വാഹന പരിശോധനയിൽ പോലിസുകാര് ‘സർ’ എന്നോ ‘സുഹൃത്ത്’ എന്നോ, സ്ത്രീയാണെങ്കിൽ ‘മാഡം’ എന്നോ ‘സഹോദരി’ വിളിക്കുക

11245473_444735269027713_6214666837514796165_n
ഡിജിപി ടി.പി. സെൻകുമാർ പുതിയ സർക്കുലറിറക്കി വാഹനപരിശോധനയിൽ പാലിക്കേണ്ട നടപടിയെക്കുറിച്ച്. വാഹനം ഓടിക്കുന്നയാൾ പുരുഷനാണെങ്കിൽ ‘സർ’ എന്നോ ‘സുഹൃത്ത്’ എന്നോ, സ്ത്രീയാണെങ്കിൽ ‘മാഡം’ എന്നോ ‘സഹോദരി’ എന്നോ അഭിസംബോധന ചെയ്യണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.

സർക്കുലറിലെ നിർദേശങ്ങൾ:

* വാഹനപരിശോധനയ്ക്കു ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ വിവരങ്ങൾ കൺട്രോൾ റൂമിൽ അറിയിക്കണം. ഒപ്പംതന്നെ ജില്ലാ പൊലീസ് മേധാവിമാരും ഇത് മനസിലാക്കി വയ്ക്കണം.

* ഇവരിൽ കൂടുതലായി മറ്റാരെയെങ്കിലും പരിശോധനയ്ക്ക് ഏർപ്പെടുത്തേണ്ടി വന്നാൽ അക്കാര്യം ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കണം.

* അനുവാദമില്ലാത്ത ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷണം നടത്തി നടപടിയെടുക്കണം.

* പരിശോധനയ്ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ കൈവശമുള്ള പണം കൺട്രോൾ റൂം ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകയും അവിടെ സൂക്ഷിക്കുകയും വേണം.

* ഹൈവേ പട്രോൾ വാഹനങ്ങളുടെ ചുമതലയുള്ളവർ പരിശോധന നടത്തുന്ന സ്ഥലവും സമയവും കൈവശമുള്ള പണത്തിന്റെ വിവരങ്ങളും ഹൈവേ അലർട്ട് കൺട്രോളിൽ (9846100100) അറിയിക്കണം. ഈ വിവരങ്ങൾ ഒരാഴ്ചവരെ സൂക്ഷിച്ചുവയ്ക്കണം.

* ഉദ്യോഗസ്ഥർ ശരിയായ വിധത്തിൽ യൂണിഫോം ധരിച്ചിരിക്കണം. ഷർട്ടിന്റെ ബട്ടൻസ് തുറന്നിടുക, തലയിൽ തൊപ്പി വയ്ക്കാതിരിക്കുക, അതല്ലെങ്കിൽ തൊപ്പി കക്ഷത്തിലോ, മറ്റെവിടെയെങ്കിലും വയ്ക്കുക തുടങ്ങിയ പ്രവണതകൾ ഒരു കാരണവശാലും പാടില്ല. അവരെ തിരിച്ചറിയാൻ സഹായിക്കുന്ന വിധത്തിൽ പേര്, ഉദ്യോഗപ്പേര് എന്നിവ യൂണിഫോമിൽ പ്രദർശിപ്പിക്കണം.

* ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ സ്പെഷൽ ബ്രാഞ്ച് മുഖാന്തിരവും അല്ലാതെയുള്ള വിവര ശേഖരണം വഴിയും ഈ നിബന്ധനങ്ങൾ പാലിച്ചാണോ വാഹന പരിശോധന നടക്കുന്നതെന്നും, അനധികൃതമായി പരിശോധന നടത്തുന്നുണ്ടോയെന്നും ഇടയ്ക്കിടെ നിരീക്ഷിക്കണം.

∙ ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളിൽ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്. ഇടുങ്ങിയ റോഡുകൾ, വളവുകൾ എന്നിവിടങ്ങളിൽ തികച്ചും അടിയന്തര സാഹചര്യമില്ലാതെ വാഹനപരിശോധന പാടില്ല.

* അപകടങ്ങൾ പരമാവധി കുറയ്ക്കുക എന്നുള്ളതാണ് വാഹനപരിശോധന കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അല്ലാതെ പെറ്റി കേസുകളുടെ എണ്ണം തികയ്ക്കുക എന്നതായിരിക്കരുത്.

* വാഹന അപകടങ്ങൾക്ക് കാരണമാകുന്ന കുറ്റകൃത്യങ്ങളായ പെട്ടെന്നുള്ള ‘U’ ടേൺ തിരിയൽ, അമിതവേഗത, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ്, ഗതാഗതസിഗ്നൽ ലംഘനം, അപകട സാധ്യതയുണ്ടാക്കുന്ന രീതിയിലുള്ള വാഹനം പാർക്ക് ചെയ്യൽ, രാത്രികാലങ്ങളിൽ ഹെഡ്‌ലൈറ്റിന്റെ തീവ്രത കുറയ്ക്കാതിരിക്കുക തുടങ്ങിയവയ്ക്കായിരിക്കണം പരിശോധനയിൽ മുൻഗണന നൽകേണ്ടത്.

* വാഹനം ഓടിക്കുന്നയാൾ പുരുഷനാണെങ്കിൽ ‘സർ’ എന്നോ ‘സുഹൃത്ത്’ എന്നോ, സ്ത്രീയാണെങ്കിൽ ‘മാഡം’ എന്നോ ‘സഹോദരി’ എന്നോ അഭിസംബോധന ചെയ്യണം.

* പരിശോധന നടത്തുന്ന സമയം വളരെ മാന്യമായ രീതിയിൽ പെരുമാറണം. വിശേഷിച്ചും, സ്ത്രീകൾ മാത്രമായോ കുടുംബാംഗങ്ങളോടൊപ്പമോ അല്ലെങ്കിൽ മുതിർന്ന പൗരന്മാർ മാത്രമായോ വാഹനം ഓടിച്ചുപോകുന്ന സന്ദർഭങ്ങളിൽ ഒരു കാരണവശാലും അനാവശ്യ ബുദ്ധിമുട്ടുകൾക്ക് വിധേയരാക്കരുത്. ഗതാഗത സുരക്ഷയ്ക്കുള്ള ലഘുലേഖകൾ നൽകി അവരെ ഗതാഗത സുരക്ഷയെപ്പറ്റി ബോധവാന്മാരാക്കാവുന്നതാണ്.

* പരിശോധനാവേളയിൽ കണ്ടെത്തിയ നിയമലംഘനം എന്താണെന്നും, അതിന് നിയമപരമായി അവർ ഒടുക്കേണ്ട പിഴ എന്താണെന്നും, മോട്ടോർ നിയമത്തിലെ ഏത് സെക്‌ഷൻ പ്രകാരമാണ് പിഴ ചുമത്തിയതെന്നും, തൽസമയം പിഴയടയ്ക്കാതെ കോടതിയിൽ പോകാൻ താൽപര്യമുണ്ടെങ്കിൽ അവർക്ക് അതിന് അവകാശമുണ്ടെന്നും അറിയിക്കണം.

* പരിശോധനയ്ക്കിടയിൽ ഒരു കാരണവശാലും ആത്മനിയന്ത്രണം വിട്ടുകൊണ്ട് യോഗ്യമില്ലാത്ത രീതിയിൽ പെരുമാറാനോ ആരെയും ദേഹോപദ്രവം ഏൽപ്പിക്കുവാനോ പാടുള്ളതല്ല. കഴിയുന്നത്ര സന്ദർഭങ്ങളിൽ ഇത്തരം സംഭവങ്ങൾ മൊബൈൽ ഫോണിലോ, കൈവശമുള്ള വിഡിയോ ക്യാമറകളിലോ പകർത്താവുന്നതാണ്.

* ഉദ്യോഗസ്ഥനെ അപമാനിക്കുന്ന രീതിയിലും ദേഹോപദ്രവം ഏൽപ്പിക്കുന്ന രീതിയിലും ഉള്ള പെരുമാറ്റം ഉണ്ടായാൽ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് നിയമാനുസൃതമായ നടപടി കൈക്കൊള്ളണം.

* തികച്ചും നിയമാനുസൃതവും സുതാര്യവുമായ രീതിയിലായിരിക്കണം പൊലീസുദ്യോഗസ്ഥർ വാഹനപരിശോധനാ വേളയിൽ പെരുമാറേണ്ടത്. നിയമപരമല്ലാതെ അനാവശ്യമായി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതും വാഹനം ഓടിക്കുന്നവർക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുൽസാഹപ്പെടുത്തണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close