കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികളെ നടി തിരിച്ചറിഞ്ഞു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികളെ നടി തിരിച്ചറിഞ്ഞു. ആലുവാ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ സിനിമ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് നടിയെത്തിയത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങില്‍ പങ്കുചേര്‍ന്ന ശേഷമാണ് പ്രതികളെ തിരിച്ചറിയാനായി ആലുവയിലേക്ക് തിരിച്ചത്.

പ്രതികളായ മാര്‍ട്ടിന്‍, മണികണ്ഠന്‍, പ്രദീപ്, വടിവാള്‍ സലീം എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണ് നടന്നത്. ആലുവാ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങള്‍. ജയിലിനുള്ളില്‍ സജ്ജീകരിച്ച പ്രത്യേക മുറിയിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. മറ്റു തടവുകാര്‍ക്കൊപ്പം പ്രതികള്‍ നാലു പേരെയും ഇടകലര്‍ത്തി നിര്‍ത്തിയ ശേഷമായിരുന്നു പരേഡ്.

കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പിടികൂടിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല. കോടതിയിലെ നാടകീയ രംഗങ്ങളെ തുടര്‍ന്ന് ഇവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണിത്. തിരിച്ചറിയല്‍പരേഡിനായി പ്രത്യേക സുരക്ഷയോടെയാണ് നടിയെ കൊച്ചിയില്‍ നിന്ന് ആലുവ സബ്ജയിലില്‍ എത്തിയത്.

3.20നാണ് നടി ഇവിടെ എത്തിയത്. മൂന്നരയോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി 4.50ഓടെ നടി ജയിലിന് പുറത്തുവന്നു. നടി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും തിരിച്ചറിയല്‍ പരേഡ് നടക്കുന്നതിനാല്‍ തീരുമാനം മാറ്റിയിരുന്നു. ഇത് പിന്നീട് നടി അറിയിക്കുകയും ചെയ്തു.

മാധ്യമങ്ങളെ കാണുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് അന്വേഷണ സംഘം നടിയെ ബന്ധപ്പെട്ടിരുന്നു. തിരിച്ചറിയല്‍ പരേഡിന് മുന്‍പായി മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. നാളെ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നാണ് പുതിയ തീരുമാനം. നടി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിച്ചിരുന്നു.

Show More

Related Articles

Close
Close