ചൈന നയത്തില്‍ കോടിയേരിയെ പിന്തുണച്ച് പിണറായി വിജയന്‍

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈന നയത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സോഷ്യലിസ്റ്റ് പാതയില്‍ അടിയുറച്ച് വന്‍ സാമ്പത്തിക ശക്തിയായി വളരുന്ന ചൈനയെ തകര്‍ക്കാനുള്ള ശ്രമമാണ് അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. ചേരിചേരാനയം അട്ടിമറിച്ച് അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയായി മാറിയ ഇന്ത്യ അതിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം കണ്ണൂര്‍ ജില്ല സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോടിയേരിക്കെതിരെ രാജ്യദ്രോഹക്കുറ്റമാരോപിച്ച് ബി.ജെ.പി രംഗത്തുവന്നതിന് പിന്നാലെയാണ് കോടിയേരിയുടെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തുവന്നത്.

ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്ന് അമേരിക്ക ഏകപക്ഷീയമായി നിലപാടെടുത്തു. പലസ്തീനെ തകര്‍ക്കുന്ന സമീപനത്തിന്റെ ഭാഗമായി ഇസ്രായേലിനെ ഉപയോഗിക്കുന്ന നയമാണ് അമേരിക്കന്‍ സാമ്രാജത്വം സ്വീകരിക്കുന്നത്. യുദ്ധങ്ങളിലും സാമ്പത്തിക പ്രതിസന്ധികളിലും ഒതുങ്ങുന്ന ആക്രമണോസ്തുകതയല്ല അമേരിക്കയുടേത്. പാരസ്ഥിതിക പ്രശ്‌നങ്ങളിലും അമേരിക്ക ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസിനോട് സഹകരണം വേണ്ടെന്ന കാരാട്ടുപക്ഷ നിലപാടിനൊപ്പമാണെന്ന് പിണറായി വ്യക്തമാക്കി. ഏതെങ്കിലും ഏച്ചുകൂട്ടലുകളിലൂടെ ബി.ജെ.പിയെ പരാജയപ്പെടുത്താമെന്ന കാഴ്ചപ്പാട് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ശരിയായ നയസമീപനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ബദലിന് മാത്രമേ സാധിക്കൂ എന്ന് പിണറായി ചൂണ്ടിക്കാട്ടി. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം മാത്രമാണ്. ആ ദൗത്യം ഏറ്റെടുക്കാനായി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Show More

Related Articles

Close
Close