കള്ളപ്പണം: വിവരം കൈമാറാന്‍ സ്ഥിരസംവിധാനം

pm-modi-at-joint-press-statement-india-switzerland-in-genevaസുപ്രധാനമായ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനത്തിലൂടെ സുപ്രധാനമായ നേട്ടങ്ങള്‍ കൈവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വൈകിട്ട് അമേരിക്കയ്ക്കു തിരിച്ചു. ആണവ വിതരണ കൂട്ടായ്മ (എന്‍എസ്ജി) യില്‍ അംഗത്വം നേടാനും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അംഗത്വത്തിനും സ്വിസ്സ് പിന്തുണ നേടിയ മോദി കള്ളപ്പണക്കാരായ ഭാരതീയ നിക്ഷേപകരുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള കരാര്‍ ഉറപ്പിച്ചു.ആണവ വിതരണ കൂട്ടായ്മ എന്ന 48 അംഗ രാജ്യങ്ങളുടെ സംഘത്തില്‍ പ്രവേശനം ലഭിക്കാന്‍ അതില്‍ സ്വാധീനമേറെയുള്ള സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പിന്തുണ ഏറെ നിര്‍ണ്ണായകമാണ്.കള്ളപ്പണക്കാര്യത്തിലെ ധാരണയാണ് ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാര്‍ തമ്മിലുള്ള ചര്‍ച്ചകളുടെ പ്രധാന ഫലം.

നികുതിയൊഴിവാക്കി രാജ്യത്തെ കബളിപ്പിച്ചിട്ടുള്ള ഭാരതീയരുടെ വിവരങ്ങള്‍ സ്വയം ലഭ്യമാക്കുന്ന സാങ്കേതിക സംവിധാനം നടപ്പില്‍ വരുത്താന്‍ കരാര്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ നടപടിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. വൈകാതെ കരാര്‍ നടപ്പിലാക്കുമെന്ന് നേതാക്കള്‍ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. കരാര്‍ വരുന്നതോടെ ഓട്ടോമാറ്റിക് വിവര കൈമാറ്റം നടക്കും.

വിനോദസഞ്ചാരം, വ്യവസായ സംരംഭകത്വം, നിക്ഷേപം, തൊഴില്‍ പരിശീലനം തുടങ്ങി വിവിധ മേഖലകളില്‍ ഭാരതത്തിനു മികച്ച നേട്ടമുണ്ടാക്കുന്ന ഒട്ടേറെ ധാരണകളിലും ഇരു രാജ്യങ്ങളും ഏര്‍പ്പെട്ടതായി സ്വിസ്സ് പ്രസിഡന്റ് ജൊഹാന്‍ ഷ്‌നീഡര്‍ അമ്മാനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ മോദി വിശദീകരിച്ചു. സമാധാനത്തിന്റെയും മാനവികതയുടെയും കാര്യത്തില്‍ സമാന മനസ്‌കരായ ഇരു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്നതാണ് ചര്‍ച്ചകളിലെ ധാരണകളെന്ന് നേതാക്കള്‍ പറഞ്ഞു.

രാജ്യത്തെ വ്യവസായ രംഗത്തേക്ക് സ്വിസ്സ് കമ്പനികള്‍ വരാന്‍ പ്രധാനമന്ത്രി മോദി ക്ഷണിച്ചു. വിവിധ കമ്പനികളുടെ തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി. ഭാരതത്തില്‍ സാങ്കേതിക നൈപുണ്യം നേടിയ 50 കോടി യുവജനങ്ങളുണ്ടെന്നും അവരെ വിനിയോഗിക്കാമെന്നും മോദി പറഞ്ഞു. ടൂറിസം മേഖലയില്‍ ഭാരതത്തിലേക്കു വരുന്ന സ്വിസ് പൗരന്മാര്‍ക്ക് ഇ വിസ ഏര്‍പ്പെടുത്തുമെന്ന് മോദി പ്രഖ്യാപിച്ചു.

ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദി ഭാരതീയരായ വിദ്യാര്‍ത്ഥികളെയും ശാസ്ത്രജ്ഞരേയും കണ്ടു ചര്‍ച്ചകള്‍ നടത്തി. ഇന്നലെ വൈകിട്ട് അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്ക ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സന്ദര്‍ശനത്തില്‍ നിര്‍ണ്ണായകമായ ഒട്ടേറെ ഔദ്യോഗിക ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകും.

Show More

Related Articles

Close
Close