400 സ്‌കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ 10 കിലോയുള്ള ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍.

400 ഓളം കുട്ടികളെ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് രക്ഷിക്കാന്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ബോംബും തോളിലേന്തി ഓടിയത് ഒരു കിലോമീറ്റര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ  ചിത്തോറ ഗ്രാമത്തില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയതായിരുന്നു ഹെഡ്കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലും മറ്റ് പോലീസുകാരും. ബോംബ് കണ്ടെത്തിയ ഉടനെ മുന്നും പിന്നും നോക്കാതെ അത് തോളിലേന്തി അഭിഷേക് പട്ടേല്‍ ഓടുകയായിരുന്നു. സ്‌കൂളില്‍ നിലയുറപ്പിച്ച വാര്‍ത്താ സംഘമാണ് ബോംബുമായി കോണ്‍സ്റ്റബിള്‍ ഓടുന്നത് ആദ്യം കാണുന്നത്.

ജനസംഖ്യ കൂടുതലുള്ള പ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ ബോംബ് പൊട്ടിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കും. ഇതാണ് അഭിഷേകിനെ ജീവന്‍ മറന്നുള്ള പ്രവൃത്തിക്ക് പ്രേരിപ്പിച്ചത്. വിവരം കൈമാറിയ ആളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. സ്വയം മറന്നുള്ള ഈ കര്‍ത്തവ്യ ബോധത്തിന് ധീരതയ്ക്കുള്ള അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഐജി അനില്‍ സക്സേന അറിയിച്ചു.

ബോംബ് പൊട്ടുകയാണെങ്കില്‍ അരകിലോമീറ്റര്‍ പരിധി വരെ അതിന്റെ ആഘാതമുണ്ടാകുമെന്ന തിരിച്ചറിവാണ് ബോംബും തോളിലേന്തി ഓടാന്‍ കാരണം. ‘കുട്ടികള്‍ക്ക് യാതൊരു പരിക്കുമേല്‍ക്കാത്ത ദൂരെ ഒരിടത്തേക്ക് ബോംബ് മാറ്റണമെന്നത് മാത്രമായിരുന്നു എന്റെ ഉള്ളില്‍’, അഭിഷേക് പട്ടേല്‍ തുറന്നു പറയുന്നു.

Show More

Related Articles

Close
Close