നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ക്വട്ടേഷനല്ല

സുനി നടിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനല്ല, സ്വന്തം പദ്ധതിയായിരുന്നുവെന്ന് പള്‍സര്‍ സുനി. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു പദ്ധതിയെന്നും ആലുവ പൊലീസ് ക്ലബിലെ ചോദ്യംചെയ്യലില്‍ സുനി പറഞ്ഞതായി സൂചന . എന്നാല്‍ അതിക്രമിച്ചു നടിയുടെ കാറില്‍ കയറിയ സുനി പറഞ്ഞത് ഒരു ക്വട്ടേഷനാണ്, കുറച്ചു ദൃശ്യങ്ങള്‍ പകര്‍ത്തണം സഹകരിച്ചാല്‍ രണ്ടു മൂന്നു മിനിറ്റു കൊണ്ട് വിട്ടയയ്ക്കാമെന്നായിരുന്നു.

എന്തായിരുന്നു ക്വട്ടേഷന്‍?, ആരാണ് ക്വട്ടേഷന്‍ നല്‍കിയത്? തുടങ്ങി പൊലീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ആദ്യം ഉത്തരം മുട്ടിയെങ്കിലും അതു നടിയെ ഭയപ്പെടുത്താന്‍ പറഞ്ഞതെന്നാണ് സുനി മൊഴിനല്‍കിയത്. ഒരുമാസമായി നടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയിട്ട് അവസരം കാത്തിരിക്കുകയായിരുന്നു. തന്ത്രപരമായി നടിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മുമ്പുശ്രമിച്ചെങ്കിലും നടന്നില്ല. ഗോവയ്ക്ക് നടിയെയുംകൊണ്ട് ഷൂട്ടിങ്ങിനുപോയപ്പോള്‍ ഇതിനുശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. ആളെ മനസ്സിലാക്കാതെ മുഖംമറച്ച് പദ്ധതി നടപ്പാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ നടിക്ക് ആളെ മനസ്സിലായി. തുടര്‍ന്ന് എന്തുംവരട്ടെയെന്ന് തീരുമാനിച്ച് പദ്ധതി നടപ്പാക്കുകയായിരുന്നുവെന്നും സുനി പറഞ്ഞു.

എ.ഡി.ജി.പി. ബി. സന്ധ്യ, ഐ.ജി. ദിനേന്ദ്രകശ്യപ്, ഐ.ജി. പി. വിജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സുനി പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും പോലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അറസ്റ്റിലായ മറ്റു പ്രതികളെയും സുനിലിനെയും പ്രത്യേകം മുറികളിലാണു ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. മറ്റു പ്രതികള്‍ സമാനമായി പറഞ്ഞ പല കാര്യങ്ങള്‍ക്കും വിരുദ്ധമായ മൊഴികളാണു സുനില്‍ പറയുന്നത്.

എറണാകുളം എ സി ജെ എം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിയെ പോലീസ് കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്ത ശേഷമാണ് ചോദ്യം ചെയ്തത്. കോടതിയില്‍ നിന്നും സുനിയെ ആലുവ പോലീസ് ക്ലബിലാണ് എത്തിച്ചത്. അതിന് ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. പള്‍സര്‍ സുനിക്കൊപ്പം കൂട്ടാളിയായ വിജീഷും പിടിയിലായിട്ടുണ്ട്.

Show More

Related Articles

Close
Close