‘പാലക്കാടന്‍ കാറ്റു’മായി വീണ്ടും മാല്‍ഗുഡി ശുഭ മലയാളത്തിലേക്ക്; ഗോകുല്‍ സുരേഷ് നായകനായെത്തുന്ന പപ്പുവിലെ ടൈറ്റില്‍ ഗാനം പുറത്ത്

തേന്‍മാവിന്‍ കൊമ്പത്തിലെ ‘നിലാപൊങ്കലായാലോ’ എന്ന ഗാനം അത്രപെട്ടന്നൊന്നും ആസ്വാദകര്‍ മറക്കാനിടയില്ല. ആ ഗാനമാലപിച്ച മാല്‍ഗുഡി ശുഭയെയും മലയാളികള്‍ മറന്നുകാണില്ല. തന്റെ സ്വര മാധുര്യം കൊണ്ട് മലയാളിമനസ്സുകള്‍ കീഴടക്കാന്‍ ശുഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വീണ്ടും മലയാളം കീഴടക്കാന്‍ എത്തുകയാണ് മാല്‍ഗുഡി ശുഭ. ‘പപ്പു’ എന്ന ചിത്രത്തിലെ ‘പാലക്കാടന്‍ കാറ്റേ..പനയോല കാറ്റേ’ എന്ന ടൈറ്റില്‍ ഗാനമാണ് ശുഭ ആലപിക്കുന്നത്. നാട്ടിന്‍പുറത്തെ പ്രണയം പറയുന്ന ചിത്രമാണ് പപ്പു.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി ജയറാം കൈലാസ് ആണ്. ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത് ഉമേഷ് കൃഷ്ണനാണ്. പുതുമുഖം ഇഷ്‌നി റാണിയാണ് ചിത്രത്തിലെ നായിക. ഗണപതി, ഷെഹിന്‍ സിദ്ദിഖ്, മറീന മൈക്കിള്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

പാലക്കാടിന്റെ പ്രകൃതിഭംഗി വിവരിക്കുന്ന ഗാനമാണിത്. പാലക്കാടന്‍ കാറ്റിന്റെ പ്രത്യേകതയും നാട്ടിന്‍പുറത്തുകാരുടെ സവിശേഷതയും പ്രണയവും എല്ലാം ഈ ഗാനത്തിലൂടെ കടന്നുപോകുന്നുണ്ട്. കോഴിക്കോടിന്റെയും ഇടുക്കിയുടെയും തൃശൂരിന്റെയും ഗാനങ്ങളെല്ലാം മലയാളികള്‍ ഏറ്റെടുത്തിരുന്നു ഇനി പാലക്കാടന്‍ കാറ്റും തരംഗമാകും എന്നതില്‍ സംശയമില്ല.

ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അരുള്‍ ദേവ് ആണ്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദ് , പി.റ്റി ബിനു , ജയശ്രീ കിഷോര്‍ എന്നിവരാണ്. നാലുഗാനങ്ങള്‍ ഉള്ള ചിത്രത്തില്‍ ഒരു ഗാനം സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ബെന്നി ധയാല്‍ ആണ്. നിസാര്‍ മുഹമ്മദ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, കോസ്റ്റിയൂം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് പ്രദീപ് രംഗന്‍ , ആര്‍ട്ട് നാഥന്‍ മണ്ണൂര്‍, സ്റ്റില്‍ ക്ലിന്റ് ബേബി. പി.ആര്‍.ഒ ദിനേശ് എ സ്.

 

Show More

Related Articles

Close
Close