പ്രതിപക്ഷം ഇന്ന് ഗവര്‍ണറെ കാണും

മുഖ്യമന്ത്രിക്കടക്കം എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ വെളിച്ചത്തില്‍, വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതൃത്വം ഇന്ന് ഗവര്‍ണറെ കാണും. സോളാര്‍, ബാര്‍ കോഴ വിഷയങ്ങളില്‍ അഴിമതി ആരോപണത്തിന്‍െറ പശ്ചാത്തലത്തിലാണ് ആവശ്യം.  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തില്‍ കക്ഷിനേതാക്കള്‍ രാവിലെ 11നാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ കാണുന്നത്.  ജനമധ്യത്തില്‍ അപഹാസ്യമായ സര്‍ക്കാറിനുവേണ്ടി നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നും അഭ്യര്‍ഥിക്കും. ഗവര്‍ണര്‍ എത്തിയാല്‍ പ്രതിപക്ഷ പ്രതിഷേധം ഉയരാനാണ് സാധ്യത. ഫെബ്രുവരി 12ലെ മുഖ്യമന്ത്രിയുടെ ബജറ്റിന് എതിരെയും പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ് എല്‍.ഡി.എഫ്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനോട് പുറംതിരിഞ്ഞുനിന്ന കോട്ടയത്ത് പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നേട്ടം ലക്ഷ്യമിട്ട് റബര്‍ വിലയിടിവ് ഉയര്‍ത്തി ബുധനാഴ്ച ഹര്‍ത്താലും നടത്തും. അഴിമതിയും ജനകീയ വിഷയങ്ങളും ഒരേസമയം ഉയര്‍ത്തി യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുകയാണ് ലക്ഷ്യം. റബര്‍ കര്‍ഷക വോട്ടുബാങ്ക് നിയന്ത്രിക്കുന്ന കേരള കോണ്‍ഗ്രസ്-എമ്മിനും ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ് എല്‍.ഡി.എഫ് നീക്കം.

ബാര്‍ കോഴയില്‍ ഇരട്ട നീതി ആക്ഷേപിച്ച മാണി ഗ്രൂപ് റബര്‍ വിലയിടിവിനെതിരെ ഒറ്റക്ക് നിരാഹാര സമരം നടത്തിയിരുന്നു. റബര്‍ പുനരുജ്ജീവന പദ്ധതിക്ക്500 കോടി അനുവദിച്ചെന്നും ഇറക്കുമതി പരിമിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചെന്നും ജോസ് കെ. മാണി കേന്ദ്രമന്ത്രിയെ കണ്ടശേഷം പ്രസ്താവിച്ചിരുന്നു. എന്നാല്‍,  ഒരു ഉറപ്പും നല്‍കിയിട്ടില്ളെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയതോടെ കേരള കോണ്‍ഗ്രസ് -എമ്മാണ് പ്രതിസന്ധിയിലായത്. മാണി ഗ്രൂപ്പിനോട് രാഷ്ട്രീയ കൂട്ടുകെട്ടിന് സാധ്യത അന്വേഷിച്ച ബി.ജെ.പിക്കും ഇത് തിരിച്ചടിയായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close