ഭീകരതയ്ക്ക് മതമില്ലെന്ന് മുഖ്യമന്ത്രി

ദേശവിരുദ്ധ നിലപാട് എടുക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 21 പേരുടെ തിരോധാനം അതീവ ഗൗരവമുള്ള വിഷയമാണ്. കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് ശക്തമായ നടപടിയെടുക്കും. ഭീകരവാദത്തിനു മതാടിസ്ഥാനമില്ല. മുസ്‌ലിംകളെ ആകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കാണാതായവര്‍ വ്യത്യസ്ത ആവശ്യങ്ങള്‍ പറഞ്ഞ് വീട്ടില്‍നിന്നു പോയെന്നാണ് ആഭ്യന്തരവകുപ്പിനു കിട്ടിയിരിക്കുന്ന വിവരം. എന്നാല്‍ ഇവര്‍ ഐഎസില്‍ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേര്‍ന്നതാണോയെന്നതു സംബന്ധിച്ചൊരു സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇവര്‍ ഐഎസില്‍ ചേര്‍ന്നുവെന്നും മറ്റുമാണ് വിവരങ്ങള്‍ ലഭിക്കുന്നത്. ഫിറോസ് എന്നയാള്‍ മുംബൈ പൊലീസിന്റെ പിടിയിലായതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ചും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇത്തരം സംഭവങ്ങള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇതില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തരുത്. മുസ്‌ലിംകളെയാകെ സംശയത്തിന്റെ നിഴലിലാക്കുന്ന അവസ്ഥയുണ്ടാകരുത്.

മലയാളികളുടെ തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ പങ്കിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു. 21 പേരുടെ തിരോധാനം അതീവ ഗൗരവതരമാണ്. ഐഎസുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വാര്‍ത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വരുന്നത്. നിരവധിപ്പേരെ കേരളത്തില്‍നിന്നു കാണാതായിട്ടുണ്ട്. വാട്ട്‌സ്ആപ്പ് പോലുള്ള മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന കാര്യങ്ങള്‍ മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നും അതു നിയന്ത്രിക്കാന്‍ നടപടികളെടുക്കണമെന്നും ചെന്നിത്തല സബ്മിഷനില്‍ ആവശ്യപ്പെട്ടു.

Show More

Related Articles

Close
Close