ഭീകരവാദത്തെ പൊരുതി തോൽപ്പിക്കാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവർ ഒന്നിക്കണം

ഭീകരവാദത്തെ പൊരുതി തോൽപ്പിക്കാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവർ ഒന്നിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.

യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൻ കരഘോഷത്തോടെ ആണ് വരവേറ്റത്. ഇന്ത്യയുടെ അയൽപക്കത്ത് ഭീകരതയ്ക്ക് പ്രചോദനം ലഭിക്കുന്നുണ്ട്. ഭീകരർക്ക് നിയമപരിരക്ഷ നൽകുന്നത് അവസാനിപ്പിക്കണമെന്നും പാകിസ്‍താനെ ഉദ്ദേശിച്ച് നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം നൂറ്റാണ്ടിന്‍റെ പങ്കാളിത്തം ആണെന്നും , ഇന്ത്യ-അമേരിക്ക സഖ്യം ലോകത്തിന്‍റെ ഉന്നതിയുടെ നെടുംതൂണ് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിമത്തം ഇല്ലാതാക്കിയ മുൻ അമേരിക്കൻ പ്രസിഡന്‍റ് എബ്രഹാം ലിങ്കണിന്‍റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ഗാന്ധിജിയുടെ അഹിംസവാദം മാർട്ടിൻ ലൂഥർ കിംഗിന് പ്രചോദനമായി. അമേരിക്കയുടെ ജനാധിപത്യം നിരവധി രാജ്യങ്ങൾക്ക് പ്രചോദനമനായി എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മുംബൈ ഭീകരാക്രമണം നടന്ന വേളയിൽ അമേരിക്ക നൽകിയ പിന്തുണ ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കൻ കമ്പനികളിലെ മികച്ച സിഇഒമാരും ശാസ്ത്രജ്ഞരും ഇന്ത്യൻ വംശജരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അമേരിക്കയിലുളള മൂന്ന് ദശലക്ഷം ഇന്ത്യക്കാരാണ് ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത്. ജനാധിപത്യ ആശയങ്ങളില്‍ ഇന്ത്യക്കും അമേരിക്കയും ഏറെ സമാനതകള്‍ ഉണ്ടെന്നും ഭരണഘടനയാണ് ഇന്ത്യയുടെ വിശുദ്ധഗ്രന്ഥമെന്നും മോദി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധത്തിന്‍റെ ഊഷ്മളത വെളിവാക്കാൻ അമേരിക്കൻ കവി വോൾട്ട് വിറ്റ്മാന്‍റെ വരികൾ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Show More

Related Articles

Close
Close