ഭീകരവാദത്തെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങൾ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ബഹ്‍റൈൻ

ഭീകരവാദത്തെ പ്രതിരോധിക്കാൻ സഹനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മൂല്യങ്ങൾ പ്രചരിപ്പിക്കാൻ അറബ് രാജ്യങ്ങൾ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ബഹ്റൈൻ. വെറുപ്പിന്‍റെ സന്ദേശങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും ബഹ്‍റൈൻ വാർത്താവിതരണ മന്ത്രി അലി അൽ റൊമൈഹി ആവശ്യപ്പെട്ടു.

വെറുപ്പ് പ്രചരിപ്പിച്ച് അക്രമം സൃഷ്ടിക്കുന്നവർക്കെതിരേ ലോകം  കരുതിയിരിക്കണമെന്ന് ബഹ്‍റൈൻ വാർത്താവിതരണ മന്ത്രി അലി അൽ റൊമൈഹി ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങൾ ഇതിനെതിരേ പെരുമാറ്റച്ചട്ടം തന്നെ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടത്തിന്‍റെ സഹായത്തോടെ യുവജനങ്ങളെ ഉപയോഗിച്ച് നന്മയുടെ വഴിയിലൂടെ തിൻമയെ തോൽപ്പിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി യുവജനങ്ങൾക്കിടയിൽ വ്യാപകമായ ബോധവത്കരണം സൃഷ്ടിക്കണം. സഹനത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മൂല്യങ്ങൾ ഇലക്ട്രോണിക്സ് മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. ദേശത്തിന്‍റേയും വംശത്തിന്‍റേയും മതത്തിന്‍റേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ അതിലൂടെ ഫലപ്രദമായി ചെറുക്കാൻ കഴിയും. കൂടാതെ, തീവ്രവാദത്തേയും ഭീകരവാദത്തേയും ഏതെങ്കിലും തരത്തിൽ സഹായിക്കുന്ന ഒന്നും മാദ്ധ്യമങ്ങളിൽ ഉൾപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും വെണമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതികതയുടെ വരവോടെ പ്രാദേശികവും അന്തർദേശീയവുമായ മാദ്ധ്യമമേഖല അതിവേഗം വളരുകയാണ്. ഇത് മനുഷ്യന് കരുത്ത് പകരുന്നതിനൊപ്പം വെല്ലുവിളിയും ഉയർത്തുന്നുണ്ട്. വെറുപ്പ് പടർത്തുന്ന ആശയങ്ങൾ ഇതിലൂടെ പ്രചരിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാദ്ധ്യമങ്ങളെ സംസ്കാരവും പൈതൃകവും മൂല്യങ്ങളും ശരിയായ അറിവും സംരക്ഷിക്കാൻ ഉപയോഗിക്കുന്നതിനൊപ്പം ഭീകരവാദത്തേയും വിഭാഗീയ പ്രവർത്തനങ്ങളേയും ചെറുത്ത് രാഷ്ട്ര പുരോഗതിക്ക് വിനിയോഗിക്കണമെന്നും അലി അൽ റൊമൈഹി ആഹ്വാനം ചെയ്തു.

Show More

Related Articles

Close
Close