പൊതു ആവശ്യങ്ങള്‍ക്ക് വയല്‍ നികത്താന്‍ സര്‍ക്കാര്‍ തീരുമാനം മതി; പ്രാദേശികാനുമതി വേണ്ട

വന്‍കിട സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥലമെടുക്കുന്നത് സുഗമമാക്കാന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നു. പൊതു ആവശ്യങ്ങള്‍ക്കായി സ്ഥലം നികത്തുന്നതിന് സര്‍ക്കാരിനുതന്നെ തീരുമാനം എടുക്കാമെന്നാണ് പ്രധാന ഭേദഗതി. പ്രാദേശികതല സമിതികളുടെ അനുമതി വേണമെന്ന 2008-ലെ നിയമത്തിലെ വ്യവസ്ഥ ഒഴിവാക്കി. ഗെയ്ല്‍ പാചകവാതക പൈപ്പ് ലൈന്‍ പദ്ധതി, ദേശീയപാതാ വികസനം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കല്‍ കീറാമുട്ടിയായി തുടരുകയാണ്.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്താണ് നിയമഭേദഗതി കൊണ്ടുവരുന്നത്. നിയമഭേദഗതി ഓര്‍ഡിനന്‍സായി ഇറക്കാനാണ് ആദ്യം ഉദ്ദേശിച്ചത്. എന്നാല്‍, നിയമസഭാസമ്മേളനം ജനുവരിയില്‍ തുടങ്ങാനിരിക്കുന്നതിനാല്‍ സഭയില്‍ ബില്ലായി കൊണ്ടുവരും. പ്രാദേശികമായി ഏറെ എതിര്‍പ്പുയരുന്ന പദ്ധതികള്‍ക്കായി തണ്ണീര്‍ത്തടം നികത്താന്‍ പ്രാദേശിക സമിതികള്‍ അനുമതി നല്‍കുന്നതിന് തടസ്സം നേരിടുന്നുണ്ട്. കാലതാമസവും നേരിടുന്നു. പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.

തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, കര്‍ഷകരുടെ രണ്ട് പ്രതിനിധികള്‍ എന്നിവരാണ് പ്രാദേശിക സമിതികളിലുള്ളത്. സര്‍ക്കാരിന് മുന്‍തൂക്കമുള്ളവയാണെങ്കിലും പ്രാദേശികമായ എതിര്‍പ്പ് ഇത്തരം സമിതികളുടെ മേല്‍ വലിയ സമ്മര്‍ദമാണ് ചെലുത്തുന്നത്. ഇതേസമയം നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണനിയമംവന്ന 2008-ന് മുമ്പ് നികത്തിയ വയലും മറ്റും വില്ലേജ് ഓഫീസ് രേഖയില്‍ പുരയിടമായി മാറ്റിനല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമഭേദഗതി ആയിട്ടില്ല.

‘സര്‍ക്കാര്‍തലത്തില്‍ തീരുമാനിക്കുന്ന പദ്ധതികള്‍ക്ക് താഴെത്തട്ടില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും അനുമതി നല്‍കണമെന്ന വ്യവസ്ഥ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ അപാകമാണ്. ചീഫ് സെക്രട്ടറി ഉത്തരവിറക്കുന്ന ഒരു കാര്യത്തില്‍ പ്രാദേശികതലത്തില്‍ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ തുടങ്ങിയവരടങ്ങുന്ന സമിതി വീണ്ടും അനുമതിനല്‍കേണ്ട കാര്യമില്ല. ഇത് വലിയ കാലതാമസത്തിന് കാരണമാകുന്നു. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിലെ ഈ വ്യവസ്ഥ ഒഴിവാക്കി നിയമത്തില്‍ മാറ്റം വരുത്തും -നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്

Show More

Related Articles

Close
Close