അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കും: മുഖ്യമന്ത്രി

സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചു നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നൂറു ദിവസം സര്‍ക്കാറിന് നല്‍കിയ പിന്തുണ മുന്നോട്ടും ഉണ്ടാകണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാര്‍ഥ്യമാക്കും. നൂറുദിവസം ജനങ്ങള്‍ പിന്തുണച്ചു. മുന്നോട്ടും അതിനുവേണ്ടി പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നൂറുദിനത്തില്‍ ‘മാന്‍ കി ബാത്ത്’ മാതൃകയില്‍ റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതിനകം മുപ്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് ശുചിമുറി നിര്‍മ്മിച്ച് നല്‍കിക്കഴിഞ്ഞു. തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യവിസര്‍ജന വിമുക്തസംസ്ഥാനമായി മാറാന്‍ ഒരുങ്ങുകയാണു കേരളം. നവംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ പ്രഖ്യാപനം നടത്തും വിധം ഒരുക്കം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമാക്കും. എല്‍എന്‍ജി പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി താപോര്‍ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തും. നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങള്‍ക്കു ഭവനനിര്‍മാണവും 10,000 പട്ടികജാതിക്കാര്‍ക്കു വിവാഹ ധനസഹായവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഞ്ചുവര്‍ഷം കൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വരുന്ന കേരളപ്പിറവി ദിനത്തില്‍ 100 ശതമാനം വീടുകളിലും അനുബന്ധമായി ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്കിടയിലെ ലഹരി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഈ മഹാവിപത്തിനെ കേരളത്തില്‍ നിന്ന് പിഴുതെറിയാന്‍ മാതാപിതാക്കളും സര്‍ക്കാറിനൊപ്പം അണിചേരണം. വിഷാംശമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത നേടിയെടുക്കണം. സ്ത്രീസുരക്ഷ, വിലക്കയറ്റം തടയല്‍, തൊഴില്‍സാധ്യത സൃഷ്ടിക്കല്‍ എന്നിവക്കുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ തുടര്‍ന്നുവരുന്നു. ഇതിന്റെ മാറ്റം സംസ്ഥാനത്ത് കണ്ടുതുടങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

Show More

Related Articles

Close
Close