നൂറാം നിറവില്‍ നമ്മുടെ സ്വന്തം പി എസ്

ഒരാള്‍ ,ഒരേ ഒരു മനുഷ്യന്‍, പല രംഗങ്ങളില്‍ ഒരുപോലെ ശോഭിക്കുകയെന്നാല്‍ അതപൂര്‍വമാണ്. എന്നാല്‍ അങ്ങനെയൊരാള്‍ നമുക്കിടയില്‍ ഇങ്ങനെ പാറിപ്പറന്നു നടക്കുന്നു. പൊതുരംഗത്തുള്ളവരെല്ലാം ഒരുപോലെ മാതൃകയാക്കി മാറ്റാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരന്‍ , ബി  ജെ പിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍, ദേശീയ നിര്‍വാഹക സമിതി അംഗം, താനെഴുതിയ  നൂറു പുസ്തകങ്ങളില്‍ക്കൂടി  ചിന്തയുടെയും ,അറിവിന്‍റെയും , ലോകം ഇങ്ങനെയുമാകാം എന്ന് കാട്ടിത്തരുന്ന എഴുത്തുകാരന്‍ , കേരളത്തിലെ മികച്ച പത്തു അഭിഭാഷകരില്‍ മുന്‍പന്‍.  കേരള ഹൈക്കോടതിയിലെ സി ബി ഐ യുടെ  സീനിയര്‍ സ്റ്റാന്‍റ്റിംഗ് കൌണ്‍സില്‍ ,കേന്ദ്ര സര്‍ക്കാരിന്‍റെ അസിസ്റ്റന്റ്‌ സോളിസിറ്റര്‍ ജനറല്‍ ,എല്‍ ഡി എഫ്-യു ഡി എഫ് ഭരണകാലത്തു പോലും 13 പ്രമാദമായ  കേസുകളില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍,  കോഴിക്കോട് ബാര്‍ അസോസിയേഷന്‍റെ ചരിത്രത്തിലെയേറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്‌ (1995), കേരള ബുക്ക്‌ സെല്ലേഴ്സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍. കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കോളേജ് മാഗസിന്‍ എഡിറ്റര്‍, കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ , 1984 മുതല്‍ പത്ത് വര്‍ഷക്കാലം കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, എ ബി വി പി സംസ്ഥാന സെക്രട്ടറി.

ഇവിടങ്ങളിൽ തുടങ്ങി ഒരേ സമയം എഴുതുവാനും ,വായിക്കുവാനും ,അഭിഭാഷകവൃത്തിയിൽ ശോഭിക്കുവാനും ,ചാനൽ ചർച്ചകളിൽ ശരിയുടെ വക്താവാകുവാനും ,എങ്ങനെ സാധിക്കുമെന്നന്വേഷിക്കുമ്പോൾ ആണ് അഡ്വ: പി എസ് ശ്രീധരൻപിള്ള എന്ന ബഹുമുഖ പ്രതിഭയുടെ പോളീ ലൂപ് മനസ്സിലാകുന്നത് .

ചെങ്ങന്നൂരില്‍ വച്ച് വിദ്യാര്‍ഥി ആയിരിക്കെ കേസരി വിതരണം ചെയ്യാന്‍ സൈക്കിളിള്‍ ചവിട്ടി നടന്ന കാലം മുതിര്‍ന്നവര്‍ ഇന്നും  ഓര്‍ക്കുന്നു. അക്കാലത്തു രാഷ്ട്രീയ സ്വയം സേവകസംഘത്തിലൂടെ കടന്നുവന്നതിനു ശേഷം , ജനസംഘത്തിന്റെ സ്ഥാനീയ സമിതി അംഗം ആയി കടന്നുവന്നാണ് പി എസ് ശ്രീധരന്‍പിള്ള പൊതു പ്രവര്‍ത്തനത്തില്‍ എത്തുന്നത്‌ .

പി എസ് വെണ്മണി എന്ന തൂലികാനാമത്തിലൂടെ വന്നു മലയാളിയുടെ സ്വന്തം പി എസ് ആയി മാറിയ യാത്ര നമുക്കത്രമേല്‍ പരിചിതമാവില്ല. പക്ഷെ ഒന്നുണ്ട് ,ആ വഴികള്‍ പിന്തുടരാന്‍ ഒരു തലമുറ ഉണ്ടായാല്‍ , അവരില്‍ മാന്യതയുടെയും മനുഷ്യത്വത്തിന്റെയും അളവല്‍പ്പവും കുറയില്ല എന്നുറപ്പ്. അക്കാലത്ത് എഴുതിയ കവിതകള്‍ ,സുഹൃത്തിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു തുടങ്ങിയ യാത്ര ഇന്നു നൂറില്‍ എത്തുമ്പോള്‍ ഓരോ പുസ്തകങ്ങള്‍ക്കൊപ്പവും നമ്മുടെ ജീവിത യാത്രയിലെ വിവിധ ഏടുകള്‍ക്കാണാം.

ചരിത്രവും പുസ്തകങ്ങളും :

പുന്നപ്ര -വയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍ വായിക്കുമ്പോള്‍  ,തൊഴിലാളി വര്‍ഗത്തിനെ ,അവരുടെ ജീവിതങ്ങളെ ,അന്നത്തെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിയില്‍ അവന്‍ നേരിട്ട അനുഭവങ്ങളെ കോറിയിടുന്നത് കാണാം. വിളക്കുകാലുകള്‍ എവിടെ എന്ന പുസ്തകത്തിലെ ആശയങ്ങള്‍ ശരിയും ,നല്ലതുമെന്ന്  കേരളത്തിന്‍റെ പുണ്യമായ സാഹിത്യകാരന്‍ ശ്രീ എം ടി വാസുദേവന്‍നായര്‍ പറഞ്ഞതും ഓര്‍ക്കുക. ചരിത്ര വസ്തുതകള്‍ മായം ചേര്‍ക്കാതെ നൂറു ശതമാനം സത്യസന്ധമായി രേഖപ്പെടുത്തി പുതിയ തലമുറയ്ക്ക് കൈമാറേണ്ടത് രാജധര്‍മ്മവും ,നാടിന്‍റെ കടമയും ആണ്. ചരിത്രത്തിന്‍റെ കണ്ടെത്തല്‍ വര്‍ത്തമാന സമൂഹത്തിന്‍റെ കടമയാണ്,അതുതന്നെയാണല്ലോ നേര്‍വഴിയിലേക്കുള്ള പുതു തലമുറക്കുള്ള ചൂണ്ടുപലകയും.

പുന്നപ്ര-വയലാർ സമരത്തിന്റെ കാണാപ്പുറങ്ങൾ, ഒരു ഓർമ്മപ്പെടുത്തൽ, വിഭജനത്തിന്റെ നൂറ്റാണ്ട് ,മണ്ഡേല മുതൽ അഴീക്കോട് വരെ ,പാക്കിസ്ഥാൻ ബലൂച് – മൊഹാ ജീർ പ്രശ്നങ്ങളും ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ചരിത്ര വിഭാഗത്തിൽ രചിച്ചിരിക്കുന്നു.

നിയമ പുസ്തകങ്ങള്‍ കൈകാര്യം ചെയ്യുന്ന അതെ മനസ്സോടെ ഒരാള്‍ മാനസിക സമ്മര്‍ദ്ധങ്ങളെ നിത്യജീവിതത്തില്‍ എങ്ങനെ അതിജീവിക്കാം,അതിലൂടെ ജീവിത വിജയം എങ്ങനെ നേടാമെന്നും എഴുതുന്നു.

മഹാകവി ഉള്ളൂരിന്റെ വാക്കുകളിലൂടെ ഔദ്ധത്യം ഹൃദയത്തിലെ കുഷ്ഠ രോഗമാണ് എന്ന് മലയാളി മനസ്സിലാക്കിയ അതേയിടത്ത്  നിന്ന് സമൂഹത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന  അനുചിതവും അനവസരത്തിലുമുള്ള ചില അഭിപ്രായങ്ങള്‍ക്ക് നേരെ അദ്ദേഹം തന്‍റെ എഴുത്തിലൂടെ പ്രതികരിച്ചതും നാം കണ്ടു.

ഒരു പക്ഷെ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ ധന്യമാക്കിപ്പോന്നിട്ടുള്ള മത സഹിഷ്ണുതയും ,സമാധാനവാന്ച്ചയും , “സത്യംവദ ,ധര്‍മ്മം ചര “എന്ന തൈത്തീരിയ ഉപനിഷത്തിലെ ആദര്‍ഷ സൂക്തവും  ,ഒരു അഭിഭാഷകന്‍ എന്ന നിലയിലും ,എഴുത്തുകാരന്‍,പൊതുപ്രവര്‍ത്തകന്‍  എന്ന നിലയിലും പുലര്‍ത്താന്‍ കാണിക്കുന്ന നിര്‍ബന്ധം അദ്ദേഹത്തിന് ശക്തിയാവുന്നുണ്ടാകാം.

നിയമത്തിൽ 18 പുസ്തകങ്ങൾ ഉളളതിൽ “ഷാ കമ്മീഷൻ ഓൺ എമർജൻസി ” ,നീതി തേടുന്ന കുറ്റവും ശിക്ഷയും ,പൊതു സിവിൽ കോഡ് എന്ത്? എന്തിന്? ഭരണഘടന പുനരവലോകനത്തിന്റെ പാതയിൽ എന്നിവ നിയമവൃത്തങ്ങളിലും ,പൊതു സമൂഹത്തിലും ചലനങ്ങൾ സൃഷ്ടിച്ചതാണ്.

ചരിത്രം തിരികെ ഒഴുകാത്ത ഗതിപ്രവാഹമായതുകൊണ്ട് യഥാസമയം ആവശ്യമുള്ളതൊക്കെ കോരിയെടുത്തു സൂക്ഷിച്ചു വക്കേണ്ടതുണ്ട് എന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ” യുവമോര്‍ച്ചയുടെ സംസ്ഥാന നേതൃ ശില്‍പശാലയില്‍”  കേരളത്തിലെ യുവജനങ്ങളുടെ പ്രതിനിധികളോട് അദ്ദേഹം പറഞ്ഞത്. തങ്ങള്‍ ഏറെ സ്നേഹിക്കുന്ന ഒരു പ്രധാന അദ്ധ്യാപകന്റെ മുന്‍പില്‍ , പകര്‍ന്നു കിട്ടിയത് മുഴുവന്‍ ഒരു നല്ല നാളെക്കായി കോറിയിടാന്‍ വെമ്പുന്ന എന്‍റെ സഹോദരങ്ങളെ ഞാനവിടെ കണ്ടു.

രാജനൈതിക രംഗത്ത് യുവജനങ്ങൾക്ക് അറിവിന്റെ അക്ഷയഖനി തുറന്നിടുന്ന രാഷ്ട്രീയ ലേഖനങ്ങൾ, രാഷ്ട്രീയ ഡയറിയും എടുത്തുപറയത്തക്ക പ്രാധാന്യമുള്ളവയാണ്.

എന്തിന് അടിയന്തിരാവസ്ഥയെന്ന ഇന്നത്തെ തലമുറയുടെ  ചോദ്യത്തിന് മറുപടി നല്‍കുന്നത്തില്‍ തന്റെ കൃതിയിലൂടെ അദ്ദേഹം വിജയിച്ചിരിക്കുന്നു. അപ്പോളാണ് ” ഒഞ്ചിയം ഒരു മരണ വാറണ്ട് എന്ന പുസ്തകം ” കെ പി സി സി പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാകുന്നത്.  തന്റെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമ്പോള്‍ പോലും ,ഏവര്‍ക്കും സ്വീകാര്യനായി മാറാന്‍, ആ സ്വീകാര്യത നിലനിര്‍ത്താന്‍ ആര്‍ക്കു സാധിക്കും.

കവിതകള്‍ :

എം ടി വാസുദേവന്‍നായരുടെ ആമുഖത്തോടെ പ്രസിദ്ധീകരിച്ച ” കാലദാന “ത്തില്‍ തുടങ്ങിയ കവിതകളുടെ എഴുത്ത് ബോണ്‍സായും , ഉദകുംഭവും, നോവും നനവും  ഒക്കെ കടന്ന് ഇങ്ങെത്തിയപ്പോള്‍ പി എസ് നമ്മെ ചിന്തിപ്പിക്കുന്നു. എങ്ങനെ പറ്റുന്നു ഇങ്ങനെയൊക്കെ. സാക്ഷരകേരളം  കക്ഷി രാഷ്ട്രീയത്തിന്‍റെയും ,വിവധ കാഴ്ച്ചപ്പാടുകളുടെയും കണ്ണട മാറ്റിവച്ച് എഴുത്തിന്‍റെ മേഖലയിലും എന്നെ ഉള്‍ക്കൊള്ളുകയും പിന്തുണക്കുകയും ചെയ്തതുകൊണ്ടാണ് സാഹിതിക്കായി എളിയ സംഭാവന വാക്കുകളുടെ രൂപത്തില്‍ അര്‍പ്പിക്കാന്‍ തനിക്കായിട്ടുള്ളതെന്ന ആ വാക്കുകള്‍ ഇവിടെ ഓര്‍ത്തുപോകുന്നു.

വൈവിധ്യമാര്‍ന്ന കര്‍മ്മമണ്ഡലങ്ങള്‍: കബഡി-ചെസ്സ്‌ ,ആട്യാ-പാട്യാ ,ബ്രിഡ്ജ് ഗെയിംസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടവയുടെ നേതൃത്വം വഹിക്കുകയും , ഒപ്പം തന്നെ മനുഷ്യാവകാശപ്രസ്ഥാനമായ വിജിലിന്റെ സ്ഥാപകനും ,ഇപ്പോഴത്തെ ജനറല്‍സെക്രട്ടറിയുമൊക്കെയായി നിലകൊള്ളുമ്പോള്‍  രാഷ്ട്രീയം വൈരുദ്ധ്യങ്ങളുടെ അരങ്ങല്ല , വൈവിദ്ധ്യങ്ങളുടെ വേദിയാണെന്നും പറഞ്ഞു തന്റെ കര്‍മ്മമേഖലയില്‍ ഇനിയുമുള്ള എന്തിനെയോ കാത്തിരിക്കുന്നു അദ്ദേഹം.

ഇന്നും തന്റെ വരുമാനത്തിന്‍റെ ഒരു പങ്കും,തനിക്കു റോയല്‍റ്റി ഇനത്തില്‍ കിട്ടുന്ന തുകയും  പഴയകാല സാമൂഹിക- സാംസ്കാരിക -പത്ര മേഖലകളിലെ ആളുകളുടെ ജീവിതക്രമം എന്നും തളരാതെ സൂക്ഷിക്കാനായി നല്‍കുന്നത് നേരറിവുള്ള കാര്യമാണ്. വ്യക്തിഹത്യ നടത്തിയുള്ള നിലപാടുകള്‍ സ്വീകരിക്കാതെയുള്ള പ്രവര്‍ത്തന രീതി ,പൊതു സമൂഹത്തില്‍ അഭിനന്ദനത്തിനു ഇടയാക്കിയിട്ടുണ്ട്.

നിയമ വഴിയില്‍ 120 ഓളം ജൂനിയര്‍ അഭിഭാഷകര്‍ ,അതില്‍ നിന്നും ജില്ലാ ജഡ്ജിമാര്‍ ആയവര്‍, 14 ജില്ലാക്കോടതികളിലും, ഹൈക്കോടതിയിലും സജീവം. സാഹിത്യത്തില്‍ ഉള്‍പ്പടെ 28 അവാര്‍ഡുകള്‍ ,സാധാരണക്കാരന്‍ മുതല്‍ ,പ്രധാനമന്ത്രിയും,രാഷ്ട്രപതിയും വരെ പങ്കെടുത്ത പുസ്തക പ്രസാധനങ്ങള്‍, ഒരു യഥാർത്ഥ പൊതുപ്രവർത്തകന്റെ മികച്ച പോളീ ലൂപ്പിന് ഇതിനും മികച്ച ഉദാഹരണങ്ങൾ അപൂർവ്വം

കുറിപ്പ്:

SREERAJ  SREEVILASAM (ഡിഎൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ്, യുവമോർച്ച മീഡിയാ സെൽ സംസ്ഥാന കൺവീനർ ,സംസ്ഥാന കമ്മറ്റിയംഗം)

Show More

Related Articles

Close
Close