മലയാളികള്‍ ഐസിസില്‍ ചേര്‍ന്നെന്ന വാര്‍ത്ത അതീവഗൗരവം

കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ സിറിയയിലേക്ക് പോയതായുള്ള വാര്‍ത്ത അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

കേരളത്തില്‍ നിന്നും 16 പേര്‍ ഐസിസില്‍ ചേര്‍ന്നതായുളള വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന ഒരു വിവരവും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ 12 പേരും പാലക്കാട് ജില്ലയിലെ നാലുപേരും അടങ്ങുന്ന സംഘം അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഉള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാംപില്‍ എത്തിയതായി സംശയിക്കുന്നതായി ഇന്നലെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. ഒരു മാസമായി കാണാതായ ഇവരില്‍ നിന്നും കഴിഞ്ഞ ദിവസം വാട്‌സാപ്പിലൂടെ സന്ദേശം എത്തിയിരുന്നു. ഇനി ദൈവിക ലോകത്താണെന്നും തങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടന്നെുമാണ് ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തിലുളളത്. സിറിയ, ഇസ്രയേല്‍,ഇറാഖ്,തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് ഇവരുള്ളതെന്ന് ബന്ധുക്കള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 16പേരാണ് വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒരുമാസത്തിനിടെ നാട്ടില്‍ നിന്നും പോയത്. തൃക്കരിപ്പൂരിലെ അബ്ദുള്‍ റഷീദ് അബ്ദുളള, ഭാര്യ ആയിഷ, രണ്ടു വയസുളള കുട്ടി, പടന്നയിലെ ഡോ.ഇജാസ്, ഭാര്യ ഡോ.ജസീല, ഇജാസിന്റെ അനുജനും എന്‍ജിനീയറിങ് ബിരുദധാരിയായ ഷിഹാസ്, ഭാര്യ ഉളളാള്‍ സ്വദേശി അജ്മല, ഹഫീസുല്‍, അഷ്ഫാക്ക്, തൃക്കരിപ്പൂരിലെ മര്‍വാന്‍,ബാക്കാരിമുക്കിലെ മര്‍ഷാദ്,ഫിറോസ്, പാലക്കാട് സ്വദേശികളായ ഈസ, യഹിയ എന്നിവരും അവരുടെ ഭാര്യമാരെയുമാണ് കാണാതായതായി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

Show More

Related Articles

Close
Close