ബജറ്റ് സമ്മേളനം നാളെ മുതല്‍

parali

സോളാറിന്‍റെ ചൂടും ബാര്‍ കോഴയുടെ വീര്യവും നിറഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍ പതിമൂന്നാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിനു നാളെ തുടക്കം. രാജ്യസഭാ തെരഞ്ഞെടുപ്പിനായി ഒരു തവണ കൂടി ചേരേണ്ടി വരുമെങ്കിലും ഫലത്തില്‍ ഈ നിയമസഭയുടെ അവസാന സമ്മേളനമാണിത്. ബജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലും മുഖ്യ അജന്‍ഡ.

എന്നാല്‍, നിയമസഭയുടെ നിരവധി സെഷനുകള്‍ വെള്ളത്തിലാക്കിയ സോളാര്‍, ബാര്‍ കോഴ ആരോപണങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ പ്രസ്തക്തമായി നില്‍ക്കുന്നതു സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കും.
സോളാര്‍ അന്വേഷണ കമ്മിഷനില്‍ സരിത എസ്. നായര്‍ നടത്തിയ വെളിപ്പെടുത്തലുകളും ബാര്‍ കോഴ കേസിലെ കോടതിവിധികളുമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്.

ആര്‍എസ്പിയുടെ കോവൂര്‍ കുഞ്ഞുമോന്‍റെ രാജിയിലൂടെ ഭരണപക്ഷത്തിന്‍റെ അംഗബലവും കുറഞ്ഞു. എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരേ തുടരുന്ന കോടതി നടപടികളാണ് പ്രതിപക്ഷത്തിനെതിരേ ഭരണപക്ഷത്തിന് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധം. നാളെ മുതല്‍ 25 വരെ 14 ദിവസമാണ് സഭ സമ്മേളിക്കുന്നത്. നാളെ രാവിലെ ഒമ്പതിനു ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും.

ഇതില്‍നിന്നു പിന്മാറണമെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഭരണഘടനാപരമായ ബാധ്യത നിറവേറ്റുമെന്നും പിന്മാറാന്‍ കഴിയില്ലെന്നുമാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍ പ്രതിപക്ഷം പരിഗണിക്കുന്നു. സഭയ്ക്കു പുറത്ത് മുഖ്യമന്ത്രിയെയും ആരോപണ വിധേയരായ മന്ത്രിമാരെയും ബഹിഷ്കരിക്കുന്നതു തുടരും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close