കാര്‍ത്ത്യായനി അമ്മയ്ക്ക് ലാപ്‌ടോപ്പ് സമ്മാനിച്ച് വിദ്യഭ്യാസ മന്ത്രി; സന്തോഷം കൊണ്ട് തുള്ളിച്ചാടി അമ്മ

 

സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മയ്ക്ക് ലാപ്‌ടോപ്പ് സമ്മാനിച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. കാര്‍ത്ത്യായനിയമ്മയെ അനുമോദിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി ലാപ്‌ടോപ്പ് സമ്മാനിച്ചത്.

സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ അക്ഷരലക്ഷം തുല്യതാ പരീക്ഷയില്‍ 96ാം വയസ്സില്‍ 98 മാര്‍ക്ക് നേടി ഒന്നാം റാങ്ക് നേടിയ ആലപ്പുഴ സ്വദേശിനി കാര്‍ത്യായനിയമ്മ നേരത്തെ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

അക്ഷരലക്ഷം പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന ചടങ്ങില്‍ കാര്‍ത്ത്യായനിയമ്മ കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ലാപ്‌ടോപ്പ് കിട്ടിയ ഉടന്‍ തന്നെ കാര്‍ത്യായനിയമ്മ ഇംഗ്ലീഷില്‍ തന്റെ പേര് ടൈപ്പ് ചെയ്തു കാണിച്ചു. അടുത്ത വര്‍ഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും അവര്‍ മന്ത്രിയോട് പങ്കുവച്ചു.

25000 രൂപ വില വരുന്ന ലാപ്‌ടോപ്പാണ് മന്ത്രി കാര്‍ത്ത്യായനി അമ്മയ്ക്ക് സമ്മാനിച്ചത്. ഹരിപ്പാട് വഴി പോകുന്ന വഴിക്കാണ് കാര്‍ത്ത്യായനി അമ്മയുടെ വീട് അടുത്താണെന്ന് മന്ത്രി അറിയുന്നത്.

വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രി അഭിനന്ദനം അറിയിച്ചതോടെ കാര്‍ത്ത്യായനി അമ്മയ്ക്കും സന്തോഷം. അടുത്ത വര്‍ഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹം വിദ്യാഭ്യാസ മന്ത്രിയോടും കാര്‍ത്ത്യായനി അമ്മ അവര്‍ത്തിച്ചു. കൂടുതല്‍ പഠിക്കണോയെന്ന മന്ത്രിയുടെ ചോദ്യത്തിന് ആദ്യം പത്താം ക്ലാസ് കഴിയട്ടെയെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. മറ്റെന്താണ് ആഗ്രഹം എന്ന് ചോദിച്ച മന്ത്രിയോട് ആരെങ്കിലും കമ്പ്യൂട്ടര്‍ വാങ്ങി തന്നാല്‍ പഠിക്കണമെന്ന് മറുപടി.

എങ്കില്‍ ഒരു കമ്പ്യൂട്ടര്‍ തന്നാലോ എന്ന മന്ത്രിയുടെ ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം, ‘സന്തോഷം’. ഇതോടെ വിദ്യാഭ്യാസ മന്ത്രി കൈയ്യില്‍ കരുതിയിരുന്ന ലാപ്‌ടോപ് മുത്തശ്ശിക്ക് സമ്മാനിക്കുകയായിരുന്നു.

പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, എസ്‌ഐഇടി ഡയറക്ടര്‍ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Show More

Related Articles

Close
Close