതാണ്ടൊക്കെ ഏഷണി പറഞ്ഞു നടക്കുന്നത് അസൂയ കൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ മനസ്സിലാകും.

ഇത്ര കാലമായിട്ടും എന്തൊക്കെ സൗഭാഗ്യങ്ങളുണ്ടായിട്ടും ഒരു സങ്കടം മാണി സാറിനെ വല്ലാണ്ട് അലട്ടുന്നുണ്ട്. കുട്ടിയമ്മയെും അഞ്ച് പെണ്‍മക്കളെയും ഒക്കെ കാര്യമായി സ്‌നേഹിക്കാനും പരിപാലിക്കാനും ഒക്കെ മാണി സാറിന് കഴിഞ്ഞെങ്കിലും മകന്‍ ജോസ് കെ. മാണിയുടെ കാര്യത്തിലാണ് സങ്കടം അവശേഷിക്കുന്നത്. ചെറുക്കനെ ഒരു കര പറ്റിക്കാന്‍ പാലായുടെ കിരീടം വയ്ക്കാത്ത രാജാവായ മാണി സാറിന് സാധിച്ചില്ല. 2004ല്‍ മൂവാറ്റുപുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അന്ന് ജയിച്ചതോ ആജന്മവൈരിയായ പി.ടി. ചാക്കോയുടെ മകന്‍ പി.സി. തോമസ്. പോരെ മനസ്സമാധാനം നഷ്ടപ്പെടാന്‍. എന്തായാലും 2009ല്‍ ജോസ് കെ. മാണിയെ കോട്ടയത്തു നിന്ന് മത്സരിപ്പിച്ച് ലോക്‌സഭയിലെത്തിച്ചു. എന്നാല്‍ അച്ഛനെ ഒതുക്കിയ കോണ്‍ഗ്രസ് കൂടാരത്തിലാണ് മകന്‍ ചെന്നെത്തിയിരിക്കുന്നതെന്ന തിരിച്ചറിവ് മാണി സാറിനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റുമായി കേരള കോണ്‍ഗ്രസ് തൂക്കു സഭയിലെത്തിയത് കുഞ്ഞു മാണിയില്‍ കുഞ്ഞു പ്രതീക്ഷ മുളപ്പിച്ചു.

ഒരു അംഗത്തിന്റെ മാത്രം ബലത്തില്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന ഉമ്മന്‍ചാണ്ടിയെ അന്നുമുതല്‍ മാണി സാര്‍ മുള്‍മുനയില്‍ നിര്‍ത്തിപ്പോന്നു. പക്ഷേ ചാണ്ടിയാരാ മോനെന്ന് മാണിസാറിന് വഴിയേ മനസ്സിലായി. യുപിഎ ഭരണകാലത്ത് ജോസ് കെ. മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാന്‍ മാണി സാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും നടന്നില്ല. കോണ്‍ഗ്രസുകാര്‍ നടത്തിയില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജോസ് കെ. മാണിയെ കോട്ടയം കൈവിട്ടില്ല. പക്ഷേ ദല്‍ഹിയില്‍ പ്രതിപക്ഷത്തിരിക്കാനാണ് യോഗം. ജോസ് മാണി ദല്‍ഹിയില്‍ പ്രതിപക്ഷത്തും അപ്പന്‍ മാണി തിരുവനന്തപുരത്ത് ഭരണപക്ഷത്തുമായി കാര്യങ്ങള്‍ ചൊവ്വിനു പോകുമ്പോഴായിരുന്നു ഇടതു സഖാക്കന്മാര്‍ക്ക് ഉള്‍വിളിയുണ്ടായത്. എന്തുകൊണ്ട് സര്‍വഥാ യോഗ്യനായ മാണി സാറിന് മുഖ്യമന്ത്രിയായിക്കൂടാ ? ഉമ്മന്‍ചാണ്ടിയെയും ചാണ്ടിയുടെ ഭരണത്തെയും കേരളജനത വെറുത്തു. ഇനിയും ചാണ്ടിയെ സഹിക്കാന്‍ കഴിയില്ല. പ്രതിപക്ഷത്താണെങ്കിലും ജനഹിതം നിറവേറ്റാനുള്ള കടമ തങ്ങള്‍ക്കുണ്ടല്ലോ. പക്ഷേ ചാണ്ടിക്കു നാമമാത്രമായെങ്കിലും ഭൂരിപക്ഷമുണ്ട്. ഘടകകക്ഷിയായ മുസ്ലിം ലീഗാകട്ടെ ചാണ്ടിക്കു പുറകില്‍ പാറ പോലെ ഉറച്ചു നില്‍ക്കുകയാണ്. പിന്നെന്തു ചെയ്യും ? അപ്പോഴാണ് മുഖ്യമന്ത്രി പദം സ്വപ്നം കണ്ടുകഴിയുന്ന മാണി സാറിനെ ശ്രദ്ധയില്‍പ്പെട്ടത്. അങ്ങനെ ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ഇടനിലക്കാരനായ പി.സി. ജോര്‍ജിനെ ദല്ലാളാക്കി സിപിഎം കരുക്കള്‍ നീക്കി. വര്‍ഷങ്ങളായി കൂടെയുള്ള സിപിഐയെ പോലും ഇക്കാര്യത്തില്‍ ഗൗനിച്ചില്ല. മാണി സാറാകട്ടെ സിപിഎമ്മിന്റെ ഓഫര്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ നിലപാടെടുത്തു. മാണി മനസ്സില്‍ കണ്ടത് ചാണ്ടി മാനത്തു കണ്ടു. കൊടുത്തു പണി. ബാര്‍ ഉടമ ബിജു രമേശാണ് മാണി സാര്‍ ഒരുകോടി കോഴ ചോദിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. 50 കൊല്ലം കൊണ്ട് കെട്ടിപ്പൊക്കിയ പ്രതിച്ഛായ ഒരു മിനിട്ടുകൊണ്ട് തകര്‍ന്നടിഞ്ഞു. പെട്ടെന്നൊന്നും തോല്‍വി സമ്മതിക്കാന്‍ മാണി സാര്‍ തയ്യാറായില്ല. പക്ഷേ ആഭ്യന്തരവകുപ്പ് കയ്യിലുള്ള ചെന്നിത്തലക്കാരന്‍ ഒറിജിനല്‍ നായരെ വിലയിരുത്തുന്നതില്‍ ചെറിയൊരു വീഴ്ച പറ്റി. കിട്ടിയ തക്കത്തിന് ഉമ്മന്‍ചാണ്ടിയുടെ ചിറകരിയാനുള്ള അവസരം ചെന്നിത്തല നായര്‍ പാഴാക്കിയില്ല. വിജിലന്‍സിനെ ഒളിഞ്ഞും തെളിഞ്ഞും ഇറക്കി പയറ്റി. അവസാനം സന്നിഗ്ധഘട്ടത്തില്‍ പി.ജെ. ജോസഫും കൈവിട്ടു. യുഡിഎഫ് ആകട്ടെ ജോസഫിനെ കയ്യിലെടുക്കുകയും ചെയ്തു. ഫലമോ കരിങ്ങൊഴിക്കല്‍ മാണി മാണി എന്ന കേരള രാഷ്ട്രീയത്തിലെ ഷെവലിയാറിന് രാജിവയ്‌ക്കേണ്ടി വന്നു. പക്ഷേ ഇതുകൊണ്ടൊന്നും മാണി സാറിനെ ഒതുക്കാമെന്ന് ആരും കരുതേണ്ട. ആവനാഴിയില്‍ അസ്ത്രങ്ങള്‍ ഒരുപാടുണ്ട്. വേണ്ടിവന്നാല്‍ യുഡിഎഫ് എന്ന സംവിധാനത്തെ തന്നെ പൊളിച്ചെഴുതും. പിളരുന്തോറും വളരുകയും വളര്‍ന്നപ്പോഴൊക്കെ പിളരുകയും ചെയ്ത കേരള കോണ്‍ഗ്രസെന്ന മലയോര കര്‍ഷക പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ അരനൂറ്റാണ്ടു കൊണ്ടുനടന്ന പാരമ്പര്യമുണ്ട്. അതാരും മറക്കരുത്. പാലാക്കാര്‍ മതി എന്നു പറയുന്നിടത്തോളം കാലം താന്‍ നിയമസഭയില്‍ തന്നെയുണ്ടാകുമെന്നാണ് മാണി സാറിന്റെ നിലപാട്.

പല്ലു പോയ സിംഹത്തിനെക്കൊണ്ട് ഇര പിടിക്കാന്‍ കഴിയില്ലെന്നാണ് പറയാറ്. പക്ഷേ അഴിമതി ആരോപണത്തില്‍ കുടുങ്ങി രാജിവച്ച മാണിയെക്കൊണ്ട് കേരളത്തില്‍ ആര്‍ക്കും പ്രയോജനമില്ലെന്നു പറഞ്ഞുകൂടാ. തത്കാലം മുന്നണികള്‍ക്ക് മാണിയെ വേണ്ട. എന്നാല്‍ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രം സൂക്ഷിക്കുന്ന മാണിയെ മറ്റൊരു കൂട്ടര്‍ക്കു വേണം. വേറാരുമല്ല, നമ്മുടെ കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വപ്പാര്‍ട്ടിക്കാരാണ് രണ്ടും കയ്യുംനീട്ടി ചുവന്ന പരവതാനി മാണിക്കായി വിരിച്ചിരിക്കുന്നത്. അവര്‍ക്ക് മാണി വെറും മാണിയല്ല, പാലേലെ മാണിക്യമാണ്. ബിജെപി പുറമെ ഹിന്ദുത്വം പറയുമെങ്കിലും പ്രവൃത്തിയില്‍ കണ്ടെത്തണമെങ്കില്‍ അരിച്ചുപെറുക്കണം. അതുകൊണ്ടാണല്ലോ മാണിയെ ഇടതുപക്ഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ക്ഷണിച്ചപ്പോള്‍ മകന്റെ ഭാവി മുന്‍നിര്‍ത്തി തങ്ങളുടെ കൂടെ കൂടാന്‍ ബിജെപി മുഖപത്രത്തിലൂടെ ഉപദേശിച്ചത്. എംപിയായ മകന്‍ ജോസ് കെ. മാണിയെ കേന്ദ്രത്തില്‍ സഹമന്ത്രിയാക്കാനുള്ള സാധ്യതകളാണ് മുഖപത്രത്തിലെ ലേഖനത്തില്‍ ആരാഞ്ഞത്. ചാനലുകളായ ചാനലുകള്‍ എടുത്തലക്കിയപ്പോള്‍ ലേഖകന്റെ സ്വന്തം അഭിപ്രായമാണെന്നു പറഞ്ഞ് തടിയൂരി.

പക്ഷേ കേന്ദ്രം വിട്ടില്ല, ചരക്കു സേവന നികുതി ഏകോപന സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം മാണിക്കു നല്‍കിയാണ് അവര്‍ സംതൃപ്തരായത്. അങ്ങനെ കേന്ദ്രത്തില്‍ ഒരുപിടിവള്ളി കിടക്കുമ്പോഴാണ് ബാര്‍ കോഴയും നോട്ടെണ്ണുന്ന യന്ത്രവും… ആകെ പുലിവാലായി. ആരോപണവിധേയനായ മാണി ധനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഇടതുപക്ഷവും ഭരണപക്ഷവും കേരളത്തിലെ ബിജെപിയും ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രം കനിഞ്ഞരുളിയ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാണിയെ നീക്കാന്‍ ബിജെപിക്കാരോ എന്തിന് ഇടതുപക്ഷമോ പോലും ആവശ്യപ്പെട്ടില്ല. ഇത്രയൊക്കെയേ ഉള്ളൂ പാരമ്പര്യവും ആദര്‍ശവും ഒക്കെ. മാണി ധനമന്ത്രിസ്ഥാനം രാജിവച്ചതോടെ സമിതി അധ്യക്ഷസ്ഥാനവും സ്വമേധയാ നഷ്ടപ്പെട്ടു. എന്നാലും ബിജെപിക്കാര്‍ വിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലും മാണിയുടെ പാര്‍ട്ടിയുമായി നടത്തിയ നീക്കുപോക്കുകള്‍ അതീവ രഹസ്യമായി വച്ചിരുന്നതാണ്. ബിജെപിയുടെ അന്തിക്രിസ്തുവായ മാധ്യമങ്ങള്‍ അതും പുറത്തുകൊണ്ടുവന്നു. മാണി സാറിന്റെ സമയം കൊള്ളാം. കേരളത്തില്‍ പൊട്ടിയെങ്കിലും കേന്ദ്രത്തില്‍ പൊങ്ങാനാണ് യോഗം. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ജോസ് കെ. മാണി കേന്ദ്ര സഹമന്ത്രിയാകുമെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ അടുക്കളരഹസ്യം. അങ്ങനെ പാലാക്കാരുടെ സ്വന്തം പോപ്പ് എങ്ങനെ വീണാലും പൂച്ച നാലുകാലേല്‍ എന്നു പറഞ്ഞപോലെ ഇവിടെ മുങ്ങി അവിടെ പൊങ്ങും.

COLUMN : BY THE PEOPLE

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close